418 കി.മീ. റേഞ്ച്, 3.35 ലക്ഷത്തിന്റെ വിലക്കുറവ്; ഇവി വിപണിയെ ഞെട്ടിച്ച് വോൾവോ !

ഇന്ത്യക്കാർക്കിടയിൽ പ്രത്യേക ഇമേജുള്ള വാഹന നിർമാതാക്കളാണ് വോൾവോ. മൾട്ടി ആക്‌സിൽ ബസ് മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ച കമ്പനിയാണിത്. നിലവിൽ ഇലക്ട്രിക് കാറുകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. XC40 റീചാർജ്, C40 റീചാർജ് എന്നിവയിലൂടെയാണ് ഇവി വിപണിയെ വോൾവോ ഇപ്പോൾ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.

XC40 റീചാർജ് എന്ന ഇലക്‌ട്രിക് എസ്‌യുവി രാജ്യത്ത് വലിയ പ്രചാരം നേടി മുന്നേറുകയാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് 55.90 ലക്ഷം രൂപയ്ക്കാണ് വിപണിയിലെത്തിച്ചത്. എന്നാൽ ഈ ഇലക്ട്രിക് എസ്‌യുവിക്ക് കാലാകാലങ്ങളായി ലഭിച്ച വില വർധനവോടെ ഇപ്പോഴത്തെ എക്സ്ഷോറൂം വില 57.90 ലക്ഷം രൂപയായി. അടുത്തിടെ XC40 റീചാർജിന്റെ കൂടുതൽ താങ്ങാനാവുന്ന പ്ലസ് വേരിയന്റ് വോൾവോ ഇന്ത്യയിൽ 54.95 ലക്ഷം രൂപയക്ക് അവതരിപ്പിച്ചിരുന്നു.

പുതിയ വേരിയൻ്റിനെ ടോപ്പ്-സ്പെക്ക് വോൾവോ XC40 റീചാർജ് അൾട്ടിമേറ്റ് വേരിയൻ്റിനേക്കാൾ 2.95 ലക്ഷം രൂപ വില കുറഞ്ഞതാക്കി മാറ്റിയിരുന്നു. എന്നാൽ ടോപ്പ് എൻഡ് മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് സ്വീഡിഷ് വാഹന നിർമാതാക്കൾ. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം വോൾവോ വെളിപ്പെടുത്തിയിട്ടുണ്ട്.

വോൾവോ XC40 റീചാർജ് എസ്‌യുവിയുടെ അൾട്ടിമേറ്റ് വേരിയൻ്റിന് 3.35 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറാണ് മാർച്ച് മാസത്തേക്ക് അവതരിപ്പിച്ചിരിക്കുന്നത്. 57.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം പുതിയ ഓഫറോടെ 54.55 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാകും. പുതുതായി അവതരിപ്പിച്ച ബേസ് മോഡൽ പ്ലസ് വേരിയൻ്റിനേക്കാൾ 40,000 രൂപ മാത്രമാണ് ഈ പതിപ്പിന് അധികമായി മുടക്കേണ്ടി വരിക.

എന്നാൽ വോൾവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് ഈ ഇലക്ട്രിക് എസ്‌യുവികളുടെ 2 യൂണിറ്റുകൾ മാത്രമേ ഈ കിഴിവോടെ ലഭ്യമാകൂ. ഇതിനെപ്പറ്റി കൂടുതലറിയാൻ ഏറ്റവും അടുത്തുള്ള വോൾവോ ഡീലർഷിപ്പുമായി ബന്ധപ്പെടേണ്ടതാണ്.

എസ്‌യുവിയുടെ ബേസ്-സ്പെക്ക് പ്ലസ് വേരിയൻ്റിലെ സിംഗിൾ ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തിന് പകരം രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ചാണ് ടോപ്പ് എൻഡ് മോഡലായ വോൾവോ XC40 റീചാർജ് അൾട്ടിമേറ്റ് എത്തുന്നത്. ഇതിനാൽ പെർഫോമൻസിലും വലിയ കുതിച്ചുചാട്ടമാണ് കാണാൻ സാധിക്കുക. 402 ബിഎഎച്ച്പി പവറിൽ പരമാവധി 660 എൻഎം ടോർക്ക് വരെ വികസിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ അണ്ടർഫ്ലോർ 78kWh ബാറ്ററി പായ്ക്കാണ് XC40 റീചാർജിന് തുടിപ്പേകുന്നത്.

വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 വേഗത കൈവരിക്കാൻ XC40 റീചാർജിനാവും. ഇവിയുടെ ഉയർന്ന വേഗത 180 കിലോമീറ്ററായി സ്വീഡിഷ് ബ്രാൻഡ് പരിമിതപ്പെടുത്തിയിട്ടുണ്ട്. സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നുകൂടിയാണിത്. സിംഗിൾ ചാർജിൽ അൾട്ടിമേറ്റ് വേരിയന്റിന് ഏകദേശം 418 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. 11kW കപ്പാസിറ്റിയുള്ള ഒരു വാൾബോക്‌സ് ചാർജറാണ് വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി നൽകുന്നത്.

എന്നാൽ 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ അധികമായി വാങ്ങിയാൽ 28 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. വാറണ്ടി, സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നീ മൂന്ന് വർഷത്തെ പാക്കേജും വോൾവോ വാഗ്ദാനം ചെയ്യുന്നതായിരിക്കും. കാറിന് മാത്രം ബാറ്ററി 8 വർഷത്തെ വാറണ്ടിയാണ് വോൾവോ നൽകി വരുന്നത്.

വോൾവോ XC40 റീചാർജ് അൾട്ടിമേറ്റിന് കൂടുതൽ നൂതനമായ പിക്സൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ,360-ഡിഗ്രി ക്യാമറ സിസ്റ്റം,സൈഡ് പാർക്കിംഗ് സെൻസറുകൾ,ഒരു ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റം,പവർഡ് ചൈൽഡ് സേഫ്റ്റി ലോക്ക് തുടങ്ങിയ അധിക ഫീച്ചറുകളും ലഭിക്കുന്നുണ്ട്.

അൾട്ടിമേറ്റിനെ പുതിയ സിംഗിൾ മോട്ടോർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വോൾവോ XC40 റീചാർജ് പ്ലസ് 235.6 ബിഎച്ച്പി കരുത്തിൽ 420 എൻഎം ടോർക്ക് ആണ് നൽകുന്നത്. അൾട്ടിമേറ്റിൽ 78kWh ബാറ്ററി പായ്ക്ക് കിട്ടുമ്പോൾ 69kWh ബാറ്ററി പായ്ക്കാണ് വില കുറഞ്ഞ വേരിയന്റിൽ ഒരുക്കിയിരിക്കുന്നത്.