Friday, 11 September 2026
‘Honest storytelling is a powerful means of change
07:41:40 PM IST
Celebrity Talk

‘തെറ്റായ ഒരാളെയാണ് വിവാഹം കഴിച്ചത്, എന്റെ കുഞ്ഞിന് ഒരു പേരിടാൻ പോലും എനിക്ക് കഴിഞ്ഞില്ല’; ഹൃദയഭേദകമായ കുറിപ്പുമായി നടൻ പ്രദീപ് ആന്റണി

SHARE

ഭാര്യയുമായി വേർപിരിഞ്ഞതായി വെളിപ്പെടുത്തി നടൻ പ്രദീപ് ആന്റണി. ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ പൂജ ശക്തിയുമായി മാനസികമായി അകന്നതായും, ജീവിതത്തിൽ തെറ്റായ ഒരാളെയാണ് വിവാഹം കഴിച്ചതെന്ന തോന്നലാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം തുറന്നുപറഞ്ഞു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രദീപിന്റെ വികാരനിർഭരമായ പ്രതികരണം.

2024 നവംബറിലായിരുന്നു പ്രദീപ് ആന്റണിയുടെയും പൂജ ശക്തിയുടെയും പ്രണയവിവാഹം. എന്നാൽ വിവാഹജീവിതത്തിൽ പരസ്പരവിരുദ്ധ സ്വഭാവങ്ങളും നിരന്തരമായ സംഘർഷങ്ങളും ഇരുവരുടെയും ബന്ധത്തെ ബാധിച്ചതായി പ്രദീപ് കുറിപ്പിൽ പറയുന്നു. ദിവസവും വഴക്കിലും വെറുപ്പിലും കഴിയുന്ന മാതാപിതാക്കൾക്കൊപ്പം വളരുന്നതിനേക്കാൾ കുഞ്ഞ് അമ്മയ്ക്കൊപ്പം ജീവിക്കുന്നതാണ് നല്ലതെന്ന് കരുതിയാണ് കുഞ്ഞിനെ പൂജയ്ക്കൊപ്പം അയക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ഉത്തരവാദിത്തമില്ലാത്ത ഒരാളാണെന്ന തരത്തിൽ തമാശകൾ പറഞ്ഞിരുന്നെങ്കിലും, കുഞ്ഞ് ജനിച്ചശേഷം തന്റെ ജീവിതം തന്നെ മാറിയെന്നും അതിനോട് ആഴത്തിലുള്ള സ്നേഹബന്ധം രൂപപ്പെട്ടെന്നും പ്രദീപ് പറയുന്നു. ഓരോ ദിവസവും പുതിയ മനുഷ്യനായി മാറുന്നതുപോലെ അനുഭവപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ ഒരു മാസമായി കുഞ്ഞിൽ നിന്ന് അകന്നിരിക്കേണ്ടി വന്നത് ഉള്ളിൽ നിന്ന് തന്നെ തകർക്കുകയാണെന്നും അദ്ദേഹം വേദനയോടെ കുറിച്ചു.

മുൻബന്ധത്തിലെ ദുർബലതയും സ്നേഹത്തിനായുള്ള കൊതിയും ഈ വിവാഹബന്ധത്തിലേക്ക് തന്നെ നയിച്ചതായും, എന്നാൽ ഈ ബന്ധത്തിൽ ശ്വാസംമുട്ടുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്നും പ്രദീപ് തുറന്നുപറഞ്ഞു. വിവാഹബന്ധത്തിൽ നിന്ന് മാറാൻ തീരുമാനിച്ചതായും, തന്റെ കുഞ്ഞിന് ഒരു പേര് നൽകാൻ പോലും കഴിഞ്ഞില്ലെന്ന വേദനയും അദ്ദേഹം പങ്കുവെച്ചു. ‘ഞാൻ എന്നെന്നേക്കുമായി അനാഥനായി തുടരുമെന്ന ശാപം ഞാൻ ഏറ്റെടുത്തു’ എന്ന വാക്കുകളോടെയാണ് പ്രദീപ് ആന്റണി തന്റെ ഹൃദയഭേദകമായ കുറിപ്പ് അവസാനിപ്പിച്ചത്.

കുറിപ്പ്

“ഈ കുഞ്ഞിനെ വിൽക്കുന്നതിനെക്കുറിച്ച് എൻ്റെ കുട്ടുകാരുമായി ഞാൻ പലപ്പോഴും തമാശകൾ പറഞ്ഞിട്ടുണ്ട്. ഒന്നിനും കൊള്ളാത്ത, ഉത്തരവാദിത്തമില്ലാത്ത ഒരാളെന്ന നിലയിൽ കുഞ്ഞിനെ നോക്കാൻ പറ്റിയവനല്ലെന്ന് ഞാൻ കരുതി. പൂജ ഗർഭിണിയായപ്പോൾ, ജനിക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടി ആളുകളോട് സ്‌ഥലം റിസർവ് ചെയ്യാനും ലക്ഷങ്ങൾ തരാനും ഞാൻ ആവശ്യപ്പെട്ടു.

പക്ഷേ അത് ലോകത്തേക്ക് വന്നപ്പോൾ, എനിക്കതിനോട് ഒരുതരം അടുപ്പം തോന്നി. അത് എൻ്റെ വാക്കുകൾ സന്തോഷത്തോടെ കേട്ടു, എന്റെ കൈകളിൽ ഒരു സന്തോഷം ഉള്ളതുകൊണ്ട് ഓരോ ദിവസവും ഞാൻ ഒരു പുതിയ മനുഷ്യനായി മാറി. പക്ഷേ അതിപ്പോൾ ഇല്ല.
ആ കുഞ്ഞിനൊപ്പം എനിക്ക് സന്തോഷിക്കാൻ കഴിഞ്ഞിരുന്ന അവസാന നിമിഷങ്ങളായിരുന്നു ഇത്. ആ സംഭവം കഴിഞ്ഞിട്ട് ഒരു മാസമായി. ഒരു മാസം മുൻപ് ഞാൻ ആ കുഞ്ഞിനെ വേണ്ടെന്ന് വച്ചു. ഒരു കുടുംബം ഉണ്ടാകാനും, നല്ലൊരു അച്ഛനാകാനും, ഞാൻ വളർന്നുവന്ന സാഹചര്യത്തിന് നേർ വിപരീതമായൊരന്തരീക്ഷം നൽകാനും എന്നും ആഗ്രഹിച്ചിരുന്നതുകൊണ്ട്, ഇത് എന്നെ ഉള്ളിൽ നിന്ന് പതിയെ കാർന്നുതിന്നുകയാണ്. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. നമ്മൾ ഏറ്റവും ഭയക്കുന്ന കാര്യങ്ങൾ നമ്മളിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഞാൻ പഠിച്ചു.

എനിക്കൊരു തെറ്റ് പറ്റി. ഞാൻ തെറ്റായ ആളെയാണ് വിവാഹം ചെയതെന്ന് തോന്നുന്നു, അന്നുമുതൽ അത് എന്നെ ഓരോ ദിവസവും വളരെ മോശം വ്യക്തിയാക്കി മാറ്റി. എൻ്റെ ലോകത്തിൻ്റെ ഭാഗമല്ലാത്ത, അതിനെ മനസ്സിലാക്കാത്ത, അതിന്റെ ഭാഗമാകാൻ ശ്രമിക്കാത്ത ഒരാളോടൊപ്പമാണ് ഞാൻ ഓരോ ദിവസവും ഉണർന്നിരുന്നത്. അവൾ ഇപ്പോഴും അവളുടെ കുടുംബത്തിലും ജീവിതത്തിലും ഒതുങ്ങിക്കൂടി.

ഞാൻ ഓരോ ദിവസവും ഒരാളുടെ ജീവിതം നശിപ്പിക്കുകയാണെന്ന് എനിക്ക് തോന്നി. മറ്റൊരാളോടൊപ്പം സന്തോഷമായി ജീവിക്കാൻ എനിക്ക് ശരിക്കും അറിയില്ല. രണ്ട് വ്യത്യസ്‌ത സ്വഭാവക്കാർ ദിവസവും തമ്മിൽ തല്ലുകയും, അവർ ആയിരിക്കുന്നതിന് പരസ്‌പരം വെറുക്കുകയും ചെയ്യുന്നതുപോലെയായിരുന്നു അത്. ഞങ്ങൾക്കിരുവർക്കും അത് നീതികേടായി തോന്നി.

എന്റെ മുൻബന്ധത്തിൽ ഞാൻ ദുർബലനായിരുന്നു, ആ ദുർബല നിമിഷത്തിൽ എവിടെ നിന്നെങ്കിലും ലഭിക്കുന്ന സ്നേഹം മുറുകെ പിടിക്കുകയും, ഈ നിമിഷം വരെ അതിനോട് വിശ്വസ്‌തനായി തുടരുകയും ചെയ്തു. അതിനെനിക്ക് ഒരുപാട് വില നൽകേണ്ടി വന്നു. എന്റെ ദൗർബല്യവും സ്നേഹത്തിനായുള്ള കൊതിയും. ഈ ബന്ധത്തിൽ ശ്വാസം മുട്ടുന്നത് പോലെയാണ് അനുഭവപ്പെട്ടിരുന്നത്, അതുകൊണ്ട് ഞാൻ ഈ വിവാഹബന്ധത്തിൽ നിന്ന് മാറാൻ തീരുമാനിച്ചു. ഇനി അവൾക്കും എന്നോട് സ്നേഹമുണ്ടെന്ന് തോന്നുന്നില്ല. എന്തായാലും, ആ കുഞ്ഞിനെ ഞാനിന്ന് ഓർത്തുപോയി. അതിന് ഒരു പേരിടാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്റെ മനസ്സിൽ അത് എന്നും ‘അത്’ മാത്രമായിരുന്നു.

ഞാൻ എന്റെ വികാരങ്ങളെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞതിനാൽ ഇനി തുടർച്ചയായി കോളുകൾ വരും. പറയുന്നതിൽ നിന്ന് എന്നെ നിശ്ശബ്ദനാക്കാൻ ആളുകൾ വിളിക്കും. പക്ഷേ എനിക്ക് ശരിക്കും ആരോടും സംസാരിക്കാനില്ല. പരസ്‌പരം വെറുത്ത് വഴക്കടിക്കുന്ന മാതാപിതാക്കളോടൊപ്പം ജീവിക്കുന്നതിനേക്കാൾ ആ കുഞ്ഞ് അമ്മയുടെ കൂടെയായിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതി.

ഞാൻ എന്നെന്നേക്കുമായി അനാഥനായി തുടരുമെന്ന ശാപം ഞാൻ ഏറ്റെടുത്തു.”-പ്രദീപ് ആൻ്റണിയുടെ വാക്കുകൾ.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →