Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:04 PM IST
Celebrity Talk

‘പഴയകാല ഉർവശിയുടെ സ്വാഭാവികതയും നാച്ചുറൽ സ്മാർട്ട്‌നസും കൊണ്ട് മമിത ബൈജു പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നു’; ശാരദക്കുട്ടി

SHARE

‘ബത്ലഹേം കുടുംബ യൂണിറ്റ്’ മികച്ച വിനോദാനുഭവം സമ്മാനിച്ചെന്ന് എഴുത്തുകാരി ശാരദക്കുട്ടി. റിലീസ് ദിവസം തന്നെ ചിത്രം കണ്ട ശാരദക്കുട്ടി, സിനിമയുടെ സ്വാഭാവികമായ നർമ്മത്തെയും അഭിനേതാക്കളുടെ പ്രകടനങ്ങളെയും പ്രത്യേകം പ്രശംസിച്ചു. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ നിർമ്മാണ പങ്കാളിത്തമാണ് ചിത്രം കാണാനുള്ള ആദ്യ പ്രേരണയായതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സിനിമയുടെ പ്രമേയത്തിൽ വലിയ പുതുമ അവകാശപ്പെടാനില്ലെങ്കിലും ഒരൽപം പോലും വിരസമാകാതെ ചിത്രം രസിപ്പിച്ചെന്നാണ് ശാരദക്കുട്ടിയുടെ വിലയിരുത്തൽ. വളിപ്പിന് വേണ്ടി കുത്തിക്കയറ്റിയ തമാശകൾക്ക് പകരം സ്വാഭാവികവും സന്ദർഭോചിതവുമായ നർമ്മ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളതെന്നും അവർ പറഞ്ഞു. സുരേഷ് കൃഷ്ണയുടെ പ്രകടനത്തെയും ശാരദക്കുട്ടി പ്രത്യേകം എടുത്തുപറഞ്ഞു. സംഭാഷണങ്ങളിലല്ല, കഥാപാത്രത്തിൽ നിന്നുള്ള അപ്രതീക്ഷിത പ്രതികരണങ്ങളിലാണ് നർമ്മമെന്നും, വ്യത്യസ്തനായ സുരേഷ് കൃഷ്ണയെ കാണാൻ വേണ്ടി മാത്രവും ചിത്രം കാണാമെന്നും അവർ കുറിച്ചു.

മമിത ബൈജുവിന്റെ ആഷ്‌ലി എന്ന കഥാപാത്രത്തെയും ശാരദക്കുട്ടി പ്രശംസിച്ചു. സ്വാഭാവികതയും ‘നാച്ചുറൽ സ്മാർട്ട്നസും’ കൊണ്ട് മമിത പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റുന്നുവെ പറഞ്ഞു. പഴയകാല നടി ഉർവശിയുടെ സ്വാഭാവിക അഭിനയത്തോടും മമിതയുടെ പ്രകടനത്തെ അവർ താരതമ്യം ചെയ്തു. നിവിൻ പോളിയുടെ പ്രകടനത്തിലും ശാരദക്കുട്ടി മതിപ്പ് രേഖപ്പെടുത്തി. വൈകാരിക രംഗങ്ങളിൽ താരം പുലർത്തിയ ഭാവനിയന്ത്രണം എടുത്തുപറയേണ്ടതാണെന്നും, കഥ ആവശ്യപ്പെടുന്ന അളവിൽ മാത്രം ഭാവം പ്രകടിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. പല രംഗങ്ങളിലും ‘കരയാതെ കരയുന്ന’ നിവിൻ പോളിയെയാണ് കാണാനാകുന്നതെന്നും ശാരദക്കുട്ടി കുറിച്ചു.

