സൈക്കിളായാലും കാറായാലും ഒരു വാഹനത്തിന്റെ മുഴുവൻ ഭാരവും വഹിക്കുകയും സുഗമവും സുരക്ഷിതവുമായ യാത്രകൾ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നവയാണ് ടയറുകൾ. വർഷങ്ങളായി ഇന്ത്യക്കാർ പരമ്പരാഗതമായ ട്യൂബ് ടയറുകളും ട്യൂബ്ലെസ് ടയറുകളുമാണ് ഉപയോഗിച്ച് വരുന്നത്. വാഹനവിപണിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ടയറിന്റെ സുരക്ഷയും ഒരു പ്രധാന ഘടകമാണ്. പഞ്ചർ, എയർ ലീക്കേജ്, ടയർ പൊട്ടൽ തുടങ്ങിയവ ഒക്കെയായിരുന്നു കുറച്ചു കാലം മുൻപ് വരെ ടയറുകളുടെ പ്രശ്നങ്ങൾ. എന്നാൽ ട്യൂബ്ലെസ് ടയറുകൾ വന്നതോടെ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറഞ്ഞു. എന്നാൽ ഇപ്പോഴിതാ അതിനേക്കാൾ നൂതനമായ ഒരു സാങ്കേതിക വിദ്യയാണ് ചർച്ചയാകുന്നത്. എയർ അല്ലെങ്കിൽ കാറ്റടിക്കാതെ പ്രവർത്തിക്കാൻ പറ്റുന്ന ‘എയർലെസ് ടയർ’ അല്ലെങ്കിൽ ‘നോൺ ന്യൂമാറ്റിക് ടയറുകൾ’ ആണ് പുതുതായി വരാൻ പോകുന്നത്.
ടയറിനുള്ളിൽ എയർ നിറക്കുന്നതിന് പകരമായി ഫ്ളക്സിബിൾ റബ്ബർ സ്പോക്കുകൾ, ശക്തിയുള്ള കോമ്പോസിറ്റ് മെറ്റീരിയലുകൾ, സോളിഡ് സൈഡ് വാളുകൾ എന്നിവയുപയോഗിച്ചാണ് ഈ ടയറിന് ഒരു സവിശേഷ ഘടന നൽകിയിരിക്കുന്നത്. ഈ ഡിസൈനിന്റെ ഫലമായി എയർലെസ് ടയർ ഘടിപ്പിച്ച വാഹനം ഓടിക്കുന്നവർക്ക് പഞ്ചർ പേടിക്കേണ്ട ആവശ്യമില്ല. മാത്രമല്ല ഓട്ടത്തിനിടെ ടയർ പൊട്ടുന്ന സാഹചര്യവും ഇത് ഒഴിവാക്കും. 100% പഞ്ചർ ഫ്രീ ആണ് എന്നതാണ് എയർലെസ് ടയറുകളുടെ ഏറ്റവും വലിയ ഗുണം. കുഴി നിറഞ്ഞ ഗ്രാമീണ നിരത്തുകളിലും, ദൂരയാത്രകളിലും, ഓഫ്‌റോഡ് ട്രാക്കുകളിലും ഇത് മികച്ച പെർഫോമൻസ് കാഴ്ചവെക്കും. ഇതിന്റെ ഓപ്പൺ സ്പോക്ക് ഘടന ഫ്യൂചറിസ്റ്റിക് ലുക്കും നൽകുന്നതോടൊപ്പം റോഡുമായി ഏകീകൃത സമ്പർക്കം പുലർത്തുകയും ചെയ്യുന്നു.
എയർ നിറയ്ക്കുന്നതിന്റെയോ പഞ്ചർ ഒട്ടിക്കുന്നതിന്റെയോ ആവശ്യം ഇല്ലാത്തതിനാൽ എയർലെസ് ടയറുകൾക്ക് പരിപാലനച്ചെലവുകൾ വളരെ കുറവാണ് എന്നുതന്നെ പറയാം. എയർലെസ് ടയറുകളുടെ പ്രത്യേക ഘടന ടയർ അസമമായി തേയുന്നത് തടയുന്നതുകൊണ്ട് കൂടുതൽ കാലം ഈടുനിൽക്കുകയും ചെയ്യും. ടയർ മാറ്റാൻ ഇടയ്ക്കിടെ വലിയ സംഖ്യ ചെലവാക്കുന്നതും കുറയ്ക്കാം. അതേസമയം, എയർലെസ് ടയറുകൾക്ക് ചില പരിമിതികളും ഉണ്ട്. വില തന്നെയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇന്ത്യയിൽ ലഭ്യമായ എയർലെസ് ടയറുകൾക്ക് 10,000 മുതൽ 20,000 രൂപ വരെയാണ് വില വരുന്നത്. വലിപ്പം, ഗുണനിലവാരം, ബ്രാൻഡ് എന്നിവയെ ആശ്രയിച്ച് വില വ്യത്യാസപ്പെടും. സാങ്കേതികവിദ്യ കൂടുതൽ വ്യാപകമാകുന്നതോടെ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊന്ന് വളരെ ഉയർന്ന വേഗത കൈകാര്യം ചെയ്യാൻ ഇതുവരെ പ്രാപ്തമായിട്ടില്ലാത്തതിനാൽ പെർഫോമൻസ് കാറുകളിൽ ഈ ടയറുകൾ ഘടിപ്പിക്കാൻ പറ്റില്ല. മാത്രമല്ല, റോഡ് നോയിസ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിലെ പരിമിതമായ ലഭ്യത മെച്ചപ്പെടുത്താനും ബ്രാൻഡുകൾ ശ്രമിക്കുന്നുണ്ട്.
കാറുകളിൽ എയർലെസ് ടയറുകളുടെ ഉപയോഗം അത്ര വ്യാപകമായിട്ടില്ലെങ്കിലും സൈക്കിളുകൾ, ലോൺമോവറുകൾ, വീൽചെയറുകൾ, റോബോട്ടിക് ഉപകരണങ്ങൾ, സൈനിക വാഹനങ്ങൾ, ഇൻഡസ്ട്രിയൽ മെഷീനുകൾ എന്നിവയിൽ എയർലെസ് ടയർ വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. കാറുകളിൽ ഉപയോഗിക്കാൻ പാകത്തിനുള്ള എയർലെസ് ടയറുകൾ നിർമ്മിക്കാനുള്ള പരീക്ഷണങ്ങൾ കമ്പനികൾ നിലവിൽ നടത്തി വരികയാണ്. ഉൽപ്പാദനം കൂടുന്നതോടെ രാജ്യത്ത് ഈ ടയറുകളുടെ വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. എന്തായാലും സാധാരണ കാറുകളിൽ ഈ ടയർ എത്താൻ ഇനിയും അൽപ്പംകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് ട്യൂബ്‌ലെസ് ടയറുകളാണ്, വലിപ്പം, ബ്രാൻഡ്, ഉപയോഗം എന്നിവയെ ആശ്രയിച്ച് 1,500 മുതൽ 60,000 രൂപ വരെയാണ് ഇവയുടെ വില വരുന്നത്. എന്നാൽ എയർലെസ് ടയറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, അവയുടെ വില പലമടങ്ങ് കൂടുതലാണ്.







