ടാറ്റാ സൺസിൽ വീണ്ടും നേതൃത്വപ്പോര്; എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ
ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടാനുള്ള ബോർഡ് തീരുമാനത്തിനെതിരെ ടാറ്റാ ട്രസ്റ്റ് അധ്യക്ഷൻ നോയൽ ടാറ്റ. ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കാൻ ബോർഡ് 4-1 ഭൂരിപക്ഷത്തിൽ തീരുമാനിച്ചെങ്കിലും വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നാണ് നോയൽ ടാറ്റയുടെ ആരോപണം. ഇതോടെ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട തർക്കം വീണ്ടും ശക്തമായി.
ചന്ദ്രശേഖരന്റെ നിയമനത്തെ ബോർഡ് യോഗത്തിൽ താൻ എതിർത്തതായും വിയോജിപ്പ് രേഖപ്പെടുത്തിയതായും നോയൽ ടാറ്റ വ്യക്തമാക്കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തന്റെ ‘വീറ്റോ’ അധികാരം മറികടന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ടാറ്റാ സൺസിന്റെ നിയമാവലി പ്രകാരം ടാറ്റാ ട്രസ്റ്റ് നാമനിർദേശം ചെയ്യുന്ന ഡയറക്ടർമാരുടെ ഭൂരിപക്ഷ അംഗീകാരം ആവശ്യമാണ്. എന്നാൽ വോട്ടെടുപ്പിൽ സമനിലയോ തടസ്സമോ ഉണ്ടായാൽ ചെയർമാന് നിർണായക വോട്ട് രേഖപ്പെടുത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മുന്നോട്ടുപോയതെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.
വരുന്ന വാർഷിക പൊതുയോഗത്തിൽ എൻ. ചന്ദ്രശേഖരനെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കാൻ ടാറ്റാ ട്രസ്റ്റ് നീക്കം നടത്തിയേക്കുമെന്നാണ് സൂചന. ഡയറക്ടർ പദവി നഷ്ടപ്പെട്ടാൽ അദ്ദേഹത്തിന് ചെയർമാനായി തുടരാനാകില്ല. 2027 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്നതോടെ സ്ഥാനമൊഴിയുമെന്ന് ചന്ദ്രശേഖരൻ ഓഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പുതിയ ചെയർമാനെ കണ്ടെത്തുന്നതിനുള്ള നടപടികൾ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് സെലക്ഷൻ കമ്മിറ്റി ആരംഭിച്ചിരിക്കെയാണ് ബോർഡ് യോഗത്തിലെ പുതിയ തർക്കം.
ബെംഗളൂരു സ്ഫോടനക്കേസ്; മദനിയുടെ അന്തിമവാദം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി
‘കാർ റേസ് കാണാനല്ല, 15,300 കോടിയുടെ നിക്ഷേപത്തിനെന്ന് സർക്കാർ’; ലണ്ടൻ സന്ദർശനം കഴിഞ്ഞ് വിജയ് ചെന്നൈയിൽ