അടിവസ്ത്രത്തിലും ചെരുപ്പിലും വരെ ഗണപതി; വാള്‍മാര്‍ട്ടിനെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം കനക്കുന്നു

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ടിനെതിരെ കനത്ത പ്രതിഷേധവുമായി ഹിന്ദുമത വിശ്വാസികള്‍. ഹൈന്ദവ ആരാധന മൂര്‍ത്തിയായ ഗണപതിയുടെ ചിത്രങ്ങള്‍ അടിവസ്ത്രങ്ങളിലും ചെരുപ്പിലും സ്വിമ്മിംഗ് സ്യൂട്ടിലും ഉള്‍പ്പെടെ പതിപ്പിച്ച് വില്‍പ്പനയക്കെത്തിച്ചതാണ് പ്രതിഷേധത്തിന് കാരണം.

ഹിന്ദുമത വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണതയാണ് കമ്പനിയുടേതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വാള്‍മാര്‍ട്ട് ഗണപതിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഉത്പന്നങ്ങള്‍ പിന്‍വലിച്ച് ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദേവ സങ്കല്‍പ്പമാണ് ഗണപതിയുടേത്.

ദക്ഷിണേന്ത്യയില്‍ ഗണപതി ബ്രഹ്‌മചാരിയാണെന്നതും അടിവസ്ത്രങ്ങളില്‍ ഉള്‍പ്പെടെ ദേവ സങ്കല്‍പ്പത്തിന്റെ ചിത്രം പതിച്ചതിലും വാള്‍മാര്‍ട്ടിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. വാള്‍മാര്‍ട്ടിന്റെ സാംസ്‌കാരിക അജ്ഞതയാണ് ഇതെന്നാണ് ഉപയോക്താക്കള്‍ ആരോപിക്കുന്നത്.

എന്നാല്‍ പ്രതിഷേധങ്ങള്‍ കനത്തതോടെ ഗണപതിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത സ്ലിപ്പറുകള്‍, സോക്സുകള്‍, അടിവസ്ത്രങ്ങള്‍ തുടങ്ങിയ നിരവധി വസ്തുക്കള്‍ വാള്‍മാര്‍ട്ട് അവരുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ സ്വിമ്മിംഗ് സ്യൂട്ട് ഉള്‍പ്പെടെയുള്ളവയില്‍ നിന്നും ഗണപതിയുടെ ചിത്രം നീക്കം ചെയ്തിട്ടില്ല.

അമേരിക്കയിലെ ഹിന്ദു സംഘടനകള്‍ ഉള്‍പ്പെടെ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വാള്‍മാര്‍ട്ടിന് നേരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.