ബി.എസ്-6 വാഹനങ്ങളില്‍ സി.എന്‍.ജി. കിറ്റുകള്‍ക്ക് വൈകാതെ അനുമതി

ബി.എസ്-6 വാഹനങ്ങളില്‍ സി.എന്‍.ജി. കിറ്റുകള്‍ ഘടിപ്പിക്കാന്‍ വൈകാതെ അനുമതി നല്‍കും.ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സി.എന്‍.ജി. ഇന്ധനം ഉപയോഗിക്കുന്ന വന്‍നഗരങ്ങളിലെ വാഹനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനുള്ള മാര്‍ഗരേഖയുടെ കരട് മന്ത്രാലയം പുറത്തിറക്കി. സി.എന്‍.ജി.ക്ക് വില കുറവായതിനാല്‍ ഇന്ധനച്ചെലവ് 40 മുതല്‍ 50 വരെ ശതമാനം ലാഭിക്കാനാവും.

ബി.എസ്-4 വരെയുള്ള മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ക്കു മാത്രമേ സി.എന്‍.ജി. കിറ്റ് ഘടിപ്പിക്കാന്‍ നിലവില്‍ അനുമതിയുള്ളൂ.

പുതുതായി വില്‍ക്കുന്ന വാഹനങ്ങളെല്ലാം ബി.എസ്-6 വിഭാഗത്തില്‍പെടുന്നവയാണ്. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. എഞ്ചിന്‍ശേഷി 1500 സി.സി.വരെയുള്ള വാഹനങ്ങളില്‍ സി.എന്‍.ജി. കിറ്റ് ഘടിപ്പിക്കാം.