ട്രംപിന്റെ ഇറാൻ വിരുദ്ധ പ്രസംഗം; ‘കരാറിലെത്തിയില്ലെങ്കിൽ നരകത്തിലേക്ക്’ മുന്നറിയിപ്പ്, യുഎൻ വേദിയിൽ നിന്ന് ഇറാനിയൻ സംഘം ഇറങ്ങിപ്പോയി
ഇറാൻ ലോകത്തിലെ ഭീകരതയുടെ ഒന്നാം നമ്പർ സ്പോൺസറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ എന്നും പശ്ചിമേഷ്യയ്ക്ക് ഭീഷണിയാണെന്നും ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് ആരോപിച്ചു. ഭരണനേട്ടങ്ങളും ലോകസമാധാനത്തിനായി നടത്തിയ ഇടപെടലുകളും എടുത്തുപറഞ്ഞായിരുന്നു ട്രംപിന്റെ പ്രസംഗം.
51 വർഷമായി മതഭ്രാന്തരായ ഇറാനിയൻ ഭരണകൂടം രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും നടത്തിയാണ് ഭരിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ നരകത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഇടക്കാല തിരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്നേക്കാവുന്ന തിരിച്ചടി തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും പറഞ്ഞു. രണ്ടര വർഷം കൂടി താൻ അധികാരത്തിലുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ കാര്യത്തിൽ തനിക്ക് വലിയൊരു തീരുമാനം എടുക്കാനുണ്ടെന്നും അത് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. നവംബറിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഇറാൻ കരാറിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരായ ട്രംപിന്റെ പ്രസംഗത്തിനിടെ യുഎൻ ജനറൽ അസംബ്ലിയിൽ നിന്ന് ഇറാനിയൻ പ്രതിനിധി സംഘം ഇറങ്ങിപ്പോയി. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും പ്രസംഗസമയത്ത് ജനറൽ അസംബ്ലി ഹാളിൽ ഉണ്ടായിരുന്നില്ല. ഹാളിലുണ്ടായിരുന്ന മറ്റ് ഇറാനിയൻ പ്രതിനിധികളാണ് പുറത്തുപോയത്.
യുദ്ധത്തിന് ശേഷം അമേരിക്കയുടെ ആയുധശേഖരം കുറഞ്ഞുവെന്ന വാദത്തെയും ട്രംപ് തള്ളി. അത്തരത്തിൽ പറയുന്നവർ ഭീരുക്കളും രാജ്യവിരുദ്ധരുമാണെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെ ആയുധശേഖരത്തിൽ ഇനിയും ഉപയോഗിക്കാത്ത നിരവധി ആയുധങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം, സൈനിക ശക്തിക്ക് മാത്രമായി ലോകത്ത് സമാധാനം സ്ഥാപിക്കാനാകില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് തന്റെ ആമുഖ പ്രസംഗത്തിൽ ഓർമപ്പെടുത്തി.
ഉപരോധം പിൻവലിച്ചാൽ 7 ദിവസത്തിനകം ഹോർമുസ് തുറക്കാമെന്ന് ഇറാൻ; ചർച്ചയ്ക്ക് തയ്യാറെന്ന് അമേരിക്ക
‘മുഖം മറയ്ക്കാതെ വേണം സ്കൂളിൽ പോകാൻ’ സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാൻ ഒരുങ്ങി ഇറ്റലി; വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനും നീക്കം