‘ഡോ. എ.പി.ജെ. വേള്‍ഡ് പ്രൈസ്’ നാടക-ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂരിന്

ഡോ. എ.പി.ജെ. വേള്‍ഡ് പ്രൈസ് നാടക-ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രമോദ് പയ്യന്നൂരിന്. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഗാന്ധിഭവന്‍ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ത്ഥം പത്തനാപുരം ഗാന്ധിഭവന്‍ അന്തര്‍ദേശീയ ട്രസ്റ്റ് നല്‍കിവരുന്ന ഡോ. എ.പി.ജെ. വേള്‍ഡ് പ്രൈസ് നാടക-ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന് സമ്മാനിക്കും.

സിനിമാ നടന്‍ നെടുമുടി വേണു, ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ, വനിത കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമല്‍, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 2015 മേയ് 7 നാണ് ഡോ. എപിജെ അബ്ദുള്‍ കലാം പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചത്. കേരളത്തിലെ അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടിയും അതായിരുന്നു.

ഗ്രാമങ്ങളില്‍ ബഹുജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ ‘തിയേട്രം ഫാര്‍മെ’ ജയില്‍ അന്തേവാസികളുടെ മാനസാന്തരത്തിനായി ഇന്ത്യന്‍ കലകളും കൃഷിയും കാരുണ്യ പ്രവര്‍ത്തനങ്ങളും ഇഴചേര്‍ത്ത് ആവിഷ്‌ക്കരിച്ച ‘തിയേറ്റര്‍ തെറാപ്പി’ എന്നീ പുതുമയാര്‍ന്ന സാംസ്‌ക്കാരിക ദൗത്യങ്ങളെയും നാടക രംഗത്തെ ജനകീയ രംഗഭാഷകളെയും മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരമെന്ന് സമിതി പറഞ്ഞു. കലയെ ജനനന്മയ്ക്കായി ഉപയുക്തമാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്ദൃശ്യഭാഷകളിലൂടെ പ്രമോദ് നിര്‍വഹിച്ചു വരുന്നത് എന്ന് പുരസ്‌ക്കാര നിര്‍ണ്ണയ സമിതി അഭിപ്രായപ്പെട്ടു.

25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌ക്കാരം അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്നചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് ഗാന്ധി ഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു