‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, സമൂഹത്തിൽ നമ്മൾ ഒരു ‘മിസ് ഫിറ്റ്’ ആയി അനുഭവപ്പെടാറുണ്ട്’; നീരജ് മാധവ്
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടൻ നീരജ് മാധവ്. തനിക്ക് എഡിഎച്ച്ഡി (അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) കണ്ടെത്തിയിട്ടുണ്ടെന്നും ഒസിഡിയുടെ ചില സവിശേഷതകളുണ്ടെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. ഓൺലൈൻ ടെസ്റ്റിലൂടെയാണ് എഡിഎച്ച്ഡി തിരിച്ചറിഞ്ഞതെന്നും നേരിട്ട് ഡോക്ടറെ കണ്ട് ഇത് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും നീരജ് പറഞ്ഞു.
അമിതമായി ചിന്തിക്കുക, കാര്യങ്ങൾ പൂർണതയിലെത്തിക്കാൻ ശ്രമിക്കുക, പരിധിയിലധികം കാര്യങ്ങൾ ചെയ്തുതീർക്കാൻ ശ്രമിക്കുക തുടങ്ങിയവയും ഒസിഡിയുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ ഭാഗമാണെന്ന് നീരജ് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ സമൂഹത്തിൽ പലപ്പോഴും ‘മിസ് ഫിറ്റ്’ ആയി തോന്നാറുണ്ടെന്നും ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കുന്നതിലാണ് തന്റെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. നീരജിന്റെ ഭാര്യ ദീപ്തി ജനാർദ്ദനനും അഭിമുഖത്തിൽ പങ്കെടുത്തു.
നീരജ് ഒരു ‘ട്രൂ ആർട്ടിസ്റ്റ്’ ആണെന്നും സങ്കീർണമായ മനസ്സും അതിരറ്റ കഴിവുകളുമുള്ള വ്യക്തിയാണെന്നും ദീപ്തി പറഞ്ഞു. അദ്ദേഹത്തിന്റെ ചിന്തകൾ എല്ലാവർക്കും മനസ്സിലാകണമെന്നില്ലെങ്കിലും തനിക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് പ്രാധാന്യമേറുന്ന സാഹചര്യത്തിൽ നീരജിന്റെ തുറന്നുപറച്ചിലിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