Thursday, 17 September 2026
‘Honest storytelling is a powerful means of change
04:00:15 PM IST
Kerala

തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനെതിരെ സിപിഎം; നീക്കം വാണിജ്യലക്ഷ്യത്തോടെയെന്ന് വി കെ പ്രശാന്ത്

ന്യൂസ് ഡെസ്ക് 17 September 2026, 10:39 am
SHARE

തിരുവനന്തപുരം മൃഗശാല നഗരത്തിൽനിന്ന് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശത്തിനെതിരെ സിപിഎം. മൃഗശാല മാറ്റാനുള്ള നീക്കം വാണിജ്യലക്ഷ്യം മുന്നിൽ കണ്ടുള്ളതാണെന്ന് മുന്‍ എംഎൽഎ വി.കെ. പ്രശാന്ത് ആരോപിച്ചു. മൃഗശാലയുടെ സ്ഥലം മുതലാളിമാർക്ക് കൈമാറാനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും പദ്ധതി നടപ്പാക്കാൻ മുന്നോട്ടുപോയാൽ ഇടതുപക്ഷം ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ തിരുവനന്തപുരം മൃഗശാല സന്ദർശിക്കുന്നുണ്ടെന്നും ഏകദേശം എട്ട് കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നും വി.കെ. പ്രശാന്ത് പറഞ്ഞു. മൃഗശാലയും മ്യൂസിയവും നഗരത്തിൽനിന്ന് മാറ്റാനുള്ള ശ്രമം നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ നീക്കം വാണിജ്യ താൽപര്യത്തോടെയുള്ളതാണെന്നാണ് സംശയിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

ആരുമായും ആലോചിക്കാതെയാണ് മൃഗശാല മാറ്റാനുള്ള തീരുമാനം മുന്നോട്ടുവെച്ചതെന്നും എംഎൽഎ ആരോപിച്ചു. മൃഗങ്ങളിൽനിന്ന് രോഗം പകരുമെന്ന വാദം കേട്ടുകേൾവിയില്ലാത്തതാണെന്നും നഗരത്തെ നശിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് മ്യൂസിയവും മൃഗശാലയും സന്ദർശിച്ച് ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടു.

തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം അനുയോജ്യമല്ലെന്നും മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയുടെ ഭാഗമാണ് നഗരത്തിലെ നിലവിലെ സാഹചര്യങ്ങളെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. നെയ്യാർ പോലുള്ള വനമേഖലയോട് ചേർന്ന സ്ഥലത്തേക്ക് മൃഗശാല മാറ്റുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗശാല മാറ്റിയാൽ നിലവിലെ 36 ഏക്കറോളം വരുന്ന സ്ഥലം മാഡിസൺ സ്ക്വയർ മാതൃകയിൽ പ്രധാന നഗരകേന്ദ്രമാക്കാനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശയത്തെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ ഉയരുന്നതിനിടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ് നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →