എംഎസ്എംഇ മേഖലയ്ക്കായി ഇന്ത്യയുടെ 'ആലിബാബ' ആകാൻ ഇൻഡ്ആപ്പ്; വികസിപ്പിച്ചെടുത്ത് എൻ ഐ ആർ ഡി സി

ഭാരത സർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക (MSME) മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ (NIRDC), എംഎസ്എംഇ ഇടപെടലുകളും അവയുടെ വ്യാപ്തിയും വർദ്ധിപ്പിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ഇൻഡ്ആപ്പ്’ തയ്യാറാക്കിയതായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ കഴിയുന്ന ഇന്ത്യൻ ബ്രാൻഡുകൾ സൃഷ്ടിക്കുക, ഇന്ത്യൻ കരകൗശല വിദഗ്ധർക്കും കലാകാരന്മാർക്കും ആഗോള അംഗീകാരം നൽകുക, ‘വികസിത് ഭാരത്’ എന്ന കാഴ്ചപ്പാടിലേക്ക് സംഭാവന നൽകാൻ എംഎസ്എംഇ-കളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ രാജ്യവ്യാപക ബി2ബി മാർക്കറ്റ് പ്ലേസ് നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള സംരംഭകർക്കിടയിൽ നെറ്റ്‌വർക്കിംഗ് സുഗമമാക്കുന്നതിനും, വ്യാപാരത്തിനും, സർക്കാർ പദ്ധതികൾ ലഭ്യമാക്കുന്നതിനുമായി ഒരു ഏകജാലക പ്ലാറ്റ്‌ഫോമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എട്ട് മന്ത്രാലയങ്ങളുടെ പിന്തുണയുള്ള ‘ഇൻഡ്ആപ്പ്’ , ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇ മേഖലയിലെ സംരംഭകർക്കായി പ്രത്യേകം തയ്യാറാക്കിയതാണ്. ഈ പ്ലാറ്റ്‌ഫോം നൽകുന്ന സേവനങ്ങൾ വിപുലമാണ്. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക, മൂലധന ലഭ്യത സുഗമമാക്കുക, ബിസിനസ്സ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക, പരിശീലനത്തിനും ശേഷി വികസനത്തിനും സഹായിക്കുക തുടങ്ങി, ഒരു ബട്ടൺ ക്ലിക്കിലൂടെ എംഎസ്എംഇ-കൾക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ ഇൻഡ്ആപ്പ് സഹായിക്കുന്നു.

വിവിധങ്ങളായ ഉപയോഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ എംഎസ്എംഇ മേഖലയിലെ ഒരു സാങ്കേതിക വിപ്ലവമായാണ് ഈ ആപ്പിനെ കാണുന്നത്. ഇന്ത്യയിലെ ഒരു വിദൂര സ്ഥലത്തിരുന്ന് ബിസിനസ്സ് ചെയ്യുന്ന ഒരാൾക്ക്, ഇൻഡ്ആപ്പിന്റെ മാർക്കറ്റ് പ്ലേസിൽ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രത്യേക വിഭാഗത്തിന് കീഴിൽ ലിസ്റ്റ് ചെയ്യാനും, വിവിധ സ്ഥലങ്ങളിലുള്ള മറ്റ് ബിസിനസുകൾ കണ്ടെത്താനും സാധിക്കും.

എംഎസ്എംഇ മേഖലയ്ക്ക് കീഴിലുള്ള, ലാഭേച്ഛയില്ലാത്ത ഒരു സ്വയംഭരണ സ്ഥാപനമെന്ന നിലയിൽ, ഈ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്ത എൻ ഐ ആർ ഡി സി, വിഭവങ്ങളും സഹായ സംവിധാനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ സഹകരണത്തിലൂടെ വ്യവസായ പ്രോത്സാഹനത്തിനും നയങ്ങൾ നടപ്പിലാക്കുന്നതിനും സമഗ്രവും സംയോജിതവുമായ ഒരു സമീപനം ഉറപ്പാക്കുന്നു.

“നേരിട്ടുള്ള സേവനങ്ങളെ ഡിജിറ്റൽ പിന്തുണയുമായി സംയോജിപ്പിക്കുന്നതിലൂടെ, സുതാര്യത, കാര്യക്ഷമത, എല്ലാവരെയും ഉൾക്കൊള്ളുന്ന പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു മികച്ച ഇന്റർഫേസ് ഇൻഡ്ആപ്പ് സൃഷ്ടിക്കുന്നു. വളർച്ചയ്ക്കും നവീകരണത്തിനുമായി നേരിട്ടുള്ളതും അല്ലാത്തതുമായ മാർഗങ്ങൾ പ്രയോജനപ്പെടുത്തി, ദേശീയ-അന്തർദേശീയ അവസരങ്ങൾ ലഭ്യമാക്കാൻ ഏറ്റവും ചെറിയ സംരംഭങ്ങൾക്ക് പോലും ഈ ഹൈബ്രിഡ് രീതി വഴി സാധിക്കുന്നു,” എന്ന് എൻ ഐ ആർ ഡി സി നാഷണൽ ചെയർമാൻ ശംഭു സിംഗ് പറഞ്ഞു.

സബ്‌സ്‌ക്രിപ്‌ഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഈ ആപ്പ്, പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകിയും, എംഎസ്എംഇ മേഖലയിലെ ബിസിനസ്സ് ഇവന്റുകളെക്കുറിച്ചുള്ള അറിയിപ്പുകൾ നൽകിയും ബിസിനസുകളെ സഹായിക്കാൻ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കും. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെന്നപോലെ സംരംഭകർക്ക് മറ്റ് ബിസിനസ്സ് ഉടമകളുമായി സംവദിക്കാൻ ഇതിലെ നെറ്റ്‌വർക്കിംഗ് പേജ് അവസരമൊരുക്കുന്നു.

“ഇന്ത്യയുടെ ഒരു പ്രധാന സാങ്കേതിക മുന്നേറ്റമായാണ് എൻ ഐ ആർ ഡി സി-യുടെ ഇൻഡ്ആപ്പിനെ കാണാൻ കഴിയുക. ഈ ആപ്ലിക്കേഷന്റെ വിവിധ മേഖലകളെ കോർത്തിണക്കുന്ന, വിവിധ ഉപയോഗങ്ങളുള്ള മാതൃകയാണ് രാജ്യത്തിന് ഇന്ന് ഏറ്റവും ആവശ്യം എന്ന് ഞാൻ വിശ്വസിക്കുന്നു. സേവനങ്ങൾ ഒരിടത്ത് കേന്ദ്രീകരിക്കുന്നതിലൂടെയും ഉദ്യോഗസ്ഥതല നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിലൂടെയും, സർക്കാർ സംരംഭങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിന് ആവശ്യമായ സമയവും പരിശ്രമവും ഈ ആപ്പ് ഗണ്യമായി കുറയ്ക്കുന്നു,” എന്ന് എൻ ഐ ആർ ഡി സി വൈസ് ചെയർമാൻ ലളിത് വർമ്മ പറഞ്ഞു.

ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം 2025 നവംബർ 26-ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക വകുപ്പ് മന്ത്രി നിർവ്വഹിക്കും.

ഭക്ഷ്യ സംസ്കരണ മന്ത്രാലയം, കൃഷി മന്ത്രാലയം, ഫിഷറീസ്-മൃഗസംരക്ഷണം-ക്ഷീരവികസന മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ മന്ത്രാലയം തുടങ്ങിയ മറ്റ് മന്ത്രാലയങ്ങളുടെ പദ്ധതികളും അനുമതികളും ഈ ആപ്പിലൂടെ ലഭ്യമാകും.

Read more

NIRDC-യെക്കുറിച്ച്
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ, ലാഭേച്ഛയില്ലാത്ത സർക്കാർ സംരംഭമാണ് നാഷണൽ ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ ഐ ആർ ഡി സി). ഭാരത സർക്കാരിന്റെ വിവിധ പദ്ധതികൾ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ചുമതല. ഇന്ത്യയിലുടനീളമുള്ള വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന എൻ ഐ ആർ ഡി സി-ക്ക്, ശ്രീ ജിതൻ റാം മാഞ്ചിയുടെ കീഴിലുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക മന്ത്രാലയം (എം എസ് എം ഇ), ഭക്ഷ്യ സംസ്കരണം, വാണിജ്യ-വ്യവസായം, ഫിഷറീസ്, കൃഷി തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളുടെ പിന്തുണയുണ്ട്.
എംഎസ്എംഇ, ഭക്ഷ്യ സംസ്കരണം, ഫിഷറീസ്, കൃഷി തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി എൻ ഐ ആർ ഡി സി പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുക, സർക്കാർ പദ്ധതികളെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുക, പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിലെയും വികസനം കാര്യമായി എത്തിച്ചേരാത്ത പ്രദേശങ്ങളിലെയും സംരംഭകർക്ക് വിഭവങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്നിവയാണ് ഇതിന്റെ മുഖ്യ ദൗത്യം. നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ, ധനകാര്യ സ്ഥാപനങ്ങൾ, സംരംഭകർ എന്നിവർക്കിടയിൽ ഏകോപനം സാധ്യമാക്കുന്നതിലൂടെ, രാജ്യത്തുടനീളം നവീകരണം, നൈപുണ്യ വികസനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വ്യാവസായിക വളർച്ച എന്നിവ എൻ ഐ ആർ ഡി സി പ്രോത്സാഹിപ്പിക്കുന്നു.