കറുപ്പണിഞ്ഞ് പരിഷ്‌കാരിയായി ഹ്യുണ്ടായി വെന്യു; വരവറിയിച്ച് നൈറ്റ് എഡിഷൻ !

വെന്യൂവിന്റെ നൈറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായ്. ക്രെറ്റ, അൽകസാർ തുടങ്ങിയ വാഹനങ്ങൾക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ പുറത്തിറക്കുന്ന മൂന്നാമത്തെ നൈറ്റ് എഡിഷനാണിത്. സബ്-4 മീറ്റർ എസ്‌യുവിയുടെ ഈ സ്പെഷ്യൽ എഡിഷൻ വേരിയന്റ് മൂന്ന് വേരിയന്റുകളിൽ മാത്രമേ ലഭ്യമാവുകയുള്ളു.

കറുപ്പ് നിറമാണ് നൈറ്റ് എഡിഷന്റെ ഏറ്റവും വലിയ ആകർഷണീയത. ഇതിന് പുറമെ എക്സ്റ്ററിൽ കൊണ്ടു വന്ന ഡാഷ്ക്യാം ഉൾപ്പടെ പുതിയ 23 ഫീച്ചറുകളുമായാണ് വാഹനം വിപണിയിലെത്തുന്നത്. ഫ്രണ്ട് ഗ്രിൽ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന, പുറത്തെ റിയർവ്യൂ മിററുകൾ, സ്‌കിഡ് പ്ലേറ്റുകൾ, ഹ്യുണ്ടായി ലോഗോ എന്നിവ ഇപ്പോൾ കറുപ്പ് നിറത്തിലാണ് എത്തുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് അലോയ് വീലുകളും വീൽ കവറുകളും കറുപ്പ് നിറത്തിൽ തന്നെയാവും ലഭിക്കുക.

എഡിഷനിലെ കറുപ്പിനൊപ്പം ചില ഭാഗത്തായി നൽകിയിട്ടുള്ള ബ്രാസ് കളർ ഓപ്ഷന്റെ ഉപയോഗം എസ്‌യുവിയുടെ പ്രീമിയംനെസ് വർധിപ്പിക്കുന്നു. ഫ്രണ്ട്, റിയർ ബമ്പർ,  റൂഫ് റെയിലുകൾ, ഫ്രണ്ട് വീലുകൾ എന്നിവയിലാണ് ഇതിന്റെ ഇൻസെർട്ടുകൾ ഇടം പിടിച്ചിരിക്കുന്നത്. ബോഡി കളറിന്റെ മാറ്റത്തിനൊപ്പം ഇന്റീരിയറിലും ചില മാറ്റങ്ങൾ കൊണ്ടുവരാണ് കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.

നൈറ്റ് എഡിഷന്റെ അകത്തളം ബ്രാസ് നിറത്തിലുള്ള ഇൻസെർട്ടുകളോട് കൂടിയ ഓൾ-ബ്ലാക്ക് ഇന്റീരിയർ തീമിലാണ് എസ്‌യുവി എത്തുന്നത്. സീറ്റ് അപ്ഹോൾസ്റ്ററിയിലും ഈ തീം തന്നെയാണുള്ളത്. ഡ്യുവൽ ക്യാം ഡാഷ് ക്യാമറ, ഓട്ടോ-ഡിമ്മിംഗ് IRVM, 3D ഡിസൈനർ ഫ്ലോർ മാറ്റുകൾ എന്നിവ പോലുള്ള അധിക ഫീച്ചറുകൾ ഹോട്ട് സെല്ലിംഗ് സെഗ്മെന്റിൽ വെന്യുവിന്റെ പുതിയ സ്പെഷ്യൽ എഡിഷന് മുതൽക്കൂട്ടാകും.

അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, ഫിയറി റെഡ് വിത്ത് അബിസ് ബ്ലാക്ക് എന്നിങ്ങനെ നാല് മോണോടോണിലും ഒരു ഡ്യുവൽ ടോൺ നിറത്തിലും ഹ്യുണ്ടായി വെന്യൂ നൈറ്റ് എഡിഷൻ ലഭിക്കും. വിവേചനാധികാരമുള്ള ഉപഭോക്താക്കളുടെ കായികവും വ്യത്യസ്തവുമായ ആവശ്യകതകൾ കണക്കിലെടുത്താണ് വെന്യു നൈറ്റ് എഡിഷൻ വികസിപ്പിച്ചിരിക്കുന്നതെന്ന് വാഹനം അവതരിപ്പിച്ചുകൊണ്ട് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ സിഒഒ തരുൺ ഗാർഗ് പറഞ്ഞു.

ഹ്യുണ്ടായി വെന്യു നൈറ്റ് എഡിഷനിൽ ഉപഭോക്താക്കൾക്ക് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1. 2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിൻ തെരഞ്ഞെടുക്കാം. ഇത് S(O), SX വേരിയന്റുകളിൽ ലഭ്യമാണ്. SX(O) വേരിയന്റിൽ 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓപ്ഷനുകൾക്കൊപ്പം 1.0 ലിറ്റർ T-GDi പെട്രോൾ എഞ്ചിനും കമ്പനി ഒരുക്കിയിട്ടുണ്ട്.

10 ലക്ഷം രൂപ മുതൽ 13.48 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വെന്യു നൈറ്റ് എഡിഷന് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഹ്യുണ്ടായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു വെന്യു ഫ്ലക്സ് എഡിഷനും അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത് ദക്ഷിണ കൊറിയൻ വിപണിയിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്.