Tuesday, 15 September 2026
‘Honest storytelling is a powerful means of change
08:15:51 PM IST
Kerala

കരുവാറ്റ കൊലപാതകം: മാതാപിതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി; പ്രതികളുടെ തെളിവെടുപ്പുമായി പൊലീസിന് മുന്നോട്ട് പോകാം

ന്യൂസ് ഡെസ്ക് 15 September 2026, 5:36 pm
SHARE

ആലപ്പുഴ കരുവാറ്റയിൽ കൊച്ചുമകളുടെ ക്വട്ടേഷനിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ തെളിവെടുപ്പ് നടത്താൻ പൊലീസിന് ഹൈക്കോടതി അനുമതി. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. ജുവനൈൽ ജസ്റ്റിസ് ബോർഡ് നിർദേശിച്ച മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കണം തെളിവെടുപ്പെന്ന് കോടതി വ്യക്തമാക്കി. കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിട്ട ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിയെ ചോദ്യം ചെയ്താണ് മാതാപിതാക്കൾ ഹർജി നൽകിയത്.

പൊലീസ് കസ്റ്റഡി കുട്ടികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. 13കാരി ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. ഇതിൽ മൂന്ന് ആൺകുട്ടികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

16നും 18നും ഇടയിൽ പ്രായമുള്ളവർ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കേസുകളിൽ പ്രതികളായാൽ മുതിർന്നവരെപ്പോലെ നടപടി സ്വീകരിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. പെൺകുട്ടിയെ കോഴിക്കോട്ടെ സാമൂഹികക്ഷേമ വകുപ്പിന്റെ കേന്ദ്രത്തിലും ആൺകുട്ടികളെ ചേർത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലുമാണ് പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 15നാണ് ശിവൻകുട്ടി കൊല്ലപ്പെട്ടത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →