Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:53 PM IST
Celebrity Talk

‘വടിവാളുമായി നാല് പേർ ആക്രമിക്കാൻ എത്തി, കളരി അഭ്യസിച്ചതിനാൽ രക്ഷപ്പെട്ടു’; നടൻ ദേവൻ

ന്യൂസ് ഡെസ്ക് 4 September 2026, 3:28 pm
SHARE

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കുനേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ദേവൻ. വടിവാളുമായി നാല് പേർ തന്നെ ആക്രമിക്കാൻ എത്തിയെന്നും കളരി അഭ്യസിച്ചിരുന്നതിനാലാണ് അവരിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതെന്നും ദേവൻ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

വടക്കാഞ്ചേരിയിൽ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായതെന്ന് ദേവൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി ക്ഷീണിതനായി താൻ ഒറ്റയ്ക്ക് കാറിൽ വീട്ടിലേക്ക് പോകുകയായിരുന്നു. കാറിന്റെ മിററിൽ നോക്കിയപ്പോൾ രണ്ട് സ്കൂട്ടറുകളിലായി നാല് പേർ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ആദ്യം സംശയം തോന്നിയില്ലെങ്കിലും പിന്നീട് തങ്ങളെ പിന്തുടരുകയാണെന്ന് മനസ്സിലായതോടെ വാഹനം റോഡരികിൽ നിർത്തിയെന്നും ദേവൻ പറഞ്ഞു.

താൻ വാഹനം നിർത്തിയതോടെ പിന്നാലെയെത്തിയവരും വാഹനം നിർത്തി പുറത്തിറങ്ങി. ഇവരുടെ കൈവശം വടിവാളുണ്ടായിരുന്നുവെന്നും മിററിലൂടെ അത് കാണാൻ കഴിഞ്ഞെന്നും ദേവൻ പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന വടി എടുത്ത് കാറിൽനിന്ന് പുറത്തിറങ്ങിയതോടെ ആക്രമിക്കാനെത്തിയവർ അപ്രതീക്ഷിതമായി പിൻവാങ്ങി വാഹനത്തിൽ കയറി രക്ഷപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ പോലീസിൽ പരാതി നൽകാൻ സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാൻ ആദ്യം തയ്യാറായില്ലെന്നും ദേവൻ ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ എതിർപാർട്ടിക്കാരാണെന്ന് പോലീസിനും അറിയാമായിരുന്നുവെന്നാണ് തന്റെ ധാരണയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് എസ്‌ഐ തന്നോട് ‘ഇത് നാളെയും മറ്റന്നാളും ഉണ്ടാകും, നിങ്ങളെ ഇവിടെനിന്ന് അവസാനിപ്പിച്ച് പോകാൻ വേണ്ടി പേടിപ്പിക്കുന്നതാണ്’ എന്ന് പറഞ്ഞതായും ദേവൻ വെളിപ്പെടുത്തി. കളരി അഭ്യസിച്ചതാണ് ആ സാഹചര്യത്തിൽ ആത്മവിശ്വാസത്തോടെ നേരിടാനും രക്ഷപ്പെടാനും സഹായിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →