'എന്റെ പൊന്നേ ഇതെന്തൊരു വില'; വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. സ്വര്‍ണം ഗ്രാമിന് ഇന്ന് സംസ്ഥാനത്ത് 30 രൂപ ഉയര്‍ന്ന് 7,555 രൂപയായി. ഇതോടെ സ്വര്‍ണം പവന് വില 240 രൂപ ഉയര്‍ന്ന് 60,440 രൂപയായി. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6,182 രൂപയായി.

ഇതോടെ സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണം പവന് വില 49,456 രൂപയായി ഉയര്‍ന്നു. വെള്ളി വിലയും ഇന്ന് മുന്നോട്ടാണ്. ഗ്രാം വില ഒരു രൂപ വര്‍ധിച്ച് വീണ്ടും 99 രൂപയിലേക്കെത്തി. രാജ്യാന്തര സ്വര്‍ണവില ഇന്നലെ നേരിയ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും ഇന്ന് ഔണ്‍സിന് 2,776.92 ഡോളറിലേക്ക് ഉയര്‍ന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീവ്ര വ്യാപാര, തീരുവ നയങ്ങള്‍ തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും കൂടിയേക്കാം. ട്രംപ് അധികാരമേറ്റതു മുതല്‍ സ്വര്‍ണവില മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യയും ചൈനയും ബ്രസീലുമടക്കമുള്‌ല രാജ്യങ്ങള്‍ വ്യാപാര ഇടപാടുകളില്‍ നിന്ന് ഡോളര്‍ ഒഴിവാക്കുന്നതിനെതിരെ ട്രംപ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഡീഡോളറൈസേഷന്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണി സ്വര്‍ണത്തിന്റെ വാങ്ങല്‍ താത്പര്യം ഉയര്‍ത്തിയേക്കും.