ഓരോ അഞ്ച് മിനിറ്റിലും ഓരോ ക്രെറ്റയുടെ ഡെലിവറി; വാങ്ങാൻ ആളുകളുടെ തിരക്ക് !

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് ഇപ്പോൾ ട്രെൻഡിങ്ങിൽ മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയിരിക്കുകയാണ് ഹ്യുണ്ടായ് ക്രെറ്റ. കഴിഞ്ഞ മാസം മാത്രം മിഡ്- സൈസ് എസ്‌യുവിയുടെ 15,276 യൂണിറ്റുകളാണ് കമ്പനി നിരത്തിൽ എത്തിച്ചത്.

നിലവിൽ 75,000 ബുക്കിംഗ് എന്ന നാഴികക്കല്ല് താണ്ടാൻ മോഡലിന് സാധിച്ചു എന്നാണ് ഹ്യുണ്ടായി പറയുന്നത്. ക്രെറ്റയുടെ ഏറ്റവും പുതിയ പതിപ്പ് ഈ വർഷം ജനുവരിയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വെറും 60 ദിവസം കൊണ്ട് ഉയർന്ന ബുക്കിംഗ് കണക്കുകൾ സ്വന്തമാക്കാൻ ദക്ഷിണ കൊറിയൻ ബ്രാൻഡിന് സാധിക്കുകയും ചെയ്തു. ഹ്യുണ്ടായി 2015 മുതൽ ഇന്ത്യയിൽ മാത്രം വിറ്റഴിച്ച ക്രെറ്റയുടെ എണ്ണം 10 ലക്ഷത്തിനും മുകളിലായതും ഈയിടെയായിരുന്നു.

ഇന്ത്യയിൽ ഓരോ അഞ്ച് മിനിറ്റിലും ഒരു ക്രെറ്റയുടെ ഡെലിവറി നടക്കുന്നുണ്ട് എന്നാണ് ഹ്യുണ്ടായി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ മുഖംമിനുക്കിയെത്തിയ മോഡൽ വിൽപ്പനയുടെ വേഗം വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപോർട്ടുകൾ. ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വാങ്ങാൻ ആളുകളുടെ തിരക്കാണ്.

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഒന്നിലധികം ഗിയർബോക്‌സുകളും അവതരിപ്പിക്കുന്നതാണ് ക്രെറ്റ വാങ്ങാൻ പ്രചോദിപ്പിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്. അതോടൊപ്പം ADAS കൂടി ചേർത്തതോടെ വണ്ടി കൂടുതൽ സ്റ്റൈലിഷ് ആയി കൊണ്ടുനടക്കാം.

പുതുക്കിയ ഫീച്ചർ ലിസ്റ്റ് എസ്‌യുവിയുടെ ആകർഷണീയത ഉയർത്തി എന്ന് മാത്രമല്ല, പുത്തൻ സ്റ്റൈലിംഗിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭൂരിഭാഗം പേരും പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തെരഞ്ഞെടുക്കുമ്പോൾ ക്രെറ്റ വാങ്ങുന്നവരിൽ 43 ശതമാനവും ഡീസൽ എഞ്ചിൻ വേരിയന്റുകൾ വാങ്ങാനാണ് താത്പര്യം കാണിക്കുന്നത്.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ C3 എയർക്രോസ് പോലുള്ള വമ്പന്മാരുമായി ഏറ്റുമുട്ടിയാണ് ഹ്യുണ്ടായി ക്രെറ്റ ഉയരങ്ങൾ കീഴടക്കുന്നത്.

E, EX,S,S(O),SX,SX Tech, SX(O) എന്നീ ഏഴ് വേരിയന്റുകളിലാണ് പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് നിലവിൽ തെരഞ്ഞെടുക്കാനാവുന്നത്. ബേസ് വേരിയന്റുകളിലെ 1.5 ലിറ്റർ MPi പെട്രോൾ യൂണിറ്റിന് 115 bhp പവറിൽ പരമാവധി 144 Nm torque ഉത്പാദിപ്പിക്കാനാവും. അതേസമയം 1.5 ലിറ്റർ U2 CRDi ഡീസൽ 116 bhp കരുത്തിൽ പരമാവധി 250 Nm torque വരെ നൽകുകയും ചെയ്യും. കൂടുതൽ മൈലേജ് വേണ്ടവരെല്ലാം ഡീസൽ പതിപ്പിലേക്കാണ് നീങ്ങുന്നത്.

പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിച്ചിരിക്കുന്ന 1.5 ലിറ്റർ കാപ്പ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷന് 160 bhp പവറിൽ പരമാവധി 253 Nm torque വരെ നിർമിക്കാനാവും. 6-സ്പീഡ് മാനുവൽ, IVT ഓട്ടോമാറ്റിക്, 7 സ്പീഡ് DCT ഓട്ടോമാറ്റിക്, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഹ്യുണ്ടായി ക്രെറ്റയ്ക്കൊപ്പം വാഗ്‌ദാനം ചെയ്യുന്ന ഗിയർബോക്‌സ് ഓപ്ഷനുകൾ. ഇനി ക്രെറ്റയുടെ N-ലൈൻ മോഡൽ കൂടി എത്തുന്നതോടെ വിൽപ്പന ഇനിയും ഉയരും.

വില, ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ, വൈവിധ്യമാർന്ന ഗിയർബോക്‌സ് കോമ്പിനേഷൻ, ഫീച്ചറുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ മോഡൽ സെഗ്മെന്റിലെ സ്റ്റാറാകുന്നതിൽ അത്ഭുതപ്പെടാനില്ല. നിലവിൽ 10.99 ലക്ഷം രൂപ മുതൽ 20.15 ലക്ഷം രൂപ വരെയാണ് പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് വരുന്ന എക്സ്ഷോറൂം വില വരുന്നത്.