Thursday, 17 September 2026
‘Honest storytelling is a powerful means of change
03:59:21 PM IST
Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലർട്ട്

ന്യൂസ് ഡെസ്ക് 17 September 2026, 8:42 am
SHARE

കനത്ത ചൂടിന് നേരിയ ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മഴയ്ക്ക് സാധ്യത പ്രവചിച്ചിരുന്നെങ്കിലും പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചിരുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാന ഘട്ടത്തിലേക്ക് കടന്നിട്ടും പ്രതീക്ഷിച്ച മഴ ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് തുടരുകയാണ്.

ഈ വർഷത്തെ മൺസൂൺ മഴയുടെ കണക്കുകൾ സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതാണ്. സെപ്റ്റംബർ ആദ്യ രണ്ടാഴ്ചയിലെ മഴയിൽ 95 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നാണ് കണക്ക്. മഴ ശക്തമാകേണ്ട ജൂൺ, ജൂലൈ മാസങ്ങളിലും മൺസൂൺ ദുർബലമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത നിലനിന്നിരുന്നെങ്കിലും അതിന്റെ ഭാഗമായി സംസ്ഥാനത്ത് കാര്യമായ മഴ ലഭിച്ചില്ല. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും പ്രതീക്ഷിച്ച തോതിൽ മഴ ലഭിച്ചിരുന്നില്ല.

വരാനിരിക്കുന്ന തുലാവർഷത്തിലും കേരളത്തിന് കാര്യമായ മഴ ലഭിക്കാനിടയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ മൺസൂണിൽ ലഭിക്കേണ്ട മഴ തുലാവർഷത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയ്ക്ക് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എൽ നിനോ പ്രതിഭാസവും മഴക്കുറവിന് കാരണമാകുന്ന ഘടകങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

രണ്ട് മൺസൂണുകളിലും മഴ കുറഞ്ഞാൽ സംസ്ഥാനത്ത് വരൾച്ചാ സാഹചര്യം രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. ഇത് വൈദ്യുതി ഉൽപാദനം, ജലലഭ്യത, കാർഷിക മേഖല തുടങ്ങിയവയെ പ്രതികൂലമായി ബാധിച്ചേക്കാം. അതേസമയം, സംസ്ഥാനം നിലവിൽ ഉഷ്ണതരംഗ സാഹചര്യത്തിലേക്കോ അതിന് സമാനമായ അതിതീവ്ര ചൂടിലേക്കോ കടക്കുമെന്ന സൂചനയില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →