ഇനി അല്‍പ്പം ഹൈടെക് ആകാം; ടൊയോട്ട ഫോർച്യൂണർ മൈൽഡ്-ഹൈബ്രിഡ് !

ലുക്കിലായാലും പെർഫോമൻസിലായാലും അന്നും ഇന്നും കേമന്മാരാണ് ഫുൾ സൈസ് സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ. ഇന്ത്യൻ നിരത്തുകളിൽ പ്രീമിയം കാറുകളെക്കാൾ ആളുകൾക്ക് താൽപര്യം നെടുനീളൻ എസ്‌യുവികളോടാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അങ്ങനെയുള്ള എസ്‌യുവി നിരയിലെ രാജാവാണ് ടൊയോട്ട ഫോർച്യൂണർ. ഇപ്പോഴിതാ ഈ സ്ഥാനം ഊട്ടിയുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട. സാങ്കേതികപരമായി കുറച്ച് ഹൈടെക് ആകാനുള്ള നീക്കത്തിലാണ് എസ്‌യുവി.

ഇന്ത്യൻ നിരത്തുകളിൽ എത്തിയിട്ടുള്ള ഫോർച്യൂണർ ലെജൻഡറിലേതുപോലെ തന്നെയാണ് ഈ ഹൈബ്രിഡ് പതിപ്പും ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ചില മാറ്റങ്ങൾ വാഹനത്തിൽ കാണാൻ സാധിക്കും. ഇതിലെ ഉയർന്ന ഇന്ധനക്ഷമതായാണ് ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. റെഗുലർ ഡീസൽ മോഡലിനെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടിയ മൈലേജാണ് ഹൈബ്രിഡ് സംവിധാനത്തിലുള്ള ഫോർച്യൂണറിന് ലഭിക്കുക. എന്നാൽ കൃത്യമായ ഇന്ധനക്ഷമത സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തൽ ഇതുവരെ ഉണ്ടായിട്ടില്ല.

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് പുതുതായി ഒരുക്കുന്ന ഫോർച്യൂണറിലെ പ്രധാനമായി എടുത്തു പറയേണ്ട കാര്യം. 2.8 ലിറ്റർ ഡീസൽ എൻജിനൊപ്പം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം നൽകും. ഈ സംവിധാനം 16 ബിഎച്ച്പി പവറും 42 എൻഎം ടോർക്കും നൽകുന്നു. ഡീസൽ എൻജിനും മോട്ടോറും ചേർന്ന് 201 ബിഎച്ച്പി പവറും 500 എൻഎം ടോർക്കും നൽകും. ഹൈബ്രിഡ് സംവിധാനത്തിനോടൊപ്പം നൽകുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററിന്റെ സഹായത്തോടെ ടോർക്ക് അസിസ്റ്റ് ഉറപ്പാക്കുകയും മികച്ച ട്രാൻസ്മിഷനും ത്രോട്ടിൽ അനുഭവവും നൽകുന്നു.

ടൂ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് മോഡലുകളിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പതിപ്പിലായിരിക്കും മൈൽഡ് ഹൈബ്രിഡ് സംവിധാനം ഒരുക്കുന്നത് എന്നാണ് വിവരം. വാഹനത്തിന്റെ ഓഫ് റോഡ് കപ്പാസിറ്റിയെ ഒന്നും ഇത് ബാധിക്കില്ല എന്നും ടൊയോട്ട ഉറപ്പു നൽകുന്നുണ്ട്. മറ്റൊരു സവിശേഷത പുതിയ ഫോർച്യൂണറിന്റെ മികച്ച എൻവിഎച്ച് ലെവലാണ്. ടോർക്ക് അസിസ്റ്റ് എൻജിൻ ശബ്ദം കുറയ്ക്കുമെന്നും ഗിയർ ഷിഫ്റ്റ് കൂടുതൽ സ്മൂത്ത് ആകുമെന്നുമാണ് വിലയിരുത്തൽ.

കൂടുതൽ സുരക്ഷ ഫീച്ചറുകളും ഈ വാഹനത്തിൽ നൽകുന്നുണ്ട്. സൗത്ത് ആഫ്രിക്കയിൽ പ്രദർശിപ്പിച്ച ഫോർച്യൂണർ എംഎച്ച്ഇവി മോഡലിൽ അഡാസ് സ്യൂട്ട് നൽകിയിരുന്നു. ലെയ്ൻ ഡിപാർച്ചർ അലേർട്ട്, പ്രീ-കൊളീഷൻ സിസ്റ്റം, ലെയ്ൻ ട്രെയ്സിങ്ങ് അസിസ്റ്റന്റ്, ഡൈനാമിക റഡാർ ക്രൂയിസ് കൺട്രോൾ, റോഡ് സൈൻ അസിസ്റ്റന്റ്, ഓട്ടോമാറ്റിക് ഹൈ ബീം, പ്രോ ആക്ടീവ് ഡ്രൈവിങ്ങ് അസിസ്റ്റ് തുടങ്ങിയവ അഡാസ് ഒരുക്കുന്ന സുരക്ഷ ഫീച്ചറുകളാണ്.

ടൊയോട്ടയുടെ ടിഎൻജിഎ-എഫ് പ്ലാന്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങുന്നത്. വാഹനത്തിന് കാര്യമായ ഡിസൈൻ മാറ്റമാണ് പ്രതീക്ഷിക്കുന്നു. റെഗുലർ ഫോർച്യൂണറിനെക്കാൾ ഭാരം ഉയരും കൂടുതലായിരിക്കും എന്നതും ശ്രദ്ധേയമാണ്. മൈൽഡ് ഹൈബ്രിഡിനെ പിന്തുണയ്ക്കാൻ നൽകുന്ന ബാറ്ററിയുടെയും ഐഎസ്ജിയുടെയും ഭാരം ഏകദേശം 80 കിലോഗ്രാം വരും. വാഹനത്തിന്റെ മുഴുവൻ ഭാരത്തിൽ ഇത് പ്രതിഫലിക്കും എന്നാണ് കരുതുന്നത്. ഡ്രൈവബിലിറ്റിയെ ഇത് അനുകൂലമായി ബാധിക്കും.

നിലവിൽ ഹൈബ്രിഡ് ഹൃദയവുമായി എത്തുന്ന അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ് തുടങ്ങിയ ജനപ്രിയ മോഡലുകൾ ഇന്ത്യയിൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. മോഡൽ നിരയിലേക്ക് മറ്റൊരു ഹൈബ്രിഡ് മോഡൽ കൂടി ചേരുന്നത് വിൽപ്പന ഉയർത്താൻ സഹായിക്കുമെന്നാണ് ടൊയോട്ട കരുതുന്നത്. കാറിന്റെ വേരിയന്റുകളെയും വിലയെയുംകുറിച്ച് ഇതുവരെ യാതൊരു വിവരങ്ങൾ വന്നിട്ടില്ല. ലോഞ്ച് തീയതി അടുക്കുമ്പോൾ കമ്പനി തന്നെ ഇവ വെളിപ്പെടുത്താനാണ് സാധ്യത. എന്തായാലും ഹൈബ്രിഡ് ഫോർച്യൂണറിന്റെ വരവിനായി കാത്തിരിക്കുകയാണ് ഏവരും.