‘പാർട്ടി കരുണ കാണിച്ചില്ല പകരം അവഹേളിച്ചു’; സിപിഐഎം നേതൃത്വത്തിനെതിരെ ഗുരുതര വിമർശനവുമായി സംവിധായകൻ അനിൽ വി നാഗേന്ദ്രൻ
സിപിഐഎം നേതൃത്വത്തിനെതിരെ ഗുരുതര വിമർശനവുമായി സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. പാർട്ടി തനിക്ക് കരുണ കാണിച്ചില്ലെന്നും പകരം അവഹേളിക്കുകയായിരുന്നെന്നും അനിൽ വി. നാഗേന്ദ്ര പറഞ്ഞു. പാർട്ടിക്ക് വേണ്ടി ഒരുക്കിയ ‘വസന്തത്തിന്റെ കനൽവഴികളിൽ’ എന്ന സിനിമ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചെന്നും എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ തിരഞ്ഞെടുപ്പ് സമയത്ത് സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇതുവഴി കോടികളുടെ നഷ്ടം തനിക്ക് നേരിടേണ്ടി വന്നതായും അനിൽ വി. നാഗേന്ദ്രൻ പറഞ്ഞു.
സിനിമ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം ജോൺ ബ്രിട്ടാസ് തടഞ്ഞെന്നും രാഷ്ട്രീയ കാരണങ്ങളാലും ചില താൽപര്യങ്ങളാലുമാണ് അതുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ നേതാക്കൾ പോലും അഭിനന്ദിച്ച സിനിമയോട് കൈരളി അകൽച്ച കാണിച്ചെന്നും ഇതിനെതിരെ ഒരു വേദിയിൽ തുറന്നുപറഞ്ഞതോടെ പിണറായി വിജയനും അതൃപ്തിയുണ്ടായെന്നും അനിൽ പറഞ്ഞു. ‘വീരവണക്കം’ എന്ന രണ്ടാമത്തെ സിനിമയുടെ സമയത്തും കൈരളിയെ സമീപിക്കാൻ പാർട്ടി നേതൃത്വം നിർദേശിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരം കത്ത് നൽകിയെങ്കിലും കൈരളിയിൽ വീണ്ടും മോശം അനുഭവമാണ് ഉണ്ടായതെന്ന് അനിൽ വി. നാഗേന്ദ്ര പറഞ്ഞു. നാല് മാസത്തോളം തന്നെ തട്ടിക്കളിച്ചെന്നും ഇതിനിടെ തമിഴ്നാട്ടിലെ സാറ്റലൈറ്റ് റൈറ്റ്സും നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. അവഹേളിക്കുകയും അപഹസിക്കുകയും ചെയ്തതോടെയാണ് പാർട്ടിയിൽനിന്ന് മൗനമായി പിന്മാറിയതെന്നും സൈബർ ആക്രമണത്തിന്റെ പേരിൽ തന്നെ ഭയപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുപ്പത് വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളും ഓഡിയോ-വീഡിയോ പരിപാടികളും ലാഭേച്ഛയില്ലാതെ പുറത്തിറക്കിയിട്ടും സാധാരണ സഖാക്കൾക്ക് അവഗണനയാണ് ലഭിക്കുന്നതെന്നും അനിൽ ആരോപിച്ചു. പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് പ്രശ്നമുണ്ടാകുമ്പോൾ നേതൃത്വം ഇടപെട്ട് സഹായിക്കുമ്പോൾ തനിക്ക് അത്തരം പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായെന്നും സഹായിച്ചില്ലെങ്കിലും ചിലർ പിന്തുടർന്ന് ദ്രോഹിച്ചെന്നും ആരോപിച്ചാണ് സിപിഐഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി അനിൽ വി. നാഗേന്ദ്രൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയുടെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാൻ സാധിക്കില്ല; നിയമങ്ങൾക്ക് വിരുദ്ധമെന്ന് വിശദീകരണം
ഇനി മട്ടനും മീനും ഇല്ല, പകരം ചിക്കനും സോയയും; തടവുകാരുടെ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുന്നു; ലാഭം കോടികൾ