Wednesday, 23 September 2026
‘Honest storytelling is a powerful means of change
09:19:40 AM IST
Kerala

മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായി, റിയാസ്, വീണ എന്നിവർക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘമൊരുങ്ങുന്നു

ന്യൂസ് ഡെസ്ക് 23 September 2026, 9:19 am
SHARE

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കും. ഇതുസംബന്ധിച്ച സർക്കാർ തീരുമാനം ഡിജിപിക്ക് കൈമാറിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിറക്കും. ഇഡി റിപ്പോർട്ടിൽ ഉന്നയിച്ച സാമ്പത്തിക ഇടപാടുകളും ഹവാല ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും.

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഇഡി നൽകിയ 25 പേജുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണത്തിലേക്ക് കടക്കുന്നത്. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിന് നിയമതടസമില്ലെന്നായിരുന്നു ലഭിച്ച നിയമോപദേശം. എന്നാൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം ആദ്യം പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം.

അന്വേഷണ സംഘം ആദ്യം ഇഡി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി അന്വേഷണത്തിന് ആവശ്യമായ രേഖകളും വിവരങ്ങളും ശേഖരിക്കും. ഇഡി കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം മുന്നോട്ടുപോകുക. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കാനാണ് നീക്കം. അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയാൽ പ്രത്യേക വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെന്ന ശുപാർശയും പരിഗണിക്കും.

സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ടി. വീണയുടെ കമ്പനിക്ക് ലഭിച്ച പണവും തുടർന്നുള്ള സാമ്പത്തിക ഇടപാടുകളുമാണ് കേസിന്റെ പ്രധാന ഭാഗം. ഇഡി റിപ്പോർട്ടിൽ ഹവാല ഇടപാടുകളെക്കുറിച്ചും ആരോപണങ്ങളുണ്ട്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ആരോപണങ്ങൾ തെളിഞ്ഞതായി കണക്കാക്കാനാകില്ലെന്നും കേസിലെ തുടർ നടപടികളിലാണ് ഇതിന്റെ യഥാർഥ സ്ഥിതി വ്യക്തമാകുകയെന്നും ശ്രദ്ധിക്കേണ്ടതാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →