സാഹസിക യാത്രകൾക്കായി സ്‌പോർട്ടി ലുക്കിൽ ഫോക്‌സ്‌വാഗണിന്റെ ടൈഗൂണ്‍ ട്രയില്‍ എഡിഷന്‍ !

ജനപ്രിയ മോഡലായ ടൈഗൂണിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി ഫോക്‌സ്‌വാഗൺ. സേഫ്റ്റിയിലും ഡിസൈനിലും ഫീച്ചറുകളിലായാലും മിക്ക ആളുകളും ഇഷ്ടപ്പെടുന്ന ടൈഗൂണിനെ കൂടുതൽ ജനപ്രിയമാക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ ജർമൻ ബ്രാൻഡ് ഇപ്പോൾ ടൈഗൂൺ ട്രെയിൽ എഡിഷനെ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിലൊന്നിന്റെ പരുക്കൻ പതിപ്പാണിത്.

ടൈഗൂണിന്റെ ടോപ്പ് എൻഡ് ജിടി പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ട്രെയിൽ എഡിഷൻ ഇനി മുതൽ എസ്‌യുവിയുടെ ടോപ്പ് വേരിയന്റായിരിക്കും. സ്റ്റാൻഡേർഡ് മോഡലുകളെ വച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ അൽപം സ്‌പോർട്ടി ലുക്കോടെയാണ് ഈ ലിമിറ്റഡ് എഡിഷൻ വിപണിയിൽ എത്തുന്നത്. സ്പെഷ്യൽ എഡിഷൻ ആയതിനാൽ തന്നെ ട്രെയിൽ എഡിഷൻ വളരെ കുറഞ്ഞ എണ്ണത്തിൽ മാത്രമായിരിക്കും വിപണിയിൽ എത്തുക.

Volkswagen Taigun GT Edge Trail Edition launched in India at Rs. 16.30 lakh

ടെയിൽഗേറ്റിൽ ഒരു ‘ട്രെയിൽ’ ബാഡ്ജ്, പിൻ ഫെൻഡറുകളിൽ, ഡോറുകളിൽ, സി-പില്ലറിൽ പ്രത്യേക ഡീക്കലുകൾ, റെഡ് ഫിനിഷ്ഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ, ഫങ്ഷണൽ റൂഫ് റെയിലുകൾ, ബ്ലാക്ക്-ഔട്ട് 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് സ്പെഷ്യൽ പതിപ്പിനെ മിനുക്കാനായി നൽകിയിരിക്കുന്ന മാറ്റങ്ങൾ. കാർബൺ സ്റ്റീൽ ഗ്രേ, റെൽഫെക്സ് സിൽവർ, കാൻഡി വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ ട്രെയിൽ എഡിഷന്റെ എക്സ്റ്റീരിയർ വരുന്നത്.

അതേസമയം, സ്പെഷ്യൽ എഡിഷന്റെയും സ്റ്റാൻഡേർഡ് മോഡലുകളുടെയും ഇന്റീരിയറിൽ ഉള്ള വ്യത്യാസം സീറ്റ് അപ്ഹോൾസ്റ്ററിയാണ്. ബ്ലാക്ക്, കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗിൽ ‘ട്രെയിൽ’ എന്ന വാക്ക് ഉൾപ്പെടുത്തിയിരിക്കുന്നതാണ് ഒരേയൊരു മാറ്റം. ടൈഗൂൺ ജിടി ട്രിമ്മിൽ ലഭ്യമായ ഫീച്ചറുകളെല്ലാം സ്പെഷ്യൽ എഡിഷനും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിയർ ക്യാമറ, ടിപിഎംഎസ് തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവ കൂടാതെ ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, മൾട്ടി – ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ESC, ആക്റ്റീവ് സിലിണ്ടർ മാനേജ്മെന്റ് ടെക്നോളജി (ACT) എന്നിവയും എടുത്ത് പറയേണ്ട പ്രത്യേകതകളാണ്. എന്നാൽ വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകൾ ഈ ലിമിറ്റഡ് എഡിഷൻ മോഡലിൽ കാണാൻ സാധിക്കില്ല.

പുറത്തുള്ളതും അകത്തുള്ളതുമായ കാഴ്ച്ചകൾ റെക്കോഡ് ചെയ്യാനും ഇൻ-ബിൽറ്റ് 2 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയിൽ കാസ്‌റ്റ് ചെയ്യാനും കഴിയുന്ന ഒരു ഡാഷ്‌ക്യാം ട്രെയിൽ എഡിഷന് ഫോക്‌സ്‌വാഗൺ നൽകിയിട്ടുണ്ട്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയ അതേ 1.5 ലിറ്റർ ടിഎസ്‌ഐ ടർബോ പെട്രോൾ എഞ്ചിനിലാണ് സ്പെഷ്യൽ എഡിഷൻ വരുന്നത്.

Read more

ഈ എഞ്ചിന് 148 ബിഎച്ച്പി കരുത്തിൽ പരമാവധി 250 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. സാഹസികത ഇഷ്ടമുള്ളവരെ കൂടുതൽ ആകർഷിക്കാൻ ഫോക്സ്‌വാഗൺ ഒന്നിൽ കൂടുതൽ ട്രാക്ഷൻ മോഡുകൾ ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് എന്നീ വമ്പൻമാരോടാണ് ടൈഗൂണിന്റെ മത്സരം. സ്പെഷ്യൽ എഡിഷന് 16.29 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി നൽകേണ്ടത്.