വില 15 ലക്ഷത്തിൽ താഴെ ! ഈ ഉത്സവ സീസണിൽ വരാനിരിക്കുന്ന കാറുകൾ...

പുതിയൊരു കാർ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച സമയങ്ങളിൽ ഒന്നാണ് ഉത്സവ സീസൺ. ഈ സമയത്ത് ഇന്ത്യൻ വിപണിയിൽ ഉയർന്ന വിൽപ്പന സാധ്യത കണക്കിലെടുത്ത് നിരവധി പുതിയ കാറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പല പ്രമുഖ വാഹന നിർമാതാക്കൾ. ഈ ഉത്സവ സീസണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന 15 ലക്ഷം ബജറ്റിൽ വരുന്ന മോഡലുകൾ ഏതൊക്കെയെന്ന് നോക്കാം.

ഇന്ത്യയിൽ ടൊയോട്ട നെയിംപ്ലേറ്റിന് കീഴിൽ വിൽപ്പനയ്ക്കെത്തുന്ന അടുത്ത റീബാഡ്ജ് ചെയ്ത മാരുതി സുസുക്കി കാറായിരിക്കും റൂമിയോൺ. മാരുതി സുസുക്കിയുടെ എർട്ടിഗ അടിസ്ഥാനമാക്കിയുള്ള എംപിവി സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് സഖ്യം അവതരിപ്പിക്കും. ഇന്ത്യയിൽ നിന്ന് മാരുതി നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന എർട്ടിഗ അടിസ്ഥാനമാക്കിയുള്ള റൂമിയോൺ ദക്ഷിണാഫ്രിക്കൻ വിപണിയിൽ വിൽക്കുന്നുണ്ട്.

ടാറ്റ മോട്ടോർസിൽ നിന്നുള്ള 2023ലെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിൽ ഒന്നായിരിക്കും നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്. കർവ്വ് ICE കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ശൈലിയാണ് വാഹനത്തിനുള്ളത്. പുതിയ ക്യാബിൻ ലേഔട്ടിനൊപ്പം 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും വാഹനത്തിലുണ്ടാവും. 125 ബിഎച്ച്പി കരുത്തും 225 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന പുതിയ 1.2 ലിറ്റർ tGDi പെട്രോൾ എഞ്ചിൻ അപ്പ്ഡേറ്റഡ് പാക്കേജിന്റെ ഭാഗമാകും. കോംപാക്ട് എസ്‌യുവി അടുത്ത മാസം എത്താനാണ് സാധ്യത.

മിഡ് സൈസ് എസ്‌യുവി നിരയിലേക്കുള്ള ഹോണ്ടയുടെ ചുവടുവെയ്പ്പ് അടയാളപ്പെടുത്തി ജാപ്പനീസ് നിർമ്മാതാക്കൾ ജൂണിൽ അനാച്ഛാദനം ചെയ്ത വാഹനമാണ് എലിവേറ്റ്. സെപ്റ്റംബറിൽ വിപണിയിലെത്താനിരിക്കുന്ന എസ്‌യുവിയുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. ലോഞ്ചിനോട് അനുബന്ധിച്ച് തന്നെ ഡെലിവറികളും നടത്തുമെന്നാണ് പ്രതീക്ഷ. വില പ്രഖ്യാപനത്തിന് ശേഷം ഉടൻതന്നെ വിതരണം ആരംഭിക്കും എന്നാണ് റിപ്പോർട്ട്. സുപരിചിതമായ 1.5-ലിറ്റർ i-VTEC എഞ്ചിൻ 121 ബിഎച്ച്പി പവറും 145 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഏകദേശം 11 ലക്ഷം രൂപയിൽ എസ്‌യുവിയുടെ എക്സ്-ഷോറൂം വില ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിരത്തുകളിലേക്ക് എത്താൻ ഒരുങ്ങുന്ന മറ്റൊരു മിഡ് സൈസ് എസ്‌യുവിയാണ് സിട്രൺ C3 എയർക്രോസ്. അഞ്ച്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാണ്. 110 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് C3 എയർക്രോസിനുള്ളത്. ഏകദേശം 10 ലക്ഷം രൂപ പ്രാരംഭ വിലയിൽ വാഹനം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

Read more

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്ന് കാര്യമായ പുതിയ ലോഞ്ചുകളൊന്നും ഈ വർഷം ഉണ്ടായിട്ടില്ല. എന്നാൽ ബൊലേറോ നിയോയുടെ നീളമേറിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. എസ്‌യുവിക്ക് ബ്രാൻഡിന്റെ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാവും കരുത്ത് പകരുകയെന്ന് പ്രതീക്ഷിക്കുന്നു.