‘കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നു’; പി. ശശിക്കെതിരെ മൊഴിയുമായി ചെന്നൈ വ്യവസായി ഷെർഷാദ്
സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്ന പി. ശശിക്കെതിരെ മൊഴി നൽകി ചെന്നൈ വ്യവസായി ഷെർഷാദ്. തന്നെ കേസിൽ കുടുക്കാൻ പി. ശശി ഗൂഢാലോചന നടത്തിയെന്നാണ് ഷെർഷാദ് പൊലീസിന് നൽകിയ മൊഴിയിലെ ആരോപണം. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തി ഷെർഷാദ് മൊഴി നൽകിയത്.
തന്റെ കമ്പനിയിൽ ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു ഷെർഷാദിനെതിരായ കേസ്. പെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഷെർഷാദ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് ഷെർഷാദിന്റെ പേര് നേരത്തെ വാർത്തകളിൽ ഇടംപിടിച്ചത്.
യുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഐഎമ്മിലെ ചില ഉന്നത നേതാക്കളും തമ്മിൽ അനധികൃത ഇടപാടുകൾ നടത്തിയെന്നാരോപിച്ച് ഷെർഷാദ് പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചിരുന്നു. തനിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന ആരോപണവും അദ്ദേഹം നേരത്തെ ഉന്നയിച്ചിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറിലുള്ള അവിശ്വാസം ചൂണ്ടിക്കാട്ടി ഷെർഷാദ് ഡിജിപിക്കും കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയിൽ തന്നെ കള്ളക്കേസിൽ കുടുക്കി ബുദ്ധിമുട്ടിച്ചെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്നും ആരോപിച്ചിട്ടുണ്ട്.
പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് എങ്ങനെ ചോർന്നുവെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെയാണെന്നും അന്വേഷിക്കണമെന്നും ഷെർഷാദ് ആവശ്യപ്പെട്ടു. വിഷയത്തിൽ നേരത്തെ പ്രാഥമിക അന്വേഷണം നടന്നിരുന്നു. എന്നാൽ കൊച്ചി പൊലീസ് കമ്മിഷണർ അന്വേഷിച്ചാൽ വിശ്വാസമില്ലെന്നും, പി. ശശിയുടെ കാലത്താണ് നിലവിലെ ഉദ്യോഗസ്ഥനെ നിയമിച്ചതെന്നുമാണ് ഷെർഷാദിന്റെ ആരോപണം.
മാസപ്പടി കേസിൽ സർക്കാർ നിർണായക തീരുമാനത്തിലേക്ക്; ഇഡി കത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കും
പ്രളയബാധിതർക്കുള്ള ധനസഹായം വൈകുന്നു; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ, പ്രഖ്യാപിച്ച സഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യം