Thursday, 17 September 2026
‘Honest storytelling is a powerful means of change
03:51:16 PM IST
Kerala

അളവിൽ കവിഞ്ഞ മദ്യം കൈവശംവെച്ചെന്ന കേസ്; റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

ന്യൂസ് ഡെസ്ക് 17 September 2026, 8:10 am
SHARE

വയനാട്ടിലെ വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതലായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയ്ക്കിടെയാണ് വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരം കണ്ടെത്തിയത്. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്ന നാടകീയ രംഗങ്ങൾക്കൊടുവിലാണ് ആന്റോയെ കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം എക്സൈസ് സംഘം ആന്റോയുമായി വയനാട്ടിലേക്ക് തിരിക്കും.

മഹസർ വായിച്ചുകേൾപ്പിച്ച ശേഷവും എഫ്ഐആറിന്റെ പകർപ്പ് നൽകണമെന്നും അത് ലഭിച്ചാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്നുമായിരുന്നു ആന്റോയുടെ നിലപാട്. തുടർന്ന് എഫ്ഐആറിന്റെ പകർപ്പ് കൈമാറിയതോടെയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വയനാട്ടിലെ വീട്ടിൽ ഒരാൾക്ക് നിയമപരമായി കൈവശംവെക്കാവുന്നതിലും അധികം അളവിലുള്ള വിവിധതരം മദ്യമാണ് കണ്ടെത്തിയത്.

എക്സൈസ് പിടിച്ചെടുത്തവയിൽ 43 ലിറ്റർ വിദേശനിർമിത മദ്യം, 4.824 ലിറ്റർ വിദേശ വൈൻ, 5.5 ലിറ്റർ കേരള വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി ലിക്കർ, വീട്ടിൽ നിർമിച്ച വൈനെന്ന് കരുതുന്ന 12.750 ലിറ്റർ പദാർഥം എന്നിവ ഉൾപ്പെടുന്നു. വ്യക്തികൾക്ക് കേരളത്തിൽ നിയമപരമായി കൈവശംവെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ പരിധി മൂന്ന് ലിറ്ററാണെന്ന് എക്സൈസ് അറിയിച്ചു.

പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം സംബന്ധിച്ച് എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുക. നിലവിൽ അനുവദനീയമായ പരിധിയിൽ കൂടുതലായി മദ്യം കൈവശംവെച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →