ഹൈലക്സിന് ലക്ഷങ്ങള്‍ വില കുറച്ച് ടൊയോട്ട !

ഇന്ത്യൻ വാഹന വിപണിയിലെ പ്രീമിയം ലൈഫ്സ്റ്റൈൽ യൂട്ടിലിറ്റി വാഹനമായ ഹൈലക്‌സിന്റെ വില കുറച്ച് ടൊയോട്ട. ലൈഫ്സ്റ്റൈൽ പിക്കപ്പിന്റെ സ്റ്റാൻഡേർഡ് മാനുവൽ ഗിയർബോക്‌സ് മോഡലിന് 3.59 ലക്ഷം രൂപയാണ് കമ്പനി ഇപ്പോൾ വെട്ടി കുറച്ചിരിക്കുന്നത്. ഇന്ത്യയിൽ ടൊയോട്ട ഹൈലക്‌സിനെ അവതരിപ്പിച്ചപ്പോൾ മൂന്ന് വകഭേദങ്ങളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 33.99 ലക്ഷം രൂപയായിരുന്നു വില. ഹൈ വേരിയന്റിന് 35.80 ലക്ഷം രൂപയും ഹൈ ഓട്ടോമാറ്റിക്കിന് 36.80 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില.

അതേസമയം, നിലവിലുള്ള മറ്റ് രണ്ട് വേരിയന്റുകളുടെ വില വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഹൈലക്‌സ് ഹൈ മാനുവൽ, ഹൈ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് യഥാക്രമം 1.35 ലക്ഷം രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ടൊയോട്ട വില ഉയർത്തിയിരിക്കുന്നത്. ഇനി മുതൽ 30.40 ലക്ഷം രൂപയായിരിക്കും മോഡലിന്റെ പുതുക്കിയ പ്രാരംഭ എക്സ്ഷോറൂം വില. ഈ വർഷം ആദ്യം രണ്ടാം ബാച്ചിന്റെ ബുക്കിംഗ് എക്‌സ്ഷോറൂം വിലകളിൽ ഒരു മാറ്റമില്ലാതെ വീണ്ടും ആരംഭിച്ചിരുന്നു. ഹൈലക്‌സ് സ്റ്റാൻഡേർഡ് 4×4 മാനുവലിന് 30.40 ലക്ഷം രൂപ, ഹൈലക്‌സ് ഹൈ 4×4 മാനുവലിന് 37.15 ലക്ഷം രൂപ, ഹൈലക്‌സ് ഹൈ 4×4 ഓട്ടോമാറ്റികിന് 37. 90 ലക്ഷം രൂപ എന്നിങ്ങനെയാണ് ടൊയോട്ട ഹൈലക്‌സിന്റെ പുതുക്കിയ വേരിയന്റുകൾ തിരിച്ചുള്ള എക്‌സ്ഷോറൂം വില.

ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണർ എസ്‌യുവിയും ഒരുക്കിയിട്ടുള്ള അതേ IMV-2 ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഹൈലക്‌സിന്റെ നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ട് ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും ചെലവുകളുമെല്ലാം ടൊയോട്ടയ്ക്ക് എളുപ്പവുമായിരുന്നു. ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, 700 mm വാട്ടർ വേഡിംഗ് കപ്പാസിറ്റി, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, റിയർ ഡിഫ് ലോക്ക് എന്നീ സവിശേഷതകളെല്ലാം ഉൾപ്പെടുന്നതിനാൽ ഏത് ഉയരത്തിൽ സഞ്ചരിക്കാനും ഈ പിക്കപ്പ് ട്രക്കിന് സാധിക്കും. 210 bhp കരുത്തിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കുന്ന ഫോര്‍ച്യൂണറില്‍ കാണുന്ന അതേ 2.8 -ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ജിഡി സീരീസ് ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഹീലക്‌സിലും ഉപയോഗിക്കുന്നത്. ഹൈലക്സിൽ ഫോർ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായാണ് ടൊയോട്ട സജ്ജീകരിച്ചിരിക്കുന്നത്. മാത്രമല്ല, ശരിയായ ലോ & ഹൈ റേഷ്യോ ട്രാൻസ്ഫർ കേസും ഉണ്ട്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് തെരഞ്ഞെടുക്കാനാവുക.

ഇന്നോവയിലൂടെയും ഫോർച്യൂണറിലൂടെയും വെട്ടിപ്പിടിച്ച വാഹന വിപണിയിലേക്ക് ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ടൊയോട്ട പ്രീമിയം ലൈഫ്സ്റ്റൈൽ യൂട്ടിലിറ്റി വാഹനമായ ഹൈലക്സിനെ കഴിഞ്ഞ വർഷം ആദ്യം അവതരിപ്പിച്ചത്. ഇതോടെ ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടാതെ കിടന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് ശ്രേണിക്ക് ഉണർവേകി ഹൈലക്സ്‌ മുന്നോട്ട് കുതിക്കുകയായിരുന്നു. വാഹനത്തിന്റെ ആദ്യ ബാച്ചിനായുള്ള ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ മികച്ച പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചത്. തുടർന്ന് ഡിമാൻഡ് വർധിക്കുകയും ചെയ്തു. ഇതോടെ ടൊയോട്ടയ്ക്ക് പിക്ക് അപ്പ് ട്രക്കിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്തേണ്ടിയും വന്നു.

ഇത്തരം വാഹനങ്ങൾ വിദേശ രാജ്യങ്ങളില്‍ നേരത്തെ തന്നെ ഹിറ്റായിരുന്നു എങ്കിലും ഇന്ത്യയിൽ അത്ര ജനപ്രിയമല്ലായിരുന്നു. ആളുകൾ ഈ വാഹനം ഏറ്റെടുക്കാൻ വൈകിയതും ഉയർന്ന വില കൊടുത്ത് ഈ മോഡൽ വാങ്ങുന്നതിന്റെ ആവശ്യകതയുണ്ടോ എന്ന സംശയവുമായിരുന്നു ഇതിന്റെ കാരണം. ഹൈലക്സിന്റെ വില കൂടുതലാണ് ഒരു പരിധി വരെ ഇവ വാങ്ങുന്നതിന് തടസ്സമായത്. അഞ്ച് സീറ്റുകളുള്ള ഈ വാഹനം ഒരു ഓഫ്-റോഡര്‍ കൂടിയാണ്. സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്, ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍, സില്‍വര്‍ മെറ്റാലിക്, ഗ്രേ എന്നിവയാണ് ടൊയോട്ട ഓഫര്‍ ചെയ്യുന്ന അഞ്ച് കളര്‍ സ്‌കീമുകള്‍.