ബിജെപി വിജയത്തില്‍ പുതിയ ഉയരം തൊട്ട് സെന്‍സെക്‌സും നിഫ്റ്റിയും; മുന്നില്‍ നിന്ന് കുതിച്ച് അദാനി ഗ്രൂപ്പ്; കാളക്കൂറ്റന്‍മാരുടെ കരുത്തില്‍ നിക്ഷേപകര്‍ക്ക് കോടികളുടെ ലാഭം

ലോകസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിച്ചിരുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ ഓഹരി വിപണയിലും കുതിപ്പ്. മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്ത എല്ലാ റെക്കോഡുകളും തകര്‍ത്തുകൊണ്ടാണ് ഓഹരി വിപണിയിലെ മുന്നേറ്റം.

സെന്‍സെക്‌സ് 954 പോയിന്റ് ഉയര്‍ന്ന് 68,435 ല്‍ വ്യാപാരം തുടങ്ങി. പിന്നീട് 68,588 വരെ കയറി. നിഫ്റ്റി 331 പോയിന്റ് കയറി 20,601.95 ല്‍ വ്യാപാരം ആരംഭിച്ചു. പിന്നീട് ഇറങ്ങിയും കയറിയുമാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. ശക്തമായ മാക്രോ ഇക്കണോമിക് ഡാറ്റയും, ബി ജെ പിക്ക് അനുകൂലമായ തിരഞ്ഞെടുപ്പ് ഫലവും വിപണിയെ സ്വാധീനിച്ചതാണ് കുതിപ്പിനുള്ള കാരണം

ബിജെപിയുടെ വന്‍ വിജയത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. നാലു ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെ ഉയരത്തിലാണു കമ്പനികള്‍. ഗ്രൂപ്പിന്റെ വിപണിമൂല്യം 12 ലക്ഷം കോടി രൂപ കടന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു മുന്‍പ് 19 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം ഗ്രൂപ്പിനുണ്ടായിരുന്നു.

അദാനി ഗ്രീന്‍ എനര്‍ജി 8.63 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ഓഹരി വിപണിയില്‍ ഏറ്റവും കുതിപ്പ് നടത്തിയിരിക്കുന്നതും അദാനിയുടെ ഈ കമ്പനിയാണ്. രണ്ടാം സ്ഥാനത്തുള്ളത് അദാനി എന്റര്‍പ്രൈസസാണ് 7.27 ശതമാനം വരെയാണ് ഈ ഓഹരികള്‍ കുതിച്ചിരിക്കുന്നത്.

സെന്‍സെക്‌സിലെ അഞ്ച് മികച്ച നേട്ടത്തില്‍ നാലെണ്ണവും അദാനിയുടെ ഗ്രൂപ്പിന്റെ ഓഹരികളാണ്. അദാനി ഓഹരികള്‍ – അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി പവര്‍, അദാനി എന്റര്‍പ്രൈസസ് എന്നിവ വന്‍ നേട്ടമുണ്ടാക്കി.

ബിഎസ്ഇ സെന്‍സെക്സ് 877.43 പോയിന്റ് അഥവാ 1.30 ശതമാനം ഉയര്‍ന്ന് 68,358.62 എന്ന പുതിയ ഉയരം തൊട്ടു. നിഫ്റ്റി 284.80 പോയിന്റ് അഥവാ 1.41 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന പോയിന്റായ 20,552.70 ലെത്തി.