അദാനിയുടെ കരുത്തില്‍ കൊച്ചിയെ മലര്‍ത്തിയടിച്ച് തിരുവനന്തപുരം; കുറഞ്ഞ നിരക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയും; ഷാര്‍ജ യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നമ്പര്‍വണ്‍

ഗള്‍ഫ് യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തെ ആദ്യമായി മറികടന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. യുഎഇയിലെ ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഡി.ജി.സി.എ. കണക്ക് പ്രകാരം ഷാര്‍ജ- തിരുവനന്തപുരം റൂട്ടില്‍ 1.16 ലക്ഷം പേര്‍ യാത്ര ചെയ്തു. രണ്ടാം സ്ഥാനത്ത് കൊച്ചിയും (88689) മൂന്നാം സ്ഥാനത്ത് ഡല്‍ഹിയുമാണെന്നാണ് (77859) കണക്കുകള്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കുറഞ്ഞ നിരക്കും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം – ഷാര്‍ജ റൂട്ടിനെ ജനപ്രിയമാക്കുന്നത്. കൂടുതല്‍ വിമാനങ്ങള്‍ എത്തിയതോടെ തമിഴ്‌നാട്ടിലെ കന്യാകുമാരി തിരുനെല്‍വേലി ജില്ലയിലെയും ആളുകളും തിരുവനന്തപുരം വമാനത്താവളത്തെയാണ് ആശ്രമിക്കുന്നത്. എയര്‍ അറേബ്യ പ്രതിദിനം രണ്ട് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ ഓരോ സര്‍വീസുകളും ഈ റൂട്ടില്‍ നടത്തുന്നുണ്ട്.

സര്‍വീസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തിന് വര്‍ധന ഉണ്ടാകുന്നതിനൊപ്പം എയര്‍ലൈനുകളില്‍നിന്ന് ലഭിക്കുന്ന ഓപറേഷന്‍ ചാര്‍ജും വാടകയിനത്തില്‍ കിട്ടുന്ന തുകയും അദാനിക്ക് ലാഭമായി മാറും. എയര്‍ലൈസുകളുടെ ഹാന്‍ഡിലിങ് ഏജന്‍സികള്‍ ഓരോ വിമാനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 31.8 ശതമാനം ഫീസായി നേരത്തേ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിരുന്നു. രാജ്യന്തര ടെര്‍മിനലില്‍ 32 വിമാനവും ആഭ്യന്തര ടെര്‍മിനലില്‍ 42 വിമാനവുമാണ് സര്‍വിസ് നടത്തിയിരുന്നത് ഇതില്‍ പകുതിയിലധികം സര്‍വിസുകളെയാണ് പിന്നീട് വെട്ടിക്കുറച്ചത്. ഇതില്‍ സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള സര്‍വിസുകളെ തിരുവനന്തപുരത്തുനിന്ന് വെട്ടിമാറ്റി സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക് കൈമാറിയിരുന്നു. ഈ സര്‍വീസുകള്‍ തിരികെ കൊണ്ടുവന്നാണ് അദാനി ഗ്രൂപ്പ് കൊച്ചിയെ മലര്‍ത്തിയടിച്ചത്.

ഒരു മാസം ശരാശരി 39,000 പേരാണ് നിലവില്‍ തിരുവനന്തപുരം-ഷാര്‍ജ റൂട്ടില്‍ യാത്രചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10% വര്‍ധനയാണ് ഉണ്ടായത്. ശരാശരി എടിഎമ്മുകള്‍ (എയര്‍ ട്രാഫിക് മൂവ്‌മെന്റ്) 240 ആണ്.
സര്‍വീസുകള്‍ കൂടിയതോടെ ആധുനിക സംവിധാനങ്ങളുണ്ടെങ്കിലേ വിമാനങ്ങളെ കൃത്യമായി നിയന്ത്രിക്കാനാകൂ. തമിഴ്‌നാട്ടിലെ ട്രിച്ചി വരെയും നെടുമ്പാശേരി വിമാനത്താവളം വരെയും സമുദ്രത്തില്‍ 450 കിലോമീറ്റര്‍ വരെയുമാണ് തിരുവനന്തപുരം എ.ടി.സിയുടെ പരിധി.വിമാനങ്ങള്‍ക്ക് സുരക്ഷിത പാതയൊരുക്കുന്നതും കൂട്ടിയിടിയടക്കമുള്ള അപകടങ്ങള്‍ തടയുന്നതും എ.ടി.സിയാണ്.

മുംബയ് വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ (എ.ടി.സി) മാതൃകയിലാവും പുതിയ ടവര്‍ നിര്‍മ്മിക്കുക. തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക പഴമ വിളിച്ചോതുന്ന ശില്പചാരുത ടവറിലുണ്ടാകും. വ്യോമഗതാഗത നിയന്ത്രണം എയര്‍പോര്‍ട്ട് അതോറിട്ടിക്കായതിനാല്‍ ടവര്‍ അവര്‍ക്ക് കൈമാറും. 49മീറ്റര്‍ ഉയരമുള്ള എട്ടുനില ടവറിന് എയര്‍പോര്‍ട്ട് അതോറിട്ടി 115കോടി അനുവദിച്ചിരുന്നെങ്കിലും നടത്തിപ്പ് അദാനിക്കായതോടെ പദ്ധതി നിലച്ചിരുന്നു. തിരുവനന്തപുരം വഴി കടന്നുപോവുന്ന 350ലേറെ വിമാനങ്ങളെ നിയന്ത്രിക്കാന്‍ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്.

അതേസമയം, അന്താരാഷ്ട്ര ടെര്‍മിനലിന് സമീപം പഞ്ചനക്ഷത്ര ഹോട്ടലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമടക്കം നിര്‍മ്മിച്ച് തിരുവനന്തപുരം വിമാനത്താവളത്തെ വികസിപ്പിക്കാനൊരുങ്ങി അദാനി. അന്താരാഷ്ട്ര ടെര്‍മിനലിന്റെ ചാക്കയിലെ പ്രവേശന കവാടത്തിന് സമീപത്തായാണ് പുതിയ എ.ടി.സി നിര്‍മ്മിക്കുന്നത്. ടെര്‍മിനലിന്റെ വലതു ഭാഗത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കാന്‍ പാരിസ്ഥിതികാനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

240 മുറികളുള്ള 660പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഹോട്ടലാണ് നിര്‍മ്മിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള ഫ്ളൈഓവര്‍ ഇറങ്ങിവരുന്നിടത്താണ് നിര്‍മ്മാണം. അദാനി നിര്‍മ്മിക്കുന്ന ഹോട്ടല്‍, ഒബ്റോയ് പോലുള്ള വമ്പന്‍ ഗ്രൂപ്പുകള്‍ക്ക് കൈമാറും. പാരിസ്ഥിതികാനുമതി ഈ മാസം ലഭിച്ചേക്കും. കേരളത്തില്‍ വിമാനത്താവളത്തിന് തൊട്ടരികിലായി പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലില്ല. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാന്‍ ഇതിലൂടെ സൗകര്യമൊരുങ്ങും. നിലവില്‍ പൈലറ്റുമാരെയും എയര്‍ഹോസ്റ്റസുമാരെയും വിമാനക്കമ്പനികള്‍ മറ്റു ഹോട്ടലുകളിലാണ് താമസിപ്പിക്കുന്നത്. സര്‍വീസുകള്‍ തടസപ്പെടുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാരെയും ഇവിടെ താമസിപ്പിക്കാം. അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്ന് 150മീറ്റര്‍ അടുത്തായാണ് ഹോട്ടല്‍ നിര്‍മ്മിക്കുന്നത്.