ഉയര്‍ന്ന കണികാ പുറന്തള്ളലും മലിനീകരണ ആശങ്കകളും ലഘൂകരിക്കാനായി തങ്ങളുടെ ഫ്യൂച്ചര്‍ കാര്‍ ഡീസല്‍ എഞ്ചിനുകള്‍ക്കായി ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണവും അതിനെതിരെ കര്‍ശനമായ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മാനദണ്ഡങ്ങളും കാരണം ഡീസല്‍ എന്‍ജിനുകളുള്ള വാഹനങ്ങളോട് ഉപഭോക്താക്കള്‍ മുഖം തിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങുന്നത്. എന്തിന്റെ പേരിലാണെങ്കിലും ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു.
പുതിയ തലമുറയിലെ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് പാരഫിനിക് ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഫോക്‌സ്‌വാഗണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പാരഫിനിക് ഇന്ധനങ്ങള്‍ ജൈവ അവശിഷ്ടങ്ങളില്‍ നിന്നും ഹൈഡ്രോട്രീറ്റഡ് വെജിറ്റബിള്‍ ഓയില്‍ (HVO) പോലുള്ള പാഴ് വസ്തുക്കളില്‍ നിന്നുമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ബയോ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതുതായി വികസിപ്പിച്ച നാല് സിലിണ്ടര്‍ ഡീസല്‍ യൂണിറ്റുകളില്‍ പാരഫിനിക് ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് കാര്‍ബണ്‍ പുറന്തള്ളില്‍ ഗണ്യമായ കുറവ് ഉറപ്പാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇതിനോടകം തന്നെ വിപണികളില്‍ ലഭ്യമായി തുടങ്ങിയിരിക്കുന്ന HVO അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ ഊര്‍ജ വിപണിയില്‍ അതിന്റെ വിഹിതം 20 മുതല്‍ 30 ശതമാനം വരെ വര്‍ധിക്കുമെന്നുമാണ് വിദഗ്ദാനുമാനം. പരമ്പരാഗത ഡീസല്‍ യൂണിറ്റുകളെ അപേക്ഷിച്ച് ഈ പുതിയ എഞ്ചിനുകളില്‍ നിന്നുള്ള മലിനീകരണത്തില്‍ ഏകദേശം 70-95 ശതമാനം വരെ കുറവുണ്ടാകാമത്രേ.
ഇന്ധനം പ്രാദേശികമായി ലഭ്യമായാല്‍ ഉടന്‍ അംഗീകൃത ഫോക്സ്വാഗണ്‍ മോഡലുകളില്‍ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ, യൂറോപ്പിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനം പുറന്തള്ളുന്ന കാര്‍ബണ്‍ മലിനീകരണം ഗണ്യമായി കുറയ്ക്കാന്‍ കമ്പനി സാധ്യമാക്കുന്നുവെന്ന് പുതിയ ഡീസല്‍ എഞ്ചിനെ കുറിച്ച് സംസാരിച്ച ഫോക്സ്വാഗന്റെ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ മേധാവി തോമസ് ഗാര്‍ബെ പറഞ്ഞു.2020 ഏപ്രില്‍ മുതല്‍ ബിഎസ്-VI മലിനീകരണ നിരോധന ചട്ടം നിലവില്‍ വന്നതോടെയാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്നും ജനപ്രിയമായ ഡീസല്‍ എഞ്ചിനുകളെ ഫോക്‌സ്‌വാഗണ്‍ പിന്‍വലിക്കുന്നത്.
Read more
ഇന്ത്യയില്‍ പെട്രോള്‍ എഞ്ചിന്‍ മോഡലുകളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബ്രാന്‍ഡിന് താത്പര്യം. അടുത്തിടെ ഇറങ്ങിയ ടൈഗൂണ്‍ എസ്‌യുവിയില്‍ വരെ ഈ ടര്‍ബോ ചാര്‍ജ്ഡ് യൂണിറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. അതികൊണ്ട് പുതുതായി വികസിപ്പിച്ച ഡീസല്‍ നാല് സിലിണ്ടര്‍ ഡീസല്‍ യൂണിറ്റുകളില്‍ പാരഫിനിക് ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന എഞ്ചിനുകള്‍ കമ്പനി ഇന്ത്യയിലേക്ക് അവതരിപ്പിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.