കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് 6.58 കോടി രൂപയുടെ അറ്റാദായം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2020-21) കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) 6.58 കോടി രൂപ അറ്റാദായം നേടി. സ്ഥാപനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം ലാഭവിഹിത വിതരണം വേണ്ടെന്നും പൊതുയോഗം തീരുമാനിച്ചു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ കെ.എഫ്.സിയുടെ വായ്പാ അനുമതി 150 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്, 4147 കോടി രൂപ. 3709 കോടി രൂപ വിതരണം ചെയ്തു. മൊത്തം വരുമാനം 491 കോടി രൂപയിലേക്ക് ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 3.58 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.48 ശതമാനമായും കുറഞ്ഞിട്ടുണ്ട്. കോര്‍പ്പറേഷന്റെ അറ്റ മൂല്യം (നെറ്റ്വര്‍ത്ത് ) 16% ഉയര്‍ന്ന് 678.35 കോടി രൂപയായി. ക്യാപിറ്റല്‍ അഡിക്വസി അനുപാതം (CRAR) 22.85 ശതമാനമായും വര്‍ദ്ധിച്ചു.

കോവിഡ്-19 പാക്കേജിന്റെ ഭാഗമായി, കെ.എഫ്.സി. അടുത്തിടെ മൂന്ന് പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ‘സ്റ്റാര്‍ട്ടപ്പ് കേരള സ്‌കീം’, വ്യാവസായിക എസ്റ്റേറ്റുകളിലെ യൂണിറ്റുകള്‍ക്കുള്ള പ്രത്യേക പദ്ധതി, നവീകരിച്ച മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതി എന്നിവയാണവ. ഈ വര്‍ഷം 4500 കോടി രൂപയുടെ പുതിയ വായ്പാ അനുമതിയാണ് കെ.എഫ്.സി. ലക്ഷ്യമിടുന്നത്. വായ്പാ ആസ്തി ഈ സാമ്പത്തിക വര്‍ഷാന്ത്യത്തോടെ 5000 കോടി രൂപയ്ക്ക് മുകളില്‍ എത്തിക്കാനും ഉന്നമിടുന്നു.

കോവിഡ് പ്രതിസന്ധിക്കിടയിലും കെഎഫ്‌സിക്ക് ലാഭം നിലനിര്‍ത്താനും വായ്പാ ആസ്തി എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിക്കാനും കഴിഞ്ഞു. വായ്പാ അനുമതി, വിതരണം, തിരിച്ചടവ് എന്നിവയിലും നേട്ടം കൈവരിച്ചു. നിഷ്‌ക്രിയ ആസ്തി നിയന്ത്രിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമായി-കെഎഫ്‌സി സിഎംഡി സഞ്ജയ് കൗള്‍ ഐഎഎസ് പറഞ്ഞു.