Friday, 11 September 2026
‘Honest storytelling is a powerful means of change
07:10:10 PM IST
Celebrity Talk

‘ഞാൻ എന്നെ കൊല്ലുകയാണ്, ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല’; കടുത്ത തീരുമാനവുമായി അഖിൽ മാരാർ

SHARE

രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി സംവിധായകനും ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയുമായ അഖിൽ മാരാർ. ‘പരിഹാസവും പുച്ഛവും കേട്ട് വളർന്ന ഒരുവൻ സമൂഹത്തിൽ റിബലായി മാറുന്നത് സ്വാഭാവികമാണ്’ എന്ന വാക്കുകളോടെയാണ് അഖിൽ പുതിയ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. സത്യത്തിനും ധർമത്തിനും നീതിക്കും സമൂഹത്തിൽ യാതൊരു വിലയുമില്ലെന്നും ഇനി ആരെയും ശല്യപ്പെടുത്താതെ മിണ്ടാതിരിക്കാനാണ് തീരുമാനമെന്നും കുറിപ്പിൽ പറയുന്നു.

‘ഞാനും ഒരു റിബൽ ആയിരുന്നു. അന്നും ഇന്നും സത്യത്തിനൊപ്പം മാത്രമാണ്. ആരെയും പേടിച്ച് അഭിപ്രായം പറയാതെ ഓടി ഒളിച്ചവനല്ല’ എന്നും അഖിൽ കുറിച്ചു. സമൂഹത്തിലെ സാധാരണക്കാർക്കുവേണ്ടി ശബ്ദിക്കണമെന്ന ആഗ്രഹത്തോടെയാണ് പൊതുരംഗത്ത് ഇടപെട്ടതെന്നും എന്നാൽ സത്യം തുറന്നുപറയുന്നവർക്ക് രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്ന് സമൂഹം തന്നെ പഠിപ്പിച്ചുവെന്നും അഖിൽ പറയുന്നു. ‘കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, നിങ്ങൾ അവർക്ക് വേണ്ടി വാഴ്ത്തുകൾ നേരട്ടെ; മാരാർ സ്വന്തം ജീവിതം ആസ്വദിച്ച് ജീവിക്കും’ എന്നും കുറിപ്പിലുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഖിൽ മാരാർ ട്വന്റി 20യിൽ ചേർന്ന് തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്. ഫെബ്രുവരിയിൽ പാർട്ടിയിൽ ചേർന്ന അഖിൽ, കൊട്ടാരക്കരയിൽ മത്സരിക്കുമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് തൃക്കാക്കരയിൽ സ്ഥാനാർഥിയാക്കിയെന്ന് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും ട്വന്റി 20 വ്യക്തിപരമായ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നുവെന്നും ആരോപിച്ച് ജൂലൈയിൽ അഖിൽ പാർട്ടി വിട്ടു.

ട്വന്റി 20 വിട്ടതിന് പിന്നാലെ അഖിലിന്റെ രാഷ്ട്രീയ നിലപാടുകളും സമൂഹമാധ്യമ കുറിപ്പുകളും ചർച്ചയായിരുന്നു. പാർട്ടി വിട്ടതിന് പിന്നാലെ ട്വന്റി 20 അഖിലിന്റെ ആരോപണങ്ങൾ തള്ളി രംഗത്തെത്തുകയും, പിന്നീട് അഖിലിന്റെതെന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്തുവിടുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ കുറിപ്പിൽ ‘രാഷ്ട്രീയം ഉപേക്ഷിച്ചതല്ല, സമൂഹം എന്നെ പഠിപ്പിച്ചതാണ് സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്ന്’ എന്ന അഖിലിന്റെ പരാമർശം വീണ്ടും രാഷ്ട്രീയ വിടവാങ്ങൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ്

പരിഹാസവും പുച്ഛവും മാത്രം കെട്ട് വളർന്ന ഒരുവൻ സമൂഹത്തിൽ റിബൽ ആയി മാറുന്നത് സ്വാഭാവികമാണല്ലോ.. ഞാനും ഒരു റിബൽ ആയിരുന്നു..നിലപാട് എന്ന വാക്കും അഖിൽ മാരാരും കേരളത്തിൽ എത്രത്തോളം ചർച്ച ആയി എന്നത് നിങ്ങൾക് അറിയാം.. എന്നും സത്യം മുറുകെ പിടിച്ച എനിക്ക് നിലപാടിൽ ഒരു മാറ്റവും ഇല്ല.. അന്നും ഇന്നും സത്യത്തിനൊപ്പം മാത്രം.. ആരെയും പേടിച്ചു അഭിപ്രായം പറയാതെ ഓടി ഒളിച്ചവൻ അല്ല.. എന്റെ ഉള്ളിലെ സത്യം കണ്ടാവാം ഈശ്വരൻ എനിക്കൊപ്പം കൂടിയത്..
മറ്റുള്ളവർ നോക്കിയാൽ വലിയ നേട്ടം എന്ന് തോന്നുന്ന നിരവധി നേട്ടങ്ങൾ എനിക്ക് ലഭിച്ചപ്പോഴും ഒന്നുമല്ലാതെ പോയ എന്റെ നാട്ടിലെ സാധാരണകാർക്ക് വേണ്ടി ശബ്‌ദിക്കണം എന്നാഗ്രഹിച്ച എനിക്ക് ഒരു യാഥാർഥ്യം തിരിച്ചറിയാൻ കഴിഞു.. സത്യത്തിലും ധർമത്തിനും നീതിക്കും സമൂഹത്തിന് മുന്നിൽ യാതൊരു വിലയുമില്ല.. ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല അന്ധത മൂടിയ സമൂഹത്തിൽ സത്യം വിളിച്ചു പറഞ്ഞാൽ ഉൾകൊള്ളാൻ ബോധമില്ലാത്ത മനുഷ്യർക്കിടയിൽ എനിക്ക് സ്ഥാനമില്ല.. വാക്കുകൾ മാറ്റി സമൂഹത്തെ പറ്റിക്കുന്ന കപട രാഷ്ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ..
ഇല്ലാതാക്കാൻ നോക്കുന്ന സമൂഹത്തിൽ നിങ്ങൾക് വേണ്ടി മിണ്ടാനും നിങ്ങളുടെ ശബ്ദമാകാനും കൊതിച്ച ഞാൻ നിശബ്ദത പാലിക്കുക ആണ്.. ഞാൻ എന്നെ കൊല്ലുകയാണ്.. ഞാൻ ഞാനല്ലാതെ ജീവിക്കാൻ തുടങ്ങുകയാണ്…എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാൻ ശീലിക്കുക ആണ്.
രാഷ്ട്രീയം ഉപേക്ഷിച്ചതല്ല സമൂഹം എന്നെ പഠിപ്പിച്ചതാണ് സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്നു… കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ.. നിങ്ങൾ അവർക്ക് വേണ്ടി വാഴ്ത്തുക്കൾ നേരട്ടെ.. മാരാർ സ്വന്തം ജീവിതം ആസ്വദിച്ചു ജീവിക്കും..

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →