‘കെഎസ്ആർടിസി വെടി എന്ന് വരെ കമന്റ്, സൈബർ സെൽ’ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിയാണ്; മഞ്ജു പത്രോസ്
സൈബർ അധിക്ഷേപത്തിനെതിരെ നിയമപോരാട്ടം നടത്തിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി മഞ്ജു പത്രോസ്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾ നേരിടുന്ന അധിക്ഷേപങ്ങളും പരാതികൾ നൽകിയ ശേഷമുള്ള നിയമനടപടികളിലെ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് മഞ്ജു പത്രോസിന്റെ പ്രതികരണം. തനിക്കെതിരെ വന്ന അധിക്ഷേപകരമായ പരാമർശങ്ങൾ ശരീരത്തിൽ ആരോ ചെളിവെള്ളം കോരി ഒഴിച്ചതുപോലെയാണ് അനുഭവപ്പെട്ടതെന്നും താരം പറഞ്ഞു.
തന്റെ ഒരു വീഡിയോയ്ക്ക് താഴെ ‘കെഎസ്ആർടിസി വെടി’ എന്ന തരത്തിൽ അങ്ങേയറ്റം അപകീർത്തികരമായ കമന്റ് വന്നതിനെ തുടർന്നാണ് മഞ്ജു പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ പിടികൂടി. എന്നാൽ മദ്യപിച്ചിരുന്ന സാഹചര്യത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞ് ഇയാൾ മാപ്പ് ചോദിച്ചതോടെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായി. എന്നാൽ കോംപ്രമൈസിന് തയ്യാറാകാതെ നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു മഞ്ജു.
എന്നാൽ കേസ് നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ വിധി വന്നിട്ടില്ലെന്നാണ് മഞ്ജു പറയുന്നത്. നാല് വർഷത്തിന് ശേഷമാണ് കേസ് കോടതിയിൽ വിളിച്ചതെന്നും ഇതിനിടെ പ്രതിയുടെ പേര് പോലും താൻ മറന്നുപോയെന്നും താരം പറഞ്ഞു. ‘രണ്ട് മാസത്തിനകം കേസ് തീരും’ എന്നാണ് സാധാരണ കരുതുന്നതെങ്കിലും യാഥാർഥ്യം അതല്ലെന്നും, താൻ മരിച്ച ശേഷമായിരിക്കും ചിലപ്പോൾ കേസിന്റെ വിധി വരികയെന്നും മഞ്ജു വേദനയോടെ പ്രതികരിച്ചു.
തുടർന്ന് ശരീരഭാഗങ്ങളെ മോശമായി ചിത്രീകരിച്ചുള്ള സ്ലോ മോഷൻ വീഡിയോകൾക്കെതിരെയും മഞ്ജു പരാതി നൽകി. എന്നാൽ ഈ പരാതിയിലും സൈബർ സെല്ലിൽ നിന്ന് ലഭിച്ച പ്രതികരണം നിരാശപ്പെടുത്തിയെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. കർണാടക-തമിഴ്നാട് അതിർത്തി പ്രദേശത്തുള്ള ഐപി അഡ്രസിൽ നിന്നാണ് ഉള്ളടക്കം വന്നതെന്നും അവിടെ പോയി പ്രതിയെ പിടികൂടുന്നതിന് ചെലവുണ്ടെന്നും സൈബർ സെൽ അറിയിച്ചതായി മഞ്ജു പറഞ്ഞു.
ആർക്കും ആരെയും എന്തും വിളിക്കുകയും അപമാനിക്കുകയും ചെയ്യാമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും, സാധാരണക്കാർക്ക് ഇത്തരം അധിക്ഷേപങ്ങൾ സഹിച്ച് ജീവിക്കേണ്ടിവരുന്നതായും മഞ്ജു വിമർശിച്ചു. സൈബർ സെൽ എന്ന പേര് കേൾക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നതെന്നും താരം പ്രതികരിച്ചു.
സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മഞ്ജു പത്രോസിന്റെ വെളിപ്പെടുത്തൽ വീണ്ടും നിയമനടപടികളുടെ കാര്യക്ഷമതയും കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസവും സംബന്ധിച്ച ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
‘വെറുതെ ഇങ്ങനെ ഒരാൾ ഇറങ്ങി പുറപ്പെടില്ല, അവർക്ക് ഇയാളോട് പ്രണയം ആണെന്ന് വരുത്തി തീർക്കാൻ നോക്കുകയാണ്’; സനൽ കുമാർ ശശിധരനെതിരെ ഉഷ ഹസീന
’50 സെന്റ് ഭൂമിയും സ്വര്ണവും തട്ടിയെടുത്തു’; സഹോദരിയുടെ ആരോപണം തള്ളി അംബിക