Tuesday, 22 September 2026
‘Honest storytelling is a powerful means of change
02:36:49 PM IST
Kerala

‘സ്വന്തം പിതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാവരുടേയും മുമ്പിലുണ്ടല്ലോ, എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍’; ജി സുകുമാരന്‍ നായര്‍

ന്യൂസ് ഡെസ്ക് 12 August 2026, 2:34 pm
SHARE

മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജനാധിപത്യം ഇല്ലെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് കേസ് കൊടുക്കാമല്ലോ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സ്ഥാനമാനങ്ങള്‍ നഷ്ടമായപ്പോഴല്ലേ ഗണേഷ് കുമാർ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ജി സുകുമാരന്‍ നായര്‍ ചോദിച്ചു.

എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ കേസുമായി ചിലര്‍ നടക്കുന്നുണ്ടെന്നും അവരുടെ വാലായാണ് ഗണേഷ് കുമാര്‍ സംസാരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അനധികൃതമായി ഒരാള്‍ക്കും നിയമനം നല്‍കിയിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാട് എന്‍എസ്എസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പത്മ കഫേയില്‍ ജനങ്ങള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അത് തന്നെയാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും എന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.

സാധിക്കുമെങ്കില്‍ കേരളത്തിലുടനീളം കൂടുതല്‍ പത്മ കഫേകള്‍ തുറക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആരെങ്കിലും വന്നാല്‍ മുഖത്ത് നോക്കാതെ കുനിഞ്ഞിരിക്കുന്നതാണ് സുകുമാരന്‍ നായരുടെ പതിവെന്ന ഗണേഷ് കുമാറിന്റെ പരിഹാസത്തിനും സുകുമാരന്‍ നായര്‍ മറുപടി പറഞ്ഞു. ‘സ്ഥാനമാനങ്ങള്‍ നഷ്ടമായപ്പോഴല്ലേ ഇയാള്‍ ഇതെല്ലാം പറയുന്നത്. മുമ്പ് തോന്നിയില്ലല്ലോ. ഈ വ്യക്തി സ്വന്തം പിതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാവരുടേയും മുമ്പിലുണ്ടല്ലോ. ഈ ആള്‍ക്ക് ഞാനായിട്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. ആ ആള്‍ എനിക്കൊരു ഗുണവും ചെയ്തിട്ടില്ല’. സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

s
ന്യൂസ് ഡെസ്ക്
View all posts →