Tuesday, 22 September 2026
‘Honest storytelling is a powerful means of change
09:56:47 AM IST
Celebrity Talk

‘ഇനി മരിക്കാൻ ഭയമാണ്, ഈ പ്രായവ്യത്യാസം ഒരുഘട്ടത്തിൽ തന്റെ തന്നെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നു’; അനുരാഗ് കശ്യപ്

SHARE

ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയബന്ധങ്ങളിലൊന്നാണ് സംവിധായകൻ അനുരാഗ് കശ്യപും പങ്കാളി ശുഭ്ര ഷെട്ടിയും തമ്മിലുള്ളത്. 23 വയസിന്റെ പ്രായവ്യത്യാസത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടും ഏകദേശം ഒരു പതിറ്റാണ്ടായി ഇരുവരും ഒന്നിച്ചാണ്. അടുത്തിടെ ജാനിസ് സെക്വേരയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ബന്ധത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ഇരുവരും മനസുതുറന്നു.

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും തമ്മിലുള്ള പ്രായവ്യത്യാസം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഈ പ്രായവ്യത്യാസം ഒരുഘട്ടത്തിൽ തന്റെ തന്നെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നുവെന്നാണ് അനുരാഗ് വെളിപ്പെടുത്തിയത്. ശുഭയ്ക്ക് പ്രായം മാറാത്തതുപോലെ തോന്നുകയും താൻ പ്രായമാകുകയും ചെയ്യുന്നത് ഒരു ഘട്ടത്തിൽ തന്നിൽ അപകർഷതാബോധം സൃഷ്ടിച്ചെന്നും അതിനാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ പോലും ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ശുഭയുടെ അനുഭവം മറ്റൊന്നായിരുന്നു. തന്റെ ഇരുപതുകളുടെ തുടക്കത്തിൽ സ്വന്തം വ്യക്തിത്വം കണ്ടെത്താനും സ്വതന്ത്രമായി ജീവിക്കാനും അനുരാഗ് നൽകിയ ഇടമാണ് ഈ ബന്ധത്തിന്റെ പ്രധാന പ്രത്യേകതയെന്ന് ശുഭ പറയുന്നു. ജീവിതത്തിന്റെ പല ഘട്ടങ്ങളും പിന്നിട്ട അനുരാഗിന് പ്രണയത്തെക്കുറിച്ച് കൂടുതൽ വ്യക്തതയുണ്ടായിരുന്നുവെന്നും, എന്നാൽ തനിക്ക് സ്വന്തം വഴി കണ്ടെത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹം നൽകിയെന്നും ശുഭ വ്യക്തമാക്കി.

ഇരുവരുടെയും പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു വൈകാരിക അനുഭവവും അഭിമുഖത്തിൽ പങ്കുവച്ചു. പ്രണയത്തിന്റെ ആദ്യകാലത്ത്, ‘സത്യസന്ധമായി പ്രണയിക്കുക എന്നത് എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു’ എന്ന് ശുഭ പറഞ്ഞപ്പോൾ അനുരാഗ് വികാരാധീനനായതായാണ് ശുഭ ഓർത്തെടുത്തത്. അനുരാഗിന്റെ പ്രതികരണവും ഏറെ ശ്രദ്ധേയമാണ്. ജീവിതത്തോട് വലിയ താൽപര്യമില്ലാതിരുന്ന തനിക്ക് ആദ്യമായി ജീവിക്കാൻ തക്ക മൂല്യമുള്ള ഒന്നിലേക്ക് എത്തിയെന്ന തോന്നലുണ്ടായെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ മരിക്കാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ഈ അനുഭവം ഓർത്തെടുക്കുമ്പോഴും അനുരാഗ് വികാരാധീനനായി.

അനുരാഗിന്റെ നിർമാണ കമ്പനിയായ ഫാന്റം ഫിലിംസിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന കാലത്താണ് ഇരുവരും അടുത്തത്. തുടക്കത്തിൽ പ്രായവ്യത്യാസത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടെങ്കിലും ബന്ധം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. അതേസമയം, മൂന്നാമതൊരു വിവാഹത്തിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിനും അനുരാഗ് വ്യക്തമായ മറുപടി നൽകി. ശുഭയ്ക്ക് വിവാഹം എന്ന സങ്കൽപത്തിൽ വിശ്വാസമില്ലെന്നും, അവളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. അതിന് വിവാഹച്ചടങ്ങിന്റെ ആവശ്യമില്ലെന്നും അനുരാഗ് വ്യക്തമാക്കി.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →