അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ; ഒക്ടോബർ 15ന് സാക്ഷി വിസ്താരം തുടങ്ങും
എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിലെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകാര്യതയെ ബാധിക്കുന്നുവെന്നും ചില പൊലീസ് ഉദ്യോഗസ്ഥർ സിവിൽ വേഷത്തിൽ പിന്തുടരുന്നുവെന്നും പ്രതികൾ ഹർജിയിൽ ആരോപിച്ചു.
ഒക്ടോബറിൽ സാക്ഷി വിസ്താരം ആരംഭിക്കാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹർജി. എട്ട് വർഷത്തിന് ശേഷമാണ് കേസിലെ സാക്ഷി വിസ്താരം ആരംഭിക്കാൻ കോടതി ഉത്തരവിട്ടത്. ഒക്ടോബർ 15ന് ആരംഭിച്ച് 17 ദിവസത്തിനകം സാക്ഷി വിസ്താരം പൂർത്തിയാക്കാനും ഡിസംബർ ആറിനകം വിചാരണ പൂർത്തിയാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിലെ ആദ്യ 15 പ്രതികളെയാണ് നിലവിൽ വിചാരണ ചെയ്യുന്നത്.
കേസ് 70 തവണ കോടതിയിൽ പരിഗണിച്ചപ്പോഴും രണ്ടുതവണ മാത്രമാണ് മുഴുവൻ പ്രതികളും ഹാജരായത്. 2018 ജൂലൈ രണ്ടിനാണ് ചുവരെഴുത്തിനെച്ചൊല്ലിയുണ്ടായ എസ്എഫ്ഐ-കാമ്പസ് ഫ്രണ്ട് തർക്കത്തിനിടെ അഭിമന്യു കൊല്ലപ്പെട്ടത്. കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണത്തിലെ വീഴ്ചയും പ്രതികളെ പിടികൂടുന്നതിലെ കാലതാമസവും സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു.
മുഖ്യമന്ത്രിയുടെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാൻ സാധിക്കില്ല; നിയമങ്ങൾക്ക് വിരുദ്ധമെന്ന് വിശദീകരണം
ഇനി മട്ടനും മീനും ഇല്ല, പകരം ചിക്കനും സോയയും; തടവുകാരുടെ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുന്നു; ലാഭം കോടികൾ