ജനപ്രിയ മോഡൽ പിൻവലിക്കാനൊരുങ്ങി യമഹ ; ബൈക്ക് പ്രേമികൾക്ക് ഞെട്ടൽ !

യമഹയിൽ നിന്നുള്ള ഐക്കണിക്ക് മോട്ടോർസൈക്കിളാണ് YZF R1. വർഷങ്ങളായി ബൈക്ക് സ്നേഹികളുടെ പോസ്റ്റർ മോട്ടോർസൈക്കിളായി തുടർന്ന് പോരുകയാണ് യമഹ R1 റേഞ്ച്. എന്നാൽ യമഹ R1 പിൻവലിക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ മോട്ടോർസൈക്കിൾ പ്രേമികളെ നിരാശരാക്കിയിരിക്കുന്നത്.

യൂറോ 5+ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി യമഹ R1, R1M എന്നിവ അപ്ഡേറ്റ് ചെയ്യില്ല എന്നാണ് യുകെയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. EU5+ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഡെഡ്ലൈന്‍ വരെ യമഹ YZF-R1, YZF-R1 M എന്നിവ വില്‍പ്പനയില്‍ തുടരും. EU5+ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് നടപ്പാക്കി കഴിഞ്ഞാല്‍ ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്ന് ഒരു ലിറ്റര്‍ ക്ലാസ് ബൈക്കും ഉണ്ടാകില്ല.

മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കള്‍ നിലവിൽ പിന്തുടര്‍ന്ന് വരുന്ന ഒരു പൊതു പ്രവണതയാണിത്. ഈ തീരുമാനം നേരത്തെ സുസുക്കി നടപ്പാക്കി കഴിഞ്ഞിരുന്നു. 2022 അവസാനത്തോടെ GSX-R1000R വിപണിയില്‍ നിന്ന് പിന്‍വലിച്ചായിരുന്നു സുസുക്കി   തീരുമാനമെടുത്തത്. ബിഗ് ഫോറില്‍ ലിറ്റര്‍ ക്ലാസ് ബൈക്കില്ലാത്ത ആദ്യ കമ്പനിയായി സുസുക്കി മാറിയിരുന്നു.

ഈ വർഷം യമഹ ലിറ്റര്‍ ക്ലാസ് YZF-R1, YZF-R1 M എന്നിവ നിര്‍ത്തലാക്കാന്‍ പോകുകയാണ്. EU5+ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡിന് ശേഷം യമഹ മോട്ടോര്‍ ഗ്രൂപ്പ് അതിന്റെ ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിള്‍ ഓഫറുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. യമഹ R1, R1 M ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിളുകളുടെ EU5+ പതിപ്പുകള്‍ വികസിപ്പിക്കില്ല എന്ന് ചുരുക്കം.

ഭാവി മുന്നില്‍ കണ്ട് മിഡ്-ടേം ബിസിനസ്സിലേക്കും ഉല്‍പ്പന്ന തന്ത്രങ്ങളിലേക്കും ശ്രദ്ധ തിരിക്കാനാണ് യമഹയുടെ തീരുമാനം. EU5+ എമിഷന്‍ മാനദണ്ഡങ്ങള്‍ക്കുള്ള കട്ട് ഓഫ് പ്രാബല്യത്തില്‍ വരുന്ന 2025 വരെ യമഹ R1, R1 M എന്നിവ വില്‍പ്പനയില്‍ തുടരും.