‘സുരക്ഷിതമായ ഇടമായി തോന്നിയിട്ടില്ല’; ‘അമ്മ’യിലേക്ക് തിരിച്ചുവരാനില്ലെന്ന് പാർവതി തിരുവോത്ത്
താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചുവരാനില്ലെന്ന് നടി പാർവതി തിരുവോത്ത്. ‘അമ്മ’ തന്റെ വിഷയമല്ലെന്നും എല്ലാവരെയും ഒരുപോലെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന സുരക്ഷിതമായ ഇടമായി സംഘടനയെ തോന്നിയിട്ടില്ലെന്നും പാർവതി പറഞ്ഞു. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
നിലവിലെ ഭരണസമിതിക്ക് പരോക്ഷ പിന്തുണ നൽകുന്ന തരത്തിലായിരുന്നു പാർവതിയുടെ പ്രതികരണം. ‘അമ്മ’ സംഘടനയെ ആളുകൾ ഇപ്പോൾ ഗൗരവത്തോടെ കാണുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു. സംഘടനയെ ഒരു വലിയ കുടുംബമായും എല്ലാവരെയും സംരക്ഷിക്കുന്ന ‘ബിഗ് ബ്രദർ’ സംവിധാനമായുമാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ അതിന് വിരുദ്ധമായ കാര്യങ്ങൾ ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പാർവതി വിമർശിച്ചു.
25 വർഷമായി നേതൃത്വത്തിൽ തുടരുന്നവർക്ക് പരിചയമുണ്ടാകുമെന്നും പുതിയൊരാൾക്ക് ആറുമാസം മാത്രം നൽകിയ ശേഷം കഴിവില്ലെന്ന് വിലയിരുത്തുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും അവർ ചോദിച്ചു. കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഡബ്ല്യുസിസിയും താനും വ്യക്തിപരമായും പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാൽ ആ നിർദേശത്തെ സംഘടന ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും പാർവതി പറഞ്ഞു.
“ഇപ്പോൾ എനിക്ക് അതിൽ താൽപര്യമില്ല. ജോലി ചെയ്യണമെന്നാണ് ആഗ്രഹം. പിന്തുണ നൽകുകയും സുരക്ഷിതത്വവും എല്ലാവരോടും ബഹുമാനവും ഉറപ്പാക്കുകയും ചെയ്യുന്ന ഇടമാണ് സംഘടനയെന്ന് എനിക്ക് തോന്നുന്നില്ല. ഒരു സംഘടനയുടെ ഭാഗമല്ലാതെയും എനിക്ക് സുരക്ഷിതമായി തോന്നുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ സംഘടനയുടെ ആവശ്യകത തോന്നുന്നില്ല,” പാർവതി പറഞ്ഞു.
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