ശൈത്യകാലത്തെ സന്ധി വേദനയും പേശീവലിവും തടയാൻ ഈ ഏഴ് കാര്യങ്ങൾ ചെയ്യാം

ക്രിസ്മസും പുതുവർഷവും അടുത്തുവരികയാണ്. പുതിയ വർഷത്തിൽ ജീവിതത്തിൽ ഓരോരോ നല്ല തീരുമാനങ്ങൾ എടുത്ത് പ്രാവർത്തികമാക്കാൻ കാത്തിരിക്കുകയാണ് ആളുകൾ. സന്തോഷിക്കാനും ആഘോഷിക്കാനും ധാരാളം കാര്യങ്ങൾ ഉണ്ടെങ്കിലും സന്ധിവാതം കൈകാര്യം ചെയ്യുന്നവർക്ക് ഈ സീസൺ അത്ര സന്തോഷകരമായിരിക്കില്ല. കാരണമുണ്ട് !

ശൈത്യകാലത്ത് താപനില കുറയുന്നത് രക്തക്കുഴലുകളുടെ സങ്കോചത്തിനും അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിനും സന്ധികൾക്ക് ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളിൽ കാഠിന്യത്തിനും കാരണമാകും. തണുത്ത കാലാവസ്ഥ പേശികളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കും.

ഇത് ഒരു വ്യക്തിക്ക് മടിയും മന്ദതയും അനുഭവപ്പെടാൻ കാരണമാകുന്നു. തൽഫലമായി ആർത്രൈറ്റിക് സന്ധികളിൽ കൂടുതൽ വേദന അനുഭവപ്പെടാം. കൂടാതെ ശൈത്യകാലത്ത് പേശികൾ ഇടയ്ക്കിടെ ഞെരുങ്ങുകയും ചെയ്യും. ഇതിന് പരിഹാരമായി കൊച്ചി അമൃത ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗത്തിലെ കൺസൾട്ടന്റായ ഡോ. താടി മോഹൻ പറയുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ദിവസവുമുള്ള വ്യായാമം

മൊബൈലിൽ ഒരു വാക്കിംഗ് ആപ്പ് (സ്റ്റെപ്പ് കൗണ്ടർ അല്ലെങ്കിൽ പെഡോമീറ്റർ) ഡൗൺലോഡ് ചെയ്ത് ഒരു ദിവസം 5,000 ചുവടുകളെങ്കിലും നടക്കാൻ ശ്രദ്ധിക്കുക. തുടർന്ന് 10,000 ചുവടുകളെങ്കിലും നടക്കാൻ ലക്ഷ്യമിടുക. സ്ഥിരമായി ചെയ്യുന്ന ഏതൊരു ശാരീരിക പ്രവർത്തനവും ശരീരത്തിന് നല്ലതാണ്. ഇത് നമ്മുടെ സന്ധികളുടെ സ്വാഭാവിക ലൂബ്രിക്കേഷനായ സിനോവിയൽ ദ്രാവകത്തിന്റെ ഉൽപാദനത്തെ സഹായിക്കുന്നു.

എല്ലാ ദിവസവും (അല്ലെങ്കിൽ ആഴ്ചയിൽ 4-6 തവണ) 30 മിനിറ്റ് നടക്കുകയോ ജോഗിംഗ് ചെയ്യുകയോ ചെയ്യുന്നത് ഫിറ്റ്നസ് നിലനിർത്താനുള്ള ഒരു മികച്ച മാർഗമാണ്. നടത്തത്തിനോ ജോഗിംഗിനോ അനുയോജ്യമായ വേഗത ഒരാൾക്ക് സംഭാഷണം നടത്താൻ കഴിയുന്ന വേഗതയായിലായിരിക്കണം. പുറത്തേക്ക് പോകാൻ കാലാവസ്ഥ അനുകൂലമല്ലെങ്കിൽ സ്റ്റെപ്പുകൾ കയറിയിറങ്ങാൻ ശ്രമിക്കുക.

