Monday, 21 September 2026
‘Honest storytelling is a powerful means of change
04:38:07 PM IST
Kerala

ശബരിമല അരവണ ക്ഷാമം; ദേവസ്വം മന്ത്രിയുടെ വിമർശനം തള്ളി ബോർഡ്, പ്ലാന്റ് നവീകരണം ഹൈക്കോടതി അനുമതിയോടെയെന്ന് വിശദീകരണം

ന്യൂസ് ഡെസ്ക് 21 September 2026, 4:37 pm
SHARE

CXശബരിമലയിലെ അരവണ ക്ഷാമവുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ വിമർശനങ്ങളെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹൈക്കോടതിയുടെ അനുമതിയോടെയാണ് മണ്ഡലകാലത്തിന് മുൻപ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

പ്രവൃത്തി ആരംഭിക്കുന്ന സമയമനുസരിച്ച് പൂർത്തിയാക്കാൻ ഒന്നര മാസം വരെ വേണ്ടിവരുമെന്നാണ് ബോർഡിന്റെ വിശദീകരണം. കന്നിമാസപൂജകൾക്കായി നട തുറന്നപ്പോൾ മണ്ഡലകാലത്തിന് സമാനമായ രീതിയിൽ തീർഥാടകർ എത്തിയതാണ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നതെന്നും അറിയിച്ചു. അടുത്ത മാസം പത്തിനകം പ്ലാന്റിന്റെ നവീകരണം പൂർത്തിയാക്കുമെന്നും തീർഥാടകർക്ക് ആവശ്യമായ അപ്പവും അരവണയും ഉറപ്പാക്കാൻ ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കുമെന്നും ബോർഡ് വ്യക്തമാക്കി.

അതേസമയം, അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ നേരത്തെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നട തുറന്ന സമയത്ത് പ്ലാന്റ് ശുചീകരണത്തിനായി പ്രവർത്തനം നിർത്തിവച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ വിമർശനം. ഭക്തർക്ക് പ്രസാദം ലഭ്യമാക്കേണ്ടത് ദേവസ്വം ബോർഡിന്റെ പൂർണ ഉത്തരവാദിത്വമാണെന്നും ഇത്തരത്തിലുള്ള സാഹചര്യം ആവർത്തിക്കരുതെന്നും മന്ത്രി പറഞ്ഞു.

കരുതൽ ശേഖരം ഒരുക്കുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ ഫോണിൽ വിളിച്ച് മന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു. ആവശ്യമെങ്കിൽ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കുമെന്നും പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്സവ നടത്തിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →