ഹ്യുണ്ടായ് ക്രെറ്റ, മാരുതി വിക്ടോറിസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ് തുടങ്ങിയ വമ്പന്മാരുമായി മത്സരിക്കാൻ മിഡ്-സൈസ് എസ്‌യുവി നിരയിൽ ടാറ്റ മോട്ടോർസ് എത്തിച്ച മോഡലാണ് സിയറ. വിലയിൽ ഉൾപ്പടെ ഞെട്ടിച്ചുകൊണ്ട് എത്തിയ സിയറ ഡിസൈനിലും ഫീച്ചറുകളിലും അത്ഭുതപ്പെടുത്തി. പുതിയ മോഡുലാർ ARGOS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവി 11.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ വാങ്ങാമെന്നത് ഷോറൂമിലേക്ക് ആളുകളെ എത്തിക്കുന്ന ഒരു കാര്യമാണ്. സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ എന്നിങ്ങനെ പല വേരിയൻ്റുകളിലാണ് വിപണിയിൽ എത്തുന്നത്. എന്നാൽ സിയറയുടെ ബേസ് മോഡലിൻ്റെ മാത്രം വിലയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസത്തിൽ ടാറ്റ മോട്ടോർസ് പൂർണമായ വില നിർണയം ആളുകളിലേക്ക് എത്തിക്കും. 2025 ഡിസംബർ 16-ാം തീയതി ടാറ്റ സിയറ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിക്കും. മോഡലിനായുള്ള ഡെലിവറികൾ 2026 ജനുവരി 15-ന് തുടങ്ങുമെന്നും ടാറ്റ മോട്ടോർസ് അറിയിച്ചിട്ടുണ്ട്.
ARGOS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള താണ് സിയറ. അതിനാൽ ഭാവിയിൽ സിയറയുടെ 7-സീറ്റർ പതിപ്പും വ്യത്യസ്‌ത ഫ്യുവൽ ഓപ്ഷനുകളും വിപണിയിൽ എത്താനുള്ള സാധ്യതയുമുണ്ട്. സിയറയുടെ ഇലക്ട്രിക് പതിപ്പ് അടുത്ത വർഷം ആദ്യം പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സെവൻ സീറ്റർ പതിപ്പും സിഎൻജി പതിപ്പും ഇതിന് പിന്നാലെയെത്തുമെന്ന സൂചനയാണ് കമ്പനി നൽകുന്നത്. ശരിക്കുമുള്ള സിയറയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് പുത്തൻ മോഡലിൽ ഫോർ-വീൽ-ഡ്രൈവ് സംവിധാനം എത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഡിസൈൻ തന്നെയായിരിക്കും പുതിയ സിയറയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. എന്നാൽ ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ടർബോ പെട്രോൾ എസ്‌യുവിയായിരിക്കും ടാറ്റ സിയറ എന്നതാണ് മറ്റൊരു ഹൈലൈറ്റ്.
1.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയിലെ ഒരു ഓപ്ഷൻ. ഇതിന് 160 bhp പവറിൽ പരമാവധി 255 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് മാത്രമേ ഇതിൽ വാഗ്‌ദാനം ചെയ്യൂവെന്നാണ് ടാറ്റ പറയുന്നത്. പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോളിന് പുറമെ 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിവയാണ് സിയറയിലെ മറ്റ് എഞ്ചിൻ ഓപ്ഷനുകൾ. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിയുടെ ഭാഗമാണ്. ബേസ് വേരിയൻ്റുകളിൽ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിന് 105 bhp പവറിൽ 145Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്.
116 bhp പവറിൽ 260 Nm ടോർക്ക് നൽകുന്ന ടാറ്റയുടെ 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 26.5-ഡിഗ്രി അപ്രോച്ച് ആംഗിൾ, 23.1-ഡിഗ്രി റാംപ്-ഓവർ ആംഗിൾ, 31.6-ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, 205 mm ഗ്രൗണ്ട് ക്ലിയറൻസ്, 10.6 മീറ്റർ ടേണിംഗ് സർക്കിൾ എന്നിവയുള്ള എസ്‌യുവിക്ക് അനായസം ഓഫ്-റോഡിലും കഴിവ് തെളിയിക്കാനാകും. ടാറ്റ മോട്ടോർസിൻ്റെ മറ്റ് എസ്‌യുവികളെ പോലെ തന്നെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ പുതിയ സിയറയും 5-സ്റ്റാർ റേറ്റിംഗ് നേടുമെന്നാണ് കരുതുന്നത്. 6 എയർബാഗുകൾ, ISOFIX സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, സ്റ്റാൻഡേർഡായി 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഇബഡി ഉള്ള എബിഎസ്, ഹിൽ-ഹോൾഡ്, 22 ഫീച്ചറുകളുള്ള ലെവൽ 2+ ADAS സ്യൂട്ട് എന്നിവയാണ് സുരക്ഷക്കായി കൊടുത്തിരിക്കുന്നത്.