വെള്ളം കുടിക്കുക

ശൈത്യകാലത്ത് 2-3 ലിറ്റർ വെള്ളം കുടിക്കുന്നത് സാധാരണ ദിവസങ്ങളിൽ വെള്ളം കുടിക്കുന്നത് പോലെ തന്നെ പ്രധാനമാണ്. മൂത്രം ഇരുണ്ടതും ഇളം മഞ്ഞ നിറത്തിലുമാണെങ്കിൽ വേണ്ടത്ര വെള്ളം കുടിക്കുന്നില്ല എന്ന് മനസിലാക്കേണ്ടതാണ്. അതിനാൽ കൂടുതൽ വെള്ളം കുടിക്കേണ്ടതാണ്. രാത്രിയിൽ വായ വരണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുക. നല്ല ജലാംശവും ചൂടും പേശിവലിവ് തടയാൻ സഹായിക്കുന്നു.

നല്ല ഭക്ഷണക്രമം

ധാരാളം പച്ചക്കറികൾ ഉൾപ്പെടുന്ന സമീകൃതാഹാരം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ അമിതമായ എണ്ണമയമുള്ളതും ഉപ്പിട്ടതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിക്ക് നല്ലതാണ്.

സ്ട്രെച്ചിംഗ് വ്യായാമങ്ങൾ

പതിവായി സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നത് അല്ലെങ്കിൽ ദിവസത്തിൽ മൂന്ന് തവണയെങ്കിലും ഇവ ചെയ്യുന്നത് സന്ധികളുടെ വഴക്കം നിലനിർത്തുന്നതിനും അസ്വസ്ഥത കുറയ്ക്കുന്നതിനും സഹായിക്കുന്നു. സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചലനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനും പേശികളിലേക്കും സന്ധികളിലേക്കും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും മൊത്തത്തിലുള്ള ക്ഷേമത്തിനും കാരണമാകും.

ചൂട് നിലനിർത്തുക

തണുപ്പ് കാലത്തെ രാത്രികളിൽ സോക്‌സ് ധരിക്കുന്നത് നിങ്ങളുടെ പാദങ്ങൾ സുഖകരമായി ഇരിക്കുന്നതിനും ശരീരത്തിന് ചൂട് നിലനിർത്തുന്നതിനും സഹായിക്കും. കൂടാതെ, വീടിനുള്ളിൽ സ്ലിപ്പറുകൾ ധരിക്കുന്നത് പാദങ്ങൾക്ക് ചൂട് നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല ഇവ ധരിക്കുമ്പോൾ തണുത്ത നിലകളിൽ നടക്കുമ്പോൾ കൂടുതൽ ആശ്വാസം നൽകുകയും ചെയ്യും.

ചൂട് വെള്ളത്തിലുള്ള കുളി

ഉറക്കസമയത്തെ കുളിയുടെ ഗുണങ്ങൾ പലവിധമാണ്. ചൂട് വെള്ളത്തിലുള്ള കുളി രക്തക്കുഴലുകളുടെ വികാസത്തിന് കാരണമാകുകയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ച് കൈകളിലും കാലുകളിലും രക്ത വിതരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ക്ഷീണവും സമ്മർദവും ഇതുവഴി കുറയ്ക്കാനാകും. ഇത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. രാത്രികാലത്തുണ്ടാകുന്ന വേദനയ്ക്കും ഇത് വളരെയധികം നല്ലതാണ്.

ഉറക്കം

രാത്രിയിൽ ശരാശരി 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്നത് ശരീരത്തിന് വളരെയധികം നല്ലതാണ്. ഉറക്കത്തിന് സ്ഥിരമായി ഒരു സമയം തിരഞ്ഞെടുക്കുക, സുഖപ്രദമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുക, ഉറക്കസമയം മുമ്പ് റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കുക എന്നിവ നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കും.