റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കാന്‍ ധൃതിവേണ്ട; പുലിവാല്‍ പിടിക്കാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

വലിയ തുക ഇറക്കേണ്ട ഒട്ടനവധി റിസ്‌കുകളുള്ള നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍. ഇക്കാരണം കൊണ്ടുതന്നെ നിക്ഷേപം സംബന്ധിച്ച് തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്.

ഇന്റസ്ട്രിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിയമങ്ങളും അറിയാത്ത നിക്ഷേപകന് അബദ്ധങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. കോവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥ കാരണം അടത്തിടെ സ്വന്തമായി ഒരുതുണ്ട് വസ്തുവെന്ന ആഗ്രഹം ആളുകളില്‍ കൂടിയിട്ടുണ്ട്. ഒപ്പം വസ്തുവകകളില്‍ നിക്ഷേപിക്കുന്നതിന്റെ സങ്കീര്‍ണതകളെക്കുറിച്ച് അറിയേണ്ടതിന്റെ പ്രാധാന്യവും വര്‍ധിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കുമ്പോള്‍ പരിഗണിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ഇവയാണ്:

ആര്‍.ഇ.ആര്‍.എ രജിസ്ട്രേഷന്‍

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സുതാര്യമാക്കുന്ന നിയമമാണ് ആര്‍.ഇ.ആര്‍.ഇ നിയമം. ഈ രംഗത്തെ ക്രമക്കേടുകള്‍ കുറയ്ക്കാനും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ ചട്ടങ്ങള്‍ രൂപപ്പെടുത്തിയത്. ഏത് വസ്തുവിലാണോ നിക്ഷേപിക്കുന്നത് ആ പ്രോജക്ട് ആര്‍.ഇ.ആര്‍.ഇയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തതാണോ അല്ലയോ എന്ന് നിക്ഷേപകര്‍ പരിശോധിക്കണം. മുനിസിപ്പല്‍ അധികൃതര്‍ വഴി ഓണ്‍ലൈനായും ഇത് പരിശോധിക്കാം. ആര്‍.ഇ.ആര്‍.എ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രോപ്പര്‍ട്ടിയെ പരിശോധിക്കുന്നത് അങ്ങേയറ്റം ഗുണം ചെയ്യും.

സ്ഥലം:

പ്രൊപ്പര്‍ട്ടിയില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് അത് സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണെന്ന് നോക്കണം. അവിടേക്ക് റോഡ് സൗകര്യമുണ്ടോ, പൊതുഗതാഗത സൗകര്യമുണ്ടോ, ആശുപത്രി സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടുത്തുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം. ആ സ്ഥലത്തിന് എത്രത്തോളം മൂല്യമുണ്ടെന്ന് മനസിലാക്കാന്‍ ഇക്കാര്യങ്ങളൊക്കെ പരിഗണിക്കണം. പ്രൊപ്പര്‍ട്ടിയുടെ ലേ ഔട്ട് സൂക്ഷ്മമായി പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.

സുരക്ഷയും സൗകര്യങ്ങളും:

മഹാമാരി കാരണം സുരക്ഷയെന്നത് എല്ലാവരെയും സംബന്ധിച്ച് സുപ്രധാനമായ ഒരു പ്രശ്നമായി വന്നിട്ടുണ്ട്. സാമൂഹ്യവിരുദ്ധ ഘടകങ്ങളില്‍ നിന്നുള്ള സുരക്ഷയും വൈറസ് പോലുള്ള ബയോളജിക്കല്‍ വസ്തുക്കളില്‍ നിന്നുള്ള സുരക്ഷയും സമാധാനമായ ജീവിതത്തില്‍ സുപ്രധാനമാണ്. ഡീല്‍ ഉറപ്പിക്കുന്നതിനു മുമ്പ് അറ്റകുറ്റപ്പണി ചാര്‍ജ്, വൈദ്യുതി വിതരണം, വെള്ളത്തിന്റെ ചാര്‍ജ് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം.

ബാധ്യതകള്‍:

ഒരു വസ്തുവാങ്ങുമ്പോള്‍ അതിന്മേല്‍ നിലവില്‍ എന്തെങ്കിലും ബാധ്യതകളുണ്ടോയെന്ന് നോക്കണം. സങ്കീര്‍ണമായ കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രഗത്ഭരായ അഭിഭാഷകരുടെ സഹായം തേടാവുന്നതാണ്. ചിലപ്പോള്‍ പ്രൊപ്പര്‍ട്ടി കരാറില്‍ വില്‍ക്കുന്നയാള്‍ അല്ലെങ്കില്‍ ബ്രോക്കര്‍ എന്തെങ്കിലും തരത്തിലുള്ള തിരിച്ചടവുകളോ, ചാര്‍ജുകളോ മറച്ചുവെച്ചിട്ടുണ്ടാവാം. അക്കാര്യവും ശ്രദ്ധയോടെ പരിശോധിക്കണം.

മാര്‍ക്കറ്റ് വില താരതമ്യം ചെയ്യുക:

നിക്ഷേപവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുന്നതിനു മുമ്പ് നിക്ഷേപകര്‍ മാര്‍ക്കറ്റിലെ വില താരതമ്യം ചെയ്യണം. ഭാവിയില്‍ വസ്തുവിന്റെ മൂല്യം നിശ്ചയിക്കുന്നതില്‍ നിര്‍മ്മാതാവിന്റെ ബ്രാന്റ് മൂല്യം അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. പ്രഗത്ഭരായ അറിയപ്പെടുന്ന നിര്‍മ്മാതാക്കളാണെങ്കില്‍ ഓരോ ഘട്ടത്തിലും നിക്ഷേപകന് അത് ഗുണം ചെയ്യും.