ഒരു തലമുറ വിപണിയില്‍ നിന്ന് കളമൊഴിയുന്നു; എഴുപതാം വര്‍ഷത്തെ അടയാളപ്പെടുത്തി ‘ഥാര്‍ 700’

2010 മുതല്‍ മഹീന്ദ്രയുടെ ഥാര്‍ മാറ്റങ്ങളില്ലാതെ വിപണിയിലുണ്ട്. ഇപ്പോഴിതാ കമ്പനിയുടെ എഴുപതാം വാര്‍ഷികത്തെ അടയാളപ്പെടുത്തി ഥാറിനെ മഹീന്ദ്ര അടിമുടി ഉടച്ചുവാര്‍ക്കുകയാണ്. അടുത്ത തലമുറ ഥാര്‍ വിപണിയിലെത്തിക്കുന്നതിന് മുമ്പ് ലിമിറ്റഡ് എഡിഷന്‍ മോഡലായ ഥാര്‍ 700 മഹീന്ദ്ര അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷനായ മോഡലിന്റെ 700 യൂണിറ്റുകള്‍ മാത്രമേ പുറത്തിറങ്ങുകയുള്ളു. മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴിയും കമ്പനി വെബ്‌സൈറ്റ് വഴിയും ഇവ ബുക്ക് ചെയ്യാം. നിലവിലെ മോഡലിന്റെ അവസാന 700 യൂണിറ്റായിരിക്കും ഇത്.

9.99 ലക്ഷം രൂപയാണ് ഥാര്‍ 700 ന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില. ജനപ്രീതി നേടിയ നാപ്പോളി ബ്ലാക്ക്, അക്വാമറൈന്‍ നിറത്തിലും മഹീന്ദ്ര ഥാര്‍ 700 ലഭിക്കും. മുന്‍ ഫെന്‍ഡറിന് മുകളിലെ പ്രത്യേക ബാഡ്ജാണ് മഹീന്ദ്ര ഥാര്‍ 700 മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ഒപ്പ് ഇവിടെ കാണാം. ബ്ലാക്ക് ഫിനിഷ് ഗ്രില്‍, വശത്തും ബോണറ്റിലും ഡീക്കാളുകള്‍, പുതിയ സ്‌റ്റൈലിലുള്ള 5 സ്‌പോക്ക് അലോയ് വീലുകള്‍, ബംപറില്‍ സില്‍വര്‍ ഫിനിഷ് എന്നിവ ശ്രദ്ധിക്കപ്പെടും.

Thar 700 Marks The End Of An Era!

ഥാര്‍ ലോഗോയോടുകൂടിയ ലെതര്‍ സീറ്റാണ് അകത്തെ പ്രധാന ആകര്‍ഷണം. സുരക്ഷയ്ക്കായി എബിഎസ് സംവിധാനവും വാഹനത്തിലുണ്ട്. അതേസമയം ഥാറിലെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഥാര്‍ 700 എഡിഷനും കരുത്തേകുന്നത്. 3800 ആര്‍പിഎമ്മില്‍ 105 ബിഎച്ച്പി പവറും 1800-2000 ആര്‍പിഎമ്മില്‍ 247 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.