Friday, 11 September 2026
‘Honest storytelling is a powerful means of change
06:19:16 PM IST
#Trending

‘നമ്മൾ 80കളിൽ എങ്ങനെയായിരുന്നേനെ?’; സോഷ്യൽ മീഡിയയിൽ തരംഗമായി AI റെട്രോ ട്രെൻഡ്

ആൻ മരിയ കെ ജോസ് 8 September 2026, 2:26 pm
SHARE

ഒരു ഫോട്ടോ കൊടുത്താൽ മതി… പിന്നെ AI നമ്മളെ കൊണ്ടുപോകുന്നത് നേരെ 80കളിലേക്ക്! ‘What would I have looked like in the 80s?’ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് പുതിയ AI ഫോട്ടോ ട്രെൻഡ്. ഇന്നത്തെ ഫോട്ടോകൾ 1980കളിലെ വസ്ത്രങ്ങളും ഹെയർസ്റ്റൈലും മേക്കപ്പും ഫോട്ടോഗ്രഫി ശൈലിയും ചേർത്ത് റെട്രോ ചിത്രങ്ങളാക്കി മാറ്റുകയാണ് ആളുകൾ.

Instagram തുറന്നാൽ പഴയ ആൽബത്തിൽ നിന്ന് എടുത്തതുപോലെ തോന്നിക്കുന്ന ചിത്രങ്ങൾ. വലിയ മുടി, ബോൾഡ് വസ്ത്രങ്ങൾ, വിന്റേജ് മേക്കപ്പ്, അനലോഗ് ക്യാമറയുടെ ഫീൽ, പഴയകാല പശ്ചാത്തലം… എല്ലാം AIയുടെ കൈയിൽ! ഇപ്പോഴത്തെ തലമുറ മാത്രമല്ല, സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരുമെല്ലാം ഈ ട്രെൻഡിനൊപ്പം ചേരുകയാണ്.

ഒരു ഫോട്ടോ… നാല് പതിറ്റാണ്ട് പിന്നിലേക്ക്

ഇപ്പോഴത്തെ ഒരു ക്ലിയർ പോർട്രെയ്റ്റ് AI ടൂളിൽ നൽകിയ ശേഷം 80കളിലെ സ്റ്റൈലിൽ മാറ്റാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. മുഖത്തിന്റെ അടിസ്ഥാന സവിശേഷതകൾ നിലനിർത്തിക്കൊണ്ട് മുടിയുടെ സ്റ്റൈൽ, വസ്ത്രം, മേക്കപ്പ്, ലൈറ്റിങ്, പശ്ചാത്തലം, ഫോട്ടോയുടെ നിറവും ടെക്സ്ചറും വരെ AI മാറ്റും.

അങ്ങനെ നോക്കുമ്പോൾ അത് ഒരു സാധാരണ ഫോട്ടോ എഡിറ്റിങ് മാത്രമല്ല. ‘ഞാൻ 1980ൽ ജനിച്ചിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമായിരുന്നു?’ എന്നൊരു കൗതുകത്തിന് AI നൽകുന്ന ഒരു കാഴ്ചപ്പാടാണ്.

80കളുടെ സ്റ്റൈൽ വീണ്ടും ‘കൂൾ’

ഇതോടെ പഴയകാല ഫാഷനും വീണ്ടും സോഷ്യൽ മീഡിയയിലെ ചർച്ചയാകുകയാണ്. വോളിയം കൂടിയ ഹെയർസ്റ്റൈലുകൾ, ഡെനിം, ബോൾഡ് കളറുകൾ, വിന്റേജ് ആഭരണങ്ങൾ, സ്റ്റുഡിയോ പോർട്രെയ്റ്റുകൾ തുടങ്ങിയവയാണ് AI ചിത്രങ്ങളിൽ പ്രധാനമായും കാണുന്നത്. പഴയകാല ഫോട്ടോകളുടെ നിറവും ഗ്രെയിനും ഉൾപ്പെടെ പുനഃസൃഷ്ടിക്കുന്നതിനാൽ പല ചിത്രങ്ങളും യഥാർഥ 80കളിലെ ഫോട്ടോകളെ ഓർമിപ്പിക്കുന്ന തരത്തിലാണ്.

‘എന്റെ അമ്മ 80കളിൽ എങ്ങനെയായിരുന്നു?’

ട്രെൻഡിന്റെ ഏറ്റവും രസകരമായ ഭാഗം ഇതാണ്. സ്വന്തം ഫോട്ടോ മാത്രമല്ല, മാതാപിതാക്കളുടെയും പങ്കാളിയുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങൾ 80കളുടെ ലുക്കിലേക്ക് മാറ്റുകയാണ് പലരും.

അമ്മയുടെയും അച്ഛന്റെയും പഴയ ഫോട്ടോകൾക്കൊപ്പം മക്കളുടെ AI-generated 80s version കൂടി ചേർത്തുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നു. ചിലർ വിവാഹ ഫോട്ടോകളെ 80s സ്റ്റൈലിൽ പുനഃസൃഷ്ടിക്കുമ്പോൾ, മറ്റുചിലർ ‘80s couple’, ‘80s family portrait’ തുടങ്ങിയ ആശയങ്ങളിലാണ് പരീക്ഷണം നടത്തുന്നത്.

പഴയ കാലത്തിന്റെ ‘ഫീൽ’, പുതിയ കാലത്തിന്റെ ടെക്നോളജി

AI ട്രെൻഡുകളുടെ വലിയ പ്രത്യേകത തന്നെ ഇതാണ്—പഴയ ഓർമകളെയും പുതിയ സാങ്കേതികവിദ്യയെയും ഒരുമിച്ച് കൂട്ടുന്നു. നേരത്തെ വിന്റേജ്, 90s, Y2K തുടങ്ങിയ റെട്രോ ലുക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നെങ്കിൽ, ഇപ്പോൾ 80കളിലേക്കുള്ള ഈ ‘ടൈം ട്രാവൽ’ ആണ് ശ്രദ്ധ നേടുന്നത്.ഒരുപക്ഷേ അതുകൊണ്ടുതന്നെയാകാം ഈ ട്രെൻഡിന് ഇത്ര പെട്ടെന്ന് സ്വീകാര്യത ലഭിച്ചതും. പഴയ കാലത്ത് ജീവിച്ചിട്ടില്ലാത്തവർക്ക് പോലും ആ കാലത്തെ ‘ഒന്ന് അനുഭവിച്ചു നോക്കാൻ’ AI അവസരം നൽകുന്നു.

ഇന്ന് ഫോണിലെ ക്യാമറയിൽ പകർത്തിയ ഒരു ചിത്രം… AIയുടെ കൈകളിലൂടെ കടന്നുപോകുമ്പോൾ 40 വർഷം പഴക്കമുള്ള ഒരു ഓർമ്മയായി മാറുന്നു. 80കൾ തിരിച്ചുവന്നിട്ടില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ നമ്മളെല്ലാം ഒരിക്കൽ കൂടി 80കളിൽ എത്തിയിരിക്കുകയാണ്!

Read More
s
ആൻ മരിയ കെ ജോസ്
View all posts →