80കളിലെ മോഹൻലാലിനെയാണ് ഭാവനിയന്ത്രണത്തിന്റെ മികച്ച മാതൃകയായി ശാരദക്കുട്ടി ചൂണ്ടിക്കാട്ടിയത്. സിനിമ കണ്ടുമടങ്ങുമ്പോൾ സമാനമായ മുഹൂർത്തങ്ങളുള്ള മോഹൻലാലിന്റെ പഴയ ചിത്രങ്ങൾ ഓർമയിലെത്തിയെന്നും, ഏത് കാലത്തെയും നടന്മാർക്ക് 80കളിലെ മോഹൻലാൽ ഒരു പാഠപുസ്തകമാണെന്നും അവർ അഭിപ്രായപ്പെട്ടു. നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ട് ‘മിസ്റ്റർ ബാച്ച്‌ലർ’ ചിത്രത്തിലെ ഇന്ദ്രജിത്ത്–അനശ്വര രാജൻ കൂട്ടുകെട്ടിനെ ഓർമിപ്പിച്ചെന്നും അവർ പറഞ്ഞു. ചിത്രത്തിലെ പാട്ടുകൾ, നായികയുടെ മിതമായ മേക്കപ്പ്, നായികയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച നടിയുടെ പ്രകടനം എന്നിവയും ശാരദക്കുട്ടി പ്രശംസിച്ചു.

ചിത്രത്തിലെ ചെറുതായ കഥാപാത്രങ്ങൾ പോലും അധികപ്പറ്റായി തോന്നിയില്ലെന്നും ഒരു മുഖവും മനസ്സിൽ നിന്ന് മായുന്നില്ലെന്നും ശാരദക്കുട്ടി കുറിച്ചു. ഓണക്കാലത്ത് തീയേറ്ററുകളെ ആഘോഷമാക്കാൻ കഴിയുന്ന തരത്തിൽ ‘ഭാരമില്ലാത്ത’ ചിത്രം ഒരുക്കിയ അണിയറപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നുവെന്നും, സിനിമയ്ക്ക് മികച്ച തിരക്കാണെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

