Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:52 PM IST
Celebrity Talk

‘ഒരു കുഞ്ഞിനെയും കൊണ്ട് നടുവേദനയുമായി ജീവിതം തള്ളി നീക്കേണ്ടി വരുമായിരുന്നു, എന്നെ രക്ഷിച്ചത് അനശ്വര’; ഐശ്വര്യ രാജൻ

SHARE

പതിനാറാം വയസ്സിൽ ആരംഭിച്ച ആരോഗ്യപ്രശ്നങ്ങൾ ജീവിതത്തിൽ ഏൽപ്പിച്ച വേദനകളെക്കുറിച്ചുള്ള നടി അനശ്വര രാജന്റെ സഹോദരി ഐശ്വര്യയുടെ തുറന്നുപറച്ചിൽ മുൻപ് ഏറെ ചർച്ചയായിരുന്നു. ഡിസ്‌ക് തേയ്‌മാനം, അലർജി തുടങ്ങി ശരീരത്തിലെ ഓരോ അണുവും വേദനിക്കുന്ന ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയോട് വരെ പോരാടേണ്ടി വന്ന എട്ട് വർഷത്തെ അനുഭവങ്ങളാണ് ഐശ്വര്യ പങ്കുവെച്ചത്. മുഖം കഴുകാനോ തല കഴുകാനോ പോലും കുനിയാൻ കഴിയാത്ത തരത്തിലുള്ള കഠിനമായ വേദനയാണ് അക്കാലത്ത് അനുഭവിച്ചതെന്ന് ഐശ്വര്യ പറഞ്ഞു. ഡിസ്‌ക് പ്രശ്നത്തെ തുടർന്ന് ദീർഘനേരം ഇരിക്കാൻ കഴിയാതിരുന്നതിനാൽ കോളജിലെ ക്ലാസുകളിലും പരീക്ഷകളിലും വരെ നിന്നുകൊണ്ടാണ് പങ്കെടുത്തതെന്നും ഐശ്വര്യ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സഹോദരി അനശ്വര രാജനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെക്കുകയാണ് ഐശ്വര്യ രാജൻ. ഓസ്ട്രേലിയയിൽ നിന്നുള്ള വീഡിയോയിലൂടെയാണ് അനശ്വര നൽകിയ പിന്തുണയെക്കുറിച്ചും സ്വന്തം ജീവിതത്തിലെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചും ഐശ്വര്യ തുറന്നുപറഞ്ഞത്. ‘അനശ്വരയുടെ ചേച്ചി’ എന്ന വ്യക്തിത്വത്തിൽ തനിക്ക് ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഐശ്വര്യ പറഞ്ഞു. അപക്വമായ പ്രായത്തിൽ വിവാഹിതയായി ജീവിതം വഴിമുട്ടിപ്പോകുമായിരുന്ന സാഹചര്യത്തിൽ നിന്ന് തന്നെ രക്ഷിച്ചത് അനശ്വരയാണെന്നും ഐശ്വര്യ ഓർത്തെടുത്തു.

ഐശ്വര്യയുടെ വാക്കുകൾ

“ഞാനിത് ഇങ്ങനെ ഒരു അവസരത്തിൽ പറയണം എന്ന് വിചാരിച്ചല്ല. പക്ഷേ എനിക്ക് പറയാനുള്ളത്, ഞാനിപ്പോ ഉള്ളത് ഓസ്ട്രേലിയയിലാണ്. എപ്പോഴെങ്കിലും ഇത് പറയണമെന്ന് വിചാരിച്ച ഒരു കാര്യമാണ്.

അവളുടെ സഹോദരി ആയിരിക്കുക എന്ന കാര്യത്തിൽ ഞാൻ ഭയങ്കര നന്ദിയുള്ളവളാണ്. ഭയങ്കര ആഘോഷിച്ചിട്ടാണ് ഞാൻ ആ ഒരു പേര് കൊണ്ട് നടക്കുന്നത്. അനശ്വര രാജൻ്റെ ചേച്ചി എന്ന് നിങ്ങൾ ആരെങ്കിലും എന്റെ അടുത്ത് വന്ന് പറയുമ്പോഴോ, എവിടെയെങ്കിലും സൂചിപ്പിക്കുമ്പോളോ ഒരുപാട് സന്തോഷം തോന്നും… എൻ്റെ അടുത്ത് കുറേ പേര് ചോദിച്ചതുകൊണ്ടാണ് ഞാൻ പറയുന്നത്, എനിക്ക് അങ്ങനെ യാതൊരു വ്യക്തിത്വ പ്രശ്‌നങ്ങളും ഇല്ല. കാരണം അങ്ങനെ ഒരു അനശ്വര എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു എങ്കിൽ, ഒരുപക്ഷേ നിങ്ങൾ ഞാൻ പറഞ്ഞത് കേൾക്കാൻ നിങ്ങളോ, നിങ്ങളോട് ഇത് പറയുന്ന ഈ ഞാനോ ചിലപ്പോ ഉണ്ടാവുമായിരുന്നില്ല. അതുമാത്രമല്ല, തീർച്ചയായിട്ടും അങ്ങനെ ഒരു അനശ്വര എന്നെ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ, ഞാനിപ്പോ ഒരു കല്യാണം എന്താന്ന് പോലും അറിയാത്ത ഒരു വയസ്സിൽ കല്യാണംഒക്കെ കഴിച്ച് ജീവിതം ഭയങ്കര കുടുങ്ങിപ്പോയി… കല്യാണം മോശം എന്നല്ല പറഞ്ഞത്, പക്ഷേ കല്യാണം എന്താണ് എങ്ങനെയാണെന്ന് അറിഞ്ഞിട്ട് വേണമായിരുന്നു കല്യാണം കഴിക്കേണ്ടത്. പക്ഷേ അതൊന്നും അറിയുന്ന ഒരു ഘട്ടത്തിൽ ആയിരുന്നില്ല ഞാൻ കല്യാണത്തെക്കുറിച്ചൊക്കെ സംസാരിച്ചത്. അതായത് എന്റെ കല്യാണത്തിനെ പറ്റിയൊക്കെ പദ്ധതിയിട്ടത്. അപ്പൊ ഒരു കല്യാണം കഴിച്ച് നടുവേദനയും വച്ച് കുട്ടിയെ ഒക്കെ കൊണ്ട് നടക്കുന്ന ഞാനായിരുന്നേനെ. അങ്ങനെ എന്റെ ജീവിതത്തിൽ എന്നെ എല്ലാ തരത്തിലും രക്ഷിച്ചു എന്നൊക്കെ പറയുന്ന ഒരാളാണ് എനിക്ക് എൻ്റെ അനശ്വര. അപ്പോൾ അവളുടെ സഹോദരി ആയിരിക്കുക എന്ന പേര് എനിക്ക് എപ്പോഴും സന്തോഷമാണ്. ജീവിതത്തിൽ ആദ്യമായിട്ട് എന്നോട് എനിക്ക് ഇഷ്‌ടമുള്ള സാധനങ്ങൾ വാങ്ങിച്ചോളു എന്ന് അവളാണ് പറഞ്ഞതെന്ന് ഒരു കുറിപ്പിന് താഴെ ഞാൻ എഴുതി ‘എന്റെ അനിയത്തി’ എന്ന്. അപ്പോ അതിൻ്റെ താഴെ കുറെ ആൾക്കാര അഭിപ്രായമിട്ടു, “ഓ സിനിമാ നടി ആയതിനുശേഷം” അങ്ങനെയൊക്കെ പറഞ്ഞ്. നമുക്ക് നമ്മളെ വേണ്ടപ്പെട്ടവർക്ക് ഇഷ്‌ടമുള്ളത് വാങ്ങിച്ചു എന്ന് പറയണമെങ്കിൽ സാമ്പത്തികമായി ഒന്ന് നിലയുറപ്പിച്ചാൽ മതി. അതിന് സിനിമയിലൊന്നും അഭിനയിക്കേണ്ടതില്ലല്ലോ. പക്ഷേ എത്ര പേര് എത്ര സഹോദരങ്ങൾ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ അടുത്ത്. എന്റെ സഹോദരി എൻ്റെ അടുത്ത് പറഞ്ഞിട്ടുണ്ട്, ഞങ്ങൾ ഒമാൻ പോയപ്പോൾ ഞങ്ങൾ ഒരു മാളിൽ പോയി അപ്പൊ അവൾ പറഞ്ഞു, “അച്ചു നിനക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിച്ചോ നമ്മൾ അതിനാണ് വന്നത്” എന്ന്. എന്റെ അടുത്ത് ആദ്യമായിട്ട് ഒരാൾ പറഞ്ഞത് എൻ്റെ സഹോദരി ആണ്. അപ്പോ എനിക്ക് അങ്ങനത്തെ യാതൊരു കുഴപ്പവുമില്ല. ഞാനത് ഭയങ്കര സന്തോഷത്തോടെയാണ് ഇങ്ങനെ കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്ന് സംസാരിക്കുന്നത്. അതുകൊണ്ടാണ് എന്റെ മുന്നിൽ ഇങ്ങനെ ഒരു കാഴ്‌ച ഉള്ളത്. ഞാൻ ഇത് പറയാൻ ഒരുപാട് സ്‌ഥലം തിരഞ്ഞെടുത്തു, പക്ഷേ ഒരുപക്ഷേ ഇതായിരിക്കും അതിനു പറ്റിയ ഒരു സ്ഥലം.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →