ക്രെഡിറ്റ് കാര്‍ഡില്‍ സാധനം വാങ്ങി പുലിവാല്‍ പിടിക്കേണ്ട! അറിയാം കാര്‍ഡുകള്‍ക്ക് പിന്നിലെ കണക്കിലെ കളികള്‍

ക്രെഡിറ്റ് കാര്‍ഡുകള്‍ അങ്ങേയറ്റം ഉപയോഗപ്രദമാണെന്ന അഭിപ്രായമുള്ളവര്‍ ഏറെയാണ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ചീത്തപ്പേര് ഏറെ കിട്ടിയിട്ടുമുണ്ട്, അതിന്റെ കാരണം ചുരുക്കംചിലര്‍ അത് ദുരുപയോഗം ചെയ്യുന്നുവെന്നത് തന്നെയാണ്.

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ചെലവാക്കല്‍ കൂടുമെന്ന് പറയുന്നവരുണ്ട്. അങ്ങനെയാണെങ്കില്‍ അതിന് ഉത്തരവാദി കാര്‍ഡ് ഉടമതന്നെയാണ്. പത്തുംപന്ത്രണ്ടും ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കി അതെല്ലാം ഉപയോഗിക്കുകയും ചെയ്താല്‍ പിന്നെ കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിന് ഉത്തരവാദി കാര്‍ഡുകളല്ല. വില്ലന്‍ ക്രെഡിറ്റ് കാര്‍ഡുകളിലെ ഉയര്‍ന്ന പലിശ നിരക്കാണ്. ആ വില്ലനെ നന്നായി മനസിലാക്കിയാല്‍, അതിനു പിന്നിലെ കണക്ക് മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളെ ഉപകാരപ്രദമാം വണ്ണം മെരുക്കിയെടുക്കാന്‍ എളുപ്പമാകും.

മാഡാവാതെ മാഡ് അടയ്ക്കൂ:

ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് മാഡ് എന്നത് മിനിമം എമൗണ്ട് ഡ്യൂ ആണ്. അതായത്, കൃത്യമായ ഇടവേളകളില്‍ നിശ്ചിത തിയതിയ്ക്കു മുമ്പ് തിരിച്ചടയ്‌ക്കേണ്ട മിനിമം തുക. ഈ തുക അടയ്ക്കുന്നതിലൂടെ അടവ് തെറ്റിയാല്‍ ഈടാക്കുനന ഫീസില്‍ നിന്നും രക്ഷപ്പെടാമെന്ന് മാത്രമല്ല, ക്രെഡിറ്റ് സ്‌കോറില്‍ യാതൊരു നെഗറ്റീവ് ഇംപാക്ടും ഉണ്ടാവുകയുമില്ല.

എന്നാല്‍ മാഡ് അടച്ചാലും അടയ്ക്കാന്‍ ബാക്കിയുള്ള തുകയ്ക്ക് തീര്‍ച്ചയായും നിങ്ങള്‍ പലിശ നല്‍കേണ്ടതുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളിന്മേലുളള പലിശ നിരക്കാകട്ടെ വര്‍ഷം ഏതാണ്ട് 40%ത്തോളം ആണ്.

കാര്യങ്ങള്‍ കൃത്യമായി മനസിലാവാന്‍ ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം. 30000 രൂപയാണ് നിങ്ങള്‍ അടയ്ക്കാന്‍ ഉള്ളതെന്ന് കരുതുക. മിനിമം എമൗണ്ട് ഡ്യൂ 1500 രൂപയുമാണ്. നിങ്ങള്‍ക്കു മുമ്പില്‍ മൂന്ന് വഴികളാണുള്ളത്.

1. അടയ്ക്കാനുള്ള മുഴുവന്‍ തുകയും അതായത് 30000 രൂപയും അവസാന തിയ്യതിയ്ക്കു മുമ്പ് അടച്ചുതീര്‍ക്കുക.

2. മിനിമം എമൗണ്ട് ഡ്യൂ മാത്രം അടയ്ക്കുക.

3. ഒന്നും അടയ്ക്കാതിരിക്കുക. (ദയവായി ഈ വഴിയിലേക്ക് നോക്കാതിരിക്കുക)

ഇനി ഒാരോ സാഹചര്യത്തിലും എന്ത് സംഭവിക്കുമെന്ന് നോക്കാം:

30000 രൂപയും അടച്ചുതീര്‍ത്തതിനാല്‍ നിങ്ങള്‍ യാതൊരു പലിശയും നല്‍കേണ്ടിവരില്ല. മറ്റൊരു തിരിച്ചടവ് തിയ്യതിയും മുമ്പിലുണ്ടാവില്ല.

2. ഇനി മിനിമം ഡ്യൂ ആയ 1500 രൂപ അടയ്ക്കുകയാണെങ്കില്‍ ബാക്കിയുള്ള 28,500 രൂപയ്ക്ക് നിങ്ങള്‍ പലിശ നല്‍കേണ്ടിവരും.

3. 30000 രൂപയ്ക്ക് പലിശ നല്‍കുന്നതിനൊപ്പം തിരിച്ചടവ് തിയ്യതിയ്ക്ക് മുമ്പ് പണം നല്‍കാത്തതിനാല്‍ അതിനുള്ള പിഴ കൂടി ഒടുക്കേണ്ടിവരും.

മാസം അടയ്‌ക്കേണ്ട തുക കൃത്യമായി അടച്ചാല്‍ എല്ലാം ആയി എന്നാണ് മിക്കയാളുകളുടെയും ധാരണ. എന്നാല്‍ സ്ഥിതി അങ്ങനെയല്ല. അതുകൊണ്ട് തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ പിഴയൊടുക്കേണ്ടിവരില്ലയെന്ന ഗുണമേയുള്ളൂ. അപ്പോഴും അടയ്ക്കാന്‍ ബാക്കിയുള്ള തുകയ്ക്ക് പലിശ നല്‍കിക്കൊണ്ടിരിക്കണം. മാത്രമല്ല, കാര്‍ഡില്‍ തിരിച്ചടയ്‌ക്കേണ്ട തുക മുഴുവനായി അടച്ചില്ലെങ്കില്‍ പിന്നീടുള്ള ഇടപാടുകള്‍ക്ക് പലിശ രഹിത വായ്പാ കാലയളവ് ലഭിക്കുകയുമില്ല.

വിശദമായി പറയാം, 30000 രൂപയുടെ ബില്‍ കിട്ടിയിട്ടും നിങ്ങള്‍ മിനിമം ഡ്യൂ ആയ 1500 അടയ്ക്കുകയും 28,500 അടയ്ക്കാന്‍ ബാക്കിവെക്കുകയും ചെയ്യുകയാണെന്ന് കരുതുക. തിരിച്ചടവ് തിയ്യതി കഴിഞ്ഞശേഷം നിങ്ങള്‍ 15000 രൂപയുടെ മറ്റൊരു ക്രഡിറ്റ് കാര്‍ഡില്‍ ഇടപാട് കൂടി നടത്തിയെന്നിരിക്കട്ടെ. പലിശ രഹിത കാലം ആയി ഒരു ദിവസം പോലും നിങ്ങള്‍ക്ക് ലഭിക്കില്ല. ഇടപാട് നടന്ന ആദ്യദിവസം മുതല്‍ നിങ്ങള്‍ പലിശ നല്‍കേണ്ടിവരും. അടയ്ക്കാന്‍ ബാക്കിയുള്ള 28,500 നൊപ്പം 15000 കൂടി ചേര്‍ത്തുള്ള തുകയ്ക്കായിരിക്കും പിന്നീട് നിങ്ങള്‍ പലിശ നല്‍കേണ്ടിവരിക.

Read more

ചുരുക്കി പറഞ്ഞാല്‍, ഒരു സാധനം വാങ്ങാന്‍ നിങ്ങളെക്കൊണ്ട് സാമ്പത്തികമായി പറ്റില്ലയെന്ന അവസ്ഥയാണെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തതാണ് നല്ലത്. അത് നിങ്ങളെ സാമ്പത്തികമായി കുറേക്കൂടി തളര്‍ത്തുകയേ ഉള്ളൂ. ഡബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതുപോലെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതാണ് സാമ്പത്തിക ആരോഗ്യത്തിന് നല്ലത്. അതായത്, പെട്ടെന്ന് അടയ്ക്കാന്‍ ആകുമെങ്കില്‍ മാത്രം ചെലവഴിക്കുക.