Wednesday, 23 September 2026
‘Honest storytelling is a powerful means of change
08:45:01 AM IST
Kerala

ശബരിമല തീർഥാടനത്തിന് മുന്നൊരുക്ക പ്രതിസന്ധി; കടകളുടെയും ഹോട്ടലുകളുടെയും ലേലം അനിശ്ചിതത്വത്തിൽ, അരവണ സാധനങ്ങളുടെ കരാറും ആയില്ല

ആൻ മരിയ കെ ജോസ് 23 September 2026, 8:44 am
SHARE

മണ്ഡല-മകരവിളക്ക് മുന്നൊരുക്കങ്ങളിലെ വീഴ്ചകൾക്ക് പിന്നാലെ ശബരിമല തീർഥാടനത്തിൽ കൂടുതൽ പ്രതിസന്ധി. കടകളുടെയും ഹോട്ടലുകളുടെയും ലേലം അനിശ്ചിതത്വത്തിലായതിനു പിന്നാലെ അരവണ തയ്യാറാക്കാനുള്ള അവശ്യസാധനങ്ങളുടെ കരാറും ഇതുവരെ ആയിട്ടില്ല. ഇതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡും ദേവസ്വം മന്ത്രി കെ. മുരളീധരനുമായുള്ള അഭിപ്രായ ഭിന്നതകൾക്കിടെ ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിലവിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കാനാണ് കൂടിക്കാഴ്ച.

ശബരിമല അരവണ പ്രതിസന്ധിയിൽ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ. മുരളീധരൻ വീണ്ടും രംഗത്തെത്തി. ഭക്തർക്ക് പ്രസാദം ലഭ്യമാക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്ന് മന്ത്രി പറഞ്ഞു. ശബരിമല ഉത്സവം പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അരവണ പ്രതിസന്ധിയിൽ ബോർഡിന്റെ പ്രവർത്തനങ്ങളിൽ മന്ത്രി നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നതിന് പിന്നാലെ ഭക്തർക്ക് നൽകുന്ന അരവണയുടെ അളവിൽ ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒരു ടിൻ മാത്രം നൽകിയതിനെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടായതോടെ അരവണയുടെയും അപ്പത്തിന്റെയും വിതരണത്തിലെ നിയന്ത്രണം പിന്നീട് ഭാഗികമായി ഒഴിവാക്കി. അതേസമയം അരവണ നിർമാണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന നിലപാടിൽ ദേവസ്വം ബോർഡ് ഉറച്ചുനിൽക്കുകയാണ്.

Read More
s
ആൻ മരിയ കെ ജോസ്
View all posts →