കര്‍ഷകര്‍ക്ക് വിളവെടുപ്പിന് ശേഷമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇസാഫ് കോ-ഓപ്പറേറ്റിവുമായി കൈകോര്‍ത്ത് അഗ്രി ടെക് കമ്പനി ആര്യ

കേരളത്തിലെ കര്‍ഷകര്‍, കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍, ചെറുകിട, ഇടത്തര കാര്‍ഷികോല്‍പ്പന്ന സംസ്‌കരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് വിളവെടുപ്പാനന്തര സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഹാര്‍വെസ്റ്റ് അഗ്രിടെക് കമ്പനിയായ ആര്യ കൊളാറ്ററല്‍, ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റിവ് സൊസൈറ്റിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. കഞ്ചിക്കോട്ടെ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിലാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്.

മൂന്ന് വെയര്‍ഹൗസുകള്‍ ഉള്‍പ്പെടെ പാര്‍ക്കിലെ 80,000 ച.അടി സ്ഥലമാണ് ഇതിനായി എടുത്തിരിക്കുന്നത്. 15,000 മെട്രിക് ടണ്ണാണ് മൂന്ന് വെയര്‍ഹൗസുകളുടെയും മൊത്തം സംഭരണശേഷി. സംസ്ഥാനത്തെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് ഇസാഫ് നല്‍കിവരുന്ന സംഭാവന ശക്തിപ്പെടുത്തുന്നതാകും ഈ പങ്കാളിത്തം. ഇത് നെല്ല് സംഭരണത്തിലും സംസ്‌കരണത്തിലും സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സഹായകമാകും.

പ്രാദേശികമായി ചോളം വാങ്ങിക്കാനും സംഭരിക്കാനും സഹായിക്കുന്നതിന് പുറമേ സംസ്ഥാനത്തെ കോഴി, കന്നുകാലി ഫാമുകളിലേക്ക് ആവശ്യമായ തീറ്റ ഉല്‍പാദനത്തിന്റെ ചിലവ് കുറയ്ക്കാനും ഇത് സഹായിക്കും. അവശ്യ ഭക്ഷ്യോല്‍പന്നങ്ങളുടെ കുറഞ്ഞച്ചെലവിലുള്ള സമാഹരണവും ശാസ്ത്രീയമായ സംഭരണ പ്രക്രിയയും മഹാമാരി മൂലം ഭക്ഷ്യ ശൃംഖലയില്‍ ഉണ്ടായിട്ടുള്ള തടസ്സങ്ങള്‍ മറികടക്കാനും ന്യായമായ വില ഉറപ്പാക്കാനും സഹായകമാകും.

സംസ്ഥാനത്തെ കാര്‍ഷിക വ്യവസായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയയും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ കെ. പോള്‍ തോമസ് പറഞ്ഞു. ഉപജീവനമാര്‍ഗങ്ങള്‍ അടഞ്ഞിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്.

പ്രമുഖ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി കമ്പനിയായ ആര്യയുമായുള്ള പങ്കാളിത്തത്തിലൂടെ കര്‍ഷകരുടെ വിളവെടുപ്പാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനോടൊപ്പം സംസ്ഥാനത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരാനുമാണ് ഇസാഫ് ലക്ഷ്യമിടുന്നതെന്നും പോള്‍ തോമസ് വ്യക്തമാക്കി.

ഇസാഫുമായുള്ള പങ്കാളിത്തത്തില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ച ആര്യ എക്സിക്യുട്ടിവ് ഡയറക്ടര്‍ ആനന്ദ് ചന്ദ്ര, കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതില്‍ ഇസാഫിന് വഹിക്കാന്‍ കഴിയുന്ന പങ്കില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പറഞ്ഞു.