റിലീസിങ് ദിവസം തന്നെ ഒരു ചിത്രം കാണണമെന്ന് തോന്നിയാൽ ആ സിനിമ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് അനുഭവം. അതിൻ്റെ നിർമ്മാണം , casting മറ്റു പിന്നണിക്കാർ ഒക്കെ ആരെന്ന് നോക്കിയാൽ ഏറെക്കുറെ ചിത്രത്തിൻ്റെ നിലവാരം പിടികിട്ടും.ആ തോന്നൽ ദീർഘകാലത്തെ സിനിമാ കാഴ്ചയനുഭവം കൊണ്ട് കിട്ടിയ ഒരു പാഠമാണ്.
ഇന്നലെ ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ആദ്യദിവസത്തെ ഷോ തന്നെ കണ്ടു.
നിർമ്മാതാക്കളായി ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നീ പേരുകൾ കണ്ടതാണ് സിനിമ കാണാനുണ്ടായ ആദ്യ പ്രേരണ. ഗിരീഷ് A D യുടെ മുൻ ചിത്രങ്ങളും മികച്ച വിനോദാനുഭവം പകർന്നതാണല്ലോ .
പ്രമേയത്തിൽ പറയത്തക്ക പുതുമകളൊന്നുമില്ലെങ്കിലും ഒരൽപം പോലും വിരസമാകാതെ രസിപ്പിച്ചു ചിത്രം. കണ്ടു മടുക്കാത്ത മുഖങ്ങൾ, ശബ്ദങ്ങൾ അതൊക്കത്തന്നെ ഒരു സുഖമാണ്. വളിപ്പിന് വേണ്ടി കുത്തിക്കയറ്റിയ തമാശകളില്ല. എന്നാൽ വളരെ സ്വാഭാവികമായ, സന്ദർഭത്തിനിണങ്ങിയ നല്ല നല്ല നർമ്മ മുഹൂർത്തങ്ങൾ ! പൊട്ടിച്ചിരിപ്പിക്കുകയല്ല, കഥാപാത്രങ്ങളെ നോക്കിയിരിക്കുമ്പോൾ നമ്മുടെ മുഖത്ത് അറിയാതെ ചിരി പടരുകയാണ്.
സുരേഷ് കൃഷ്ണയുടെ സംഭാഷണങ്ങളിലല്ല നർമ്മം , അയാളിൽ നിന്നത് വരുമ്പോഴുള്ള അപ്രതീക്ഷിതമായ ഒരു കൗതുകമുണ്ട്. ആ മുഖഭാവമുൾപ്പെടെ നമ്മുടെ ചുണ്ടിൽ ഒരു ചിരി പടർത്തും. ടക് ടക്കെന്ന് കൗണ്ടറടിക്കുന്ന വ്യത്യസ്തനായ ഒരു സുരേഷ് കൃഷ്ണയെ കാണാൻ വേണ്ടി മാത്രവും ഈ ചിത്രം കാണാം.
മഞ്ജുവാര്യർ, കാവ്യാ മാധവൻ, നവ്യാനായർ, മീരാ ജാസ്മിൻ എന്നിവരൊക്കെ അവരുടെ കാലത്ത് അവതരിപ്പിച്ച റൊമാൻ്റിക് കൗമാരകാലനായികമാരെല്ലാം വല്ലാത്ത അമിതാഭിനയമായിരുന്നല്ലോ എന്ന് തോന്നിപ്പിക്കുന്ന അളവിൽ natural and normal ആണ് മമിത ബൈജുവിൻ്റെ ആഷ്‌ലി.
മമിത ബൈജു പഴയകാല ഉർവ്വശിയുടെ സ്വാഭാവികതയും natural Smartness ഉം കൊണ്ട് വല്ലാതെ നമ്മുടെ സ്‌നേഹം പിടിച്ചു പറ്റുന്നുണ്ട്. സായൂജ്യ ആയി വന്ന നടിയും കൊള്ളാം.
നിവിൻ പോളി തനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങളെ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. വൈകാരിക മുഹൂർത്തങ്ങളിൽ നിവിൻ പോളി പുലർത്തിയ അച്ചടക്കം എടുത്തു പറയേണ്ടതുണ്ട്. കഥാമുഹൂർത്തമാവശ്യപ്പെടുന്ന അളവിൽ മാത്രമുള്ള ഭാവനിയന്ത്രണം. പലയിടത്തും കരയാതെ കരയുന്നുണ്ട് നിവിൻ . 80 കളിലെ മോഹൻലാലാണ് മലയള സിനിമയിൽ ഭാവനിയന്ത്രണത്തിനേറ്റവും മികച്ച മാതൃക.
എന്തുകൊണ്ടോ സിനിമ കണ്ട് മടങ്ങുന്ന വഴി ഞാൻ മോഹൻലാലിൻ്റെ സമാന മുഹൂർത്തങ്ങളുള്ള പല പഴയ കാല ചിത്രങ്ങളും ഓർമ്മിച്ചു. ഏതു കാലത്തെ നടന്മാർക്കും 80 കളിലെ മോഹൻലാൽ ഒരു പാഠപുസ്തകം തന്നെയാണ്.
പലയിടത്തും നിവിൻ – മമിത ടീം, മിസ്റ്റർ ബാച്ച് ലറിലെ ഇന്ദ്രജിത്ത് – അനശ്വര രാജൻ ടീമിനെ ഓർമ്മിപ്പിച്ചു.
നല്ല പാട്ടുകളുണ്ട്. നായികയുടെ മിതമായ മേക്കപ്പ് സുഖമുണ്ട് കണ്ടിരിക്കാൻ. നായികയുടെ അമ്മയായ നടി കൊള്ളാം.
ചെറുതെങ്കിലും ഒരു കഥാപാത്രം പോലും അധികപ്പറ്റായി തോന്നിയില്ല. ഒരു മുഖവും മനസ്സിൽ നിന്ന് മായുന്നുമില്ല.
ഓണക്കാലത്ത് തീയേറ്ററുകൾ ആഘോഷമാക്കാൻ ഇത്തരം ഒരു ഭാരമില്ലാത്ത ചിത്രമൊരുക്കിയ അണിയറപ്രവർത്തകർ സ്‌നേഹവും അഭിനന്ദനവും അർഹിക്കുന്നു. നല്ല തിരക്കാണ് സിനിമയ്ക്ക്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →