ഓഫ്‌റോഡ് സഞ്ചാരികളെ ശാന്തരാകുവിന്‍; പുതിയ മോഡല്‍ മഹീന്ദ്ര ഥാര്‍ ജനുവരിയില്‍; വിലയില്‍ അഞ്ചു ലക്ഷം വരെ കുറവ്!

കുന്നിലും മലയിലും ചെളിയിലും കരുത്തോടെ കുതിക്കുന്ന മഹീന്ദ്ര ഥാര്‍ ഏല്ലാവരുടെയും ഒരു സ്വപ്‌ന വാഹനമാണ്. ഇന്ത്യയില്‍ ഥാറിന് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. ഓഫ്റോഡ് റെയിഡുകള്‍ നടത്തുന്ന എല്ലാവരുടെ ബക്കറ്റ് ലിസ്റ്റിലുള്ള ഒരു വാഹനമാണ് ഥാര്‍. എന്നാല്‍, പലപ്പോഴും വാഹനത്തിന്റെ വില പലരെയും ഞെട്ടിച്ചിരുന്നു. സാധാരണക്കാര്‍ക്ക് ഒരിക്കലും വാങ്ങിക്കാന്‍ പറ്റാത്ത ഒരു പ്രീമിയം വാഹനമെന്ന പേരിലേക്ക് ഥാര്‍ മാറിയിരുന്നു.

എന്നാല്‍, ഈ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര ഥാര്‍. കുറഞ്ഞ വിലയില്‍ പുതിയ വാഹനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. 2.2 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമാണ് ഥാറിന് ഇതുവരെ കരുത്ത് പകര്‍ന്നിരുന്നത്. എന്നാല്‍ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മഹീന്ദ്ര ഉടന്‍ അവതരിപ്പിക്കും. പുതിയ എഞ്ചിന്‍ വരുന്നതോടെ സബ് നാലു മീറ്റര്‍ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി ഇളവ് ഈ മോഡലിന് ലഭിക്കും. ഇത് വാഹനത്തിന്റെ വില കുറയാന്‍ സഹായിക്കും.

മഹീന്ദ്രയുടെ മരാസോയില്‍ ഉപയോഗിക്കുന്ന 1497 സിസി കരുത്തുള്ള എഞ്ചിന്‍ പുതിയ വാഹനത്തില്‍ ഉപയോഗിക്കുന്നത്. 117 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് എഞ്ചിന്‍. വില പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ഈ മോഡലില്‍ 4/4 സാങ്കേതികവിദ്യ ഉണ്ടാകില്ല. പുതിയ വാഹനം 2 വീല്‍ ഡ്രൈവ് വാഹനമായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെ വാഹനത്തിന്റെ വില പത്തു ലക്ഷത്തിന് താഴെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2013ല്‍ പുതിയ മഹീന്ദ്ര ഥാര്‍ പുറത്തിറക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.