ഇടിവിനിടയിലും ഇന്ത്യന്‍ വിപണിയിലേക്ക് എത്താനൊരുങ്ങി ഈ ബ്രിട്ടീഷ് സൂപ്പര്‍കാര്‍

ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്ലാറന്‍ ഓട്ടോമോട്ടീവ് ഏഷ്യന്‍ വിപണികളിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. മക്ലാറന്‍ സിഇഒ മൈക്ക് ഫ്ളെവിറ്റ് ഡെട്രോയിറ്റില്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനക്ക് പുറത്തെ ഏഷ്യന്‍ വിപണികളില്‍ ആവശ്യകത ശക്തമാണെന്നും ഏഷ്യയില്‍ കൂടുതല്‍ കാറുകള്‍ എത്തിക്കേണ്ടതുണ്ടെന്നും തങ്ങളുടെ അടുത്ത വലിയ വിപണികള്‍ ഇന്ത്യയും റഷ്യയുമാണെന്നും ഈ രണ്ട് വിപണികളിലും കമ്പനി ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണെന്നും മൈക്ക് ഫ്ളെവിറ്റ് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ നിരത്തുകളിലെ മക്ലാറന്‍ കാറുകള്‍ ഇറക്കുമതി ചെയ്തവയാണ്.

2025 ഓടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടത്താന്‍ മക്ലാറന്‍ ഗ്രൂപ്പ് ഉടമകള്‍ ആലോചിക്കുന്നതായി മൈക്ക് ഫ്ളെവിറ്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ‘മക്ലാറന്‍ റേസിംഗ്’ ഉള്‍പ്പെടെ ഗ്രൂപ്പിലെ എല്ലാ യൂണിറ്റുകളും ലാഭത്തിലെത്തിയാല്‍ മാത്രമേ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് സാധ്യതയുള്ളൂവെന്ന് സിഇഒ ഈയിടെ വ്യക്തമാക്കുകയും ചെയ്തു.

മക്ലാറന്‍ ഓട്ടോമോട്ടീവിന്റെ ഏറ്റവും വലിയ വിപണിയായ യുകെയിലെ വില്‍പ്പന ഇടിഞ്ഞിരിക്കുകയാണ്. 2018 ല്‍ ആഗോളതലത്തില്‍ 4,800 ഓളം കാറുകളാണ് മക്ലാറന്‍ വിറ്റത്. 2019 ല്‍ വില്‍പ്പനയില്‍ ചെറിയ ഇടിവ് പ്രതീക്ഷിക്കുന്നു. 2024 ഓടെ പുതിയൊരു കാര്‍ നിര്‍മാണശാല ആരംഭിക്കുമെന്നും സിഇഒ വ്യക്തമാക്കി. ആഗോളതലത്തില്‍ പ്രതിവര്‍ഷം 6,000 കാറുകള്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.