നാഗോയയിൽ ഏഷ്യൻ ഗെയിംസിന് തുടക്കം; മെഡൽ പ്രതീക്ഷകളുമായി ഇന്ത്യ, പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും
കായികലോകത്തിന്റെ ആവേശത്തിന് തുടക്കമിട്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നാഗോയയിൽ വർണാഭമായ തുടക്കം. പലോമ മിസുഹോ സ്റ്റേഡിയത്തിൽ നടന്ന അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ച ഉദ്ഘാടനച്ചടങ്ങോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിനി മസാകോ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സംഘത്തെ ഉദ്ഘാടനച്ചടങ്ങിൽ നയിച്ചത് ഒളിംപിക് മെഡൽ ജേതാവ് മനു ഭാക്കറും കബഡി താരം പവൻ സെഹ്റാവത്തുമാണ്. നേരത്തെ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങ് ടൂറിനെയായിരുന്നു മനു ഭാക്കറിനൊപ്പം പതാകവാഹകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഔദ്യോഗിക കിറ്റ് സമയത്ത് ലഭിക്കാതിരുന്നതിനെ തുടർന്ന് അവസാന നിമിഷം ടൂറിന് പകരം പവൻ സെഹ്റാവത്തിനെ പതാകവാഹകനാക്കുകയായിരുന്നു.
503 താരങ്ങളാണ് ഇത്തവണ ഇന്ത്യയ്ക്കായി ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്നത്. 36 കായിക ഇനങ്ങളിലായാണ് ഇന്ത്യൻ താരങ്ങൾ മാറ്റുരയ്ക്കുന്നത്. 2022ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ 107 മെഡലുകൾ നേടിയ ഇന്ത്യയുടെ ലക്ഷ്യം ഇത്തവണയും മികച്ച പ്രകടനം ആവർത്തിക്കുകയാണ്. ഹാങ്ചൗവിൽ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടെയാണ് ഇന്ത്യ 107 മെഡലുകൾ സ്വന്തമാക്കിയത്.
അത്ലറ്റിക്സ്, ഷൂട്ടിങ്, ബാഡ്മിന്റൺ, ഹോക്കി, കബഡി, ക്രിക്കറ്റ് തുടങ്ങി നിരവധി ഇനങ്ങളിലാണ് ഇന്ത്യ വലിയ മെഡൽ പ്രതീക്ഷ പുലർത്തുന്നത്. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ അഭാവമുണ്ടെങ്കിലും എം. ശ്രീശങ്കർ, ആൻസി സോജൻ, തജീന്ദർപാൽ സിങ് ടൂർ, ഗുൽവീർ സിങ്, തേജസ്വിൻ ശങ്കർ, ജ്യോതി യരാജി തുടങ്ങിയ താരങ്ങളിൽ ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നു. ഷൂട്ടിങ്ങിൽ മനു ഭാക്കർ ഉൾപ്പെടെയുള്ള താരങ്ങളും പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളും ബാഡ്മിന്റൺ, ഹോക്കി, കബഡി ടീമുകളും മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന പ്രതീക്ഷകളാണ്.
വനിതാ ഏഷ്യ കപ്പ് ടി20 കിരീടം ഇന്ത്യയ്ക്ക്
റിച്ചാർലിസണെ പ്രീമിയർ ലീഗ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കി ടോട്ടൻഹാം; ബ്രസീലിലേക്ക് മടങ്ങുമോ?